മനുഷ്യന്‍ ഇതുവരെ തിരിച്ചറിഞ്ഞ ഏറ്റവും പഴക്കംചെന്ന ധൂമകേതുവായിരിക്കും 3I/അറ്റ്‌ലസ് എന്ന് ഗവേഷകര്‍

ഓക്‌സ്‌ഫോര്‍ഡ്: സൗരയൂഥത്തിലേക്ക് അതിഥിയായി പാഞ്ഞടുക്കുന്ന ഇന്‍റര്‍സ്റ്റെല്ലാര്‍ ധൂമകേതു 3I/ATLAS നാം ഇതുവരെ തിരിച്ചറിഞ്ഞ ഏറ്റവും പഴക്കമേറിയ വാല്‍നക്ഷത്രമാകാന്‍ സാധ്യത. ഇന്‍റര്‍സ്റ്റെല്ലാറില്‍ നിന്ന് അതിര്‍ത്തി കടന്ന് സൗരയൂഥത്തിലെത്തുന്നതായി കണ്ടെത്തിയ മൂന്നാമത്തെ മാത്രം ബഹിരാകാശ വസ്‌തുവെന്ന നിലയില്‍ 3I/അറ്റ്‌ലസ് വാല്‍നക്ഷത്രം ഇതിനകം തന്നെ ശാസ്ത്രകുതുകികളുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. ഏഴ് ബില്യണോളം വര്‍ഷത്തെ പഴക്കമാണ് 3I/അറ്റ്‌ലസ് ധൂമകേതുവിന് ഗവേഷകര്‍ കണക്കാക്കുന്നത്.

3I/ATLAS വാല്‍നക്ഷത്രം ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ ആശ്ചര്യം കരുതിവച്ചാണ് സൗരയൂഥത്തിലേക്ക് പാഞ്ഞടുക്കുന്നത്. തണുത്തുറഞ്ഞ ജലത്താല്‍ സമ്പന്നമായിരിക്കാം ഈ ധൂമകേതു എന്നതാണ് ഒരു അനുമാനം. 4.5 ബില്യണ്‍ വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന നമ്മുടെ സൗരയൂഥത്തേക്കാള്‍ ഏതാണ്ട് 3 ബില്യണ്‍ വര്‍ഷങ്ങളുടെ പഴക്കം 3I/അറ്റ്‌ലസ് വാല്‍നക്ഷത്രത്തിന് പ്രതീക്ഷിക്കുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നത് ആശ്ചര്യം വര്‍ധിപ്പിക്കുന്നു. ശാസ്ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞ ഏറ്റവും പഴക്കംചെന്ന വാല്‍നക്ഷത്രമായേക്കും 3I/അറ്റ്‌ലസ്. ജ്യോതിശാസ്ത്രജ്ഞര്‍ വിടാതെ പിന്തുടരുന്ന 3I/അറ്റ്‌ലസ് വാല്‍നക്ഷത്രത്തിന് 7 ബില്യണ്‍ വര്‍ഷമാണ് പ്രായമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ മാത്യു ഹോപ്‌കിന്‍സ് ഉള്‍പ്പെട്ട സംഘം പറയുന്നു.

'ഹാലിയുടെ വാൽനക്ഷത്രം പോലുള്ള എല്ലാ നോൺ-ഇന്‍റർസ്റ്റെല്ലാർ കോമറ്റുകളും സൗരയൂഥത്തിന്‍റെ അതേ കാലത്താണ് രൂപപ്പെട്ടത്, അതിനാൽ അവയ്ക്ക് 4.5 ബില്യൺ വർഷം വരെയാണ് പഴക്കം. എന്നാൽ ഇന്‍റര്‍സ്റ്റെല്ലാർ വാല്‍നക്ഷത്രങ്ങള്‍ക്ക് അതിനേക്കാള്‍ വളരെയേറെ പഴക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് കണക്കാക്കിയാല്‍ 3I/ATLAS നാമിതുവരെ തിരിച്ചറിഞ്ഞ ഏറ്റവും പഴക്കം ചെന്ന വാൽനക്ഷത്രമായേക്കും'- എന്നും മാത്യു ഹോപ്‌കിന്‍സ് പറഞ്ഞു.

2025 ജൂണ്‍ 1-ന് അറ്റ്‌ലസ് ടെലിസ്‌കോപ്പ് (Asteroid Terrestrial-impact Last Alert System) സംവിധാനമാണ് ഈ ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. അതോടെ ഇതിന് 3I/അറ്റ്‌ലസ് എന്ന് പേരിടുകയും ചെയ്തു. ഇന്‍റര്‍സ്റ്റെല്ലാറില്‍ നിന്ന് സൗരയൂഥത്തില്‍ പ്രവേശിക്കുന്നതായി തിരിച്ചറിഞ്ഞ മൂന്നാമത്തെ മാത്രം ബഹിരാകാശ വസ്‌തു എന്ന നിലയിലാണ് ഈ വാല്‍നക്ഷത്രത്തിന് 3I/ATLAS എന്ന് പേര് നല്‍കിയത്. 3 എന്നാല്‍ മൂന്നാമത്തേത്, I എന്നാല്‍ ഇന്‍റര്‍സ്റ്റെല്ലാര്‍, അറ്റ്‌ലസ് എന്നാല്‍ കണ്ടെത്തിയ ടെലിസ്‌കോപ്പ് എന്നുമാണ് അര്‍ഥം. 1I/'Oumuamua (2017), 2I/Borisov (2019) എന്നിവയാണ് മുമ്പ് തിരിച്ചറിഞ്ഞ ഇന്‍റര്‍സ്റ്റെല്ലാര്‍ അതിഥികള്‍.

സൗരയൂഥത്തിലൂടെ സഞ്ചരിക്കുമെങ്കിലും ഈ അതിഥി വാല്‍നക്ഷത്രം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്നാണ് നാസയുടെ അനുമാനം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 240 ദശലക്ഷം കിലോമീറ്റര്‍ അകലം ഈ വാല്‍നക്ഷത്രത്തിനുണ്ടാകും എന്ന് കണക്കാക്കുന്നു. ഒക്‌ടോബര്‍ 30-ഓടെ ഈ വാല്‍നക്ഷത്രം സൂര്യന്‍റെ ഏറ്റവും അടുത്തെത്തും. സൂര്യനില്‍ നിന്ന് ഏതാണ്ട് 210 ദശലക്ഷം കിലോമീറ്റര്‍ അടുത്തായി, ചൊവ്വയുടെ ഭ്രമണപഥത്തിലായിരിക്കും 3I/ATLAS വാല്‍നക്ഷത്രം പ്രവേശിക്കുക. ഇന്‍റര്‍സ്റ്റെല്ലാറില്‍ നിന്ന് കുതിച്ചെത്തുന്ന വാല്‍നക്ഷത്രത്തിന്‍റെ വലിപ്പവും ഘടനയും യാത്രാപാതയും ജ്യോതിശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുവരികയാണ്. സെപ്റ്റംബര്‍ മാസം വരെ ദൂരദര്‍ശനികളില്‍ 3I/ATLAS വാല്‍നക്ഷത്രത്തെ കാണാനാകും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News