Asianet News MalayalamAsianet News Malayalam

ഇറാന്‍റെ രഹസ്യ ആയുധങ്ങളുടെ ഭൂഗര്‍ഭ നിലവറ; അമേരിക്കയ്ക്ക് വെല്ലുവിളി

ഇതിനൊപ്പം ഒരു യുദ്ധ സാഹചര്യം വന്നാല്‍ ഇറാന്‍റെ കയ്യില്‍ എന്ത് ആയുധം ഉണ്ടെന്ന ചര്‍ച്ച അമേരിക്കന്‍ മാധ്യമങ്ങളില്‍ സജീവമാണ്.  അമേരിക്കയുടെ സൈനിക നീക്കങ്ങൾ കൂടുതൽ കൂടുതൽ വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് ഇറാന്‍റെ രഹസ്യ ആയുധങ്ങള്‍ ചര്‍ച്ചയാകുന്നത്.  

Iranian TV Report on Underground Missile Cities: Ballistic Missiles Ready to Launch 24/7
Author
Tehran, First Published Jan 6, 2020, 9:03 AM IST

ടെഹ്റാൻ: കാസ്സിം സൊലൈമാനിയുടെ കൊലപാതകം ഗള്‍ഫ് മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം അമേരിക്കയും ഇറാനും തമ്മില്‍ വലിയ വാക്പോരാണ് നടന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ് തന്നെ ഇറാനിലെ അന്‍പതോളം കേന്ദ്രങ്ങള്‍ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു എന്ന് പരസ്യമായി പറഞ്ഞു. അതേ സമയം തിരിച്ചടിയുണ്ടാകും എന്ന് തന്നെയാണ് ഇറാന്‍റെ വാദം.

വളരെ നിര്‍ണ്ണായകമായ തീരുമാനത്തില്‍  2015-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച് ഇറാൻ രംഗത്ത് എത്തിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്നും ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചതായി ഔദ്യോഗിക ടിവി ചാനൽ പ്രഖ്യാപിച്ചു. 

ഇതിനൊപ്പം ഒരു യുദ്ധ സാഹചര്യം വന്നാല്‍ ഇറാന്‍റെ കയ്യില്‍ എന്ത് ആയുധം ഉണ്ടെന്ന ചര്‍ച്ച അമേരിക്കന്‍ മാധ്യമങ്ങളില്‍ സജീവമാണ്.  അമേരിക്കയുടെ സൈനിക നീക്കങ്ങൾ കൂടുതൽ കൂടുതൽ വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് ഇറാന്‍റെ രഹസ്യ ആയുധങ്ങള്‍ ചര്‍ച്ചയാകുന്നത്.  കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാന്‍ പുറത്തുവിട്ട ഇറാൻ രഹസ്യ ആയുധ ശേഖര കേന്ദ്രത്തിന്റെ വീഡിയോ വീണ്ടും ചര്‍ച്ചയാകുകയാണ്. യുട്യൂബിലൂടെയാണ് ആറുമാസം മുന്‍പ് ഇറാന്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇറാൻ മിലിറ്ററി ട്യൂബ് എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഖിയാം 1 എന്ന ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണമാണ് ഈ വീഡിയോയിലുള്ളത്. എന്നാൽ ഭൂഗർഭ അറയിൽ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങളും കാണാം. പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക വിന്യാസത്തിനുള്ള ഇറാന്റെ താക്കീതായാണ് ഈ വിഡിയോയെ ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. അമേരിക്കയുടെ പോർവിമാനങ്ങളും വിമാനവാഹനി കപ്പലുകളും ഇറാനു സമീപം വിന്യസിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഇറാൻ തങ്ങളുടെ സൈനിക ശേഷിയെ കുറിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകാനാണ് ശ്രമിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെയ്‌നിയുടെയും പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെയും ചിത്രങ്ങൾ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന ഈ ബങ്കറിന്റെ പുറത്ത് പതിച്ചിട്ടുണ്ട്. 

അതേസമയം, അമേരിക്കയ്ക്ക് എതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇറാന്‍റെ അയൽരാജ്യമായ ഇറാഖിന്‍റെ തീരുമാനം. രാജ്യത്ത് നിന്ന് അമേരിക്കൻ സഖ്യസേനയെ പുറത്താക്കാനുള്ള പ്രമേയം ഇറാഖി പാർലമെന്‍റ് ഏകകണ്ഠേന പാസ്സാക്കി. വീണ്ടും ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റിന് ശക്തിയാർജിക്കാൻ വഴിയൊരുക്കുന്നതാണ് പാർലമെന്‍റിന്‍റെ നീക്കം. 

പലപ്പോഴും, ഈ മേഖലയിലെ അമേരിക്കൻ - ഇറാനിയൻ സംഘർഷം കത്തിമുനയിലായിരുന്നു. പേർഷ്യൻ ഗൾഫിൽ ഓയിൽ ടാങ്കറുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ഡ്രോണിനെ വെടിവച്ച് വീഴ്ത്തി. പലപ്പോഴും അമേരിക്ക ശക്തമായ രീതിയിൽ ഇറാനിൽ കയറി തിരിച്ചടിക്കുമെന്ന പ്രതീതി ഉണ്ടായി. ജൂണിൽ അവസാന നിമിഷമാണ്, ഇറാനിലേക്കുള്ള വ്യോമാക്രമണം ട്രംപ് വേണ്ടെന്ന് വച്ചത്.

അവസാനദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, പ്രത്യേകിച്ച് ഇറാഖിൽ ഒരു അമേരിക്കൻ കോൺട്രാക്റ്ററുടെ മരണത്തിന് ഇടയാക്കിയ റോക്കറ്റ് ആക്രമണം, ഇറാന്‍റെ പിന്തുണയോടെ ഇറാഖി സേന ബാഗ്ദാദിനെ അമേരിക്കൻ എംബസിയിൽ നടത്തിയ ആക്രമണം, ഇപ്പോൾ കാസിം സൊലേമാനിയെ കൊന്ന് അമേരിക്ക നടത്തിയ തിരിച്ചടി - അമേരിക്കയുടെ അവസാനനീക്കം ഒരു യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന സൂചനയാണ് വരുന്നത്.

അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി ഉപയോഗിക്കുമ്പോൾ, ഡെമോക്രാറ്റുകൾ യുദ്ധം വന്നാലുണ്ടാകുന്ന പ്രത്യാഘാതം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുന്നു.

Follow Us:
Download App:
  • android
  • ios