വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ മഞ്ഞുപാളിക്കടിയിലുള്ള സമുദ്രത്തിൽ നിന്ന് ജലം ഉപരിതലത്തിലേക്ക് എത്തുന്നത് പ്രതീക്ഷിച്ചതിലും ദുഷ്കരമാണെന്ന് പുതിയ പഠനം. മഞ്ഞിലെ വിള്ളലുകളിലൂടെ ഉയരുന്ന ജലം തണുത്തുറഞ്ഞ് വഴി അടയ്ക്കാൻ സാധ്യതയുണ്ടെന്നും, ഇത് യൂറോപ്പ ക്ലിപ്പർ പോലുള്ള ദൗത്യങ്ങൾക്ക് വെല്ലുവിളിയാണെന്നും ഗവേഷകർ പറയുന്നു.

സൗരയൂഥത്തിലെ ഏറ്റവും കൗതുകകരമായ ഉപഗ്രഹങ്ങളിൽ ഒന്നാണ് വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പ. ഈ ഉപഗ്രഹത്തിൽ ജീവന്റെ സാധ്യതകൾ തേടുകയാണ് ശാസ്‍ട്രലോകം. എന്നാൽ ഈ ശാസ്ത്രജ്ഞർ ഇപ്പോൾ പുതിയ വെല്ലുവിളി നേരിടുകയാണ്. യൂറോപ്പയുടെ മഞ്ഞുപാളിക്ക് താഴെ വൻ സമുദ്രമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും, അവിടുത്തെ ജലത്തിലേക്ക് നേരിട്ട് എത്തുക കരുതിയതിലും ബുദ്ധിമുട്ടായിരിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നാസയുടെ യൂറോപ്പ ക്ലിപ്പർ പേടകം നിലവിൽ വ്യാഴത്തിലേക്കുള്ള യാത്രയിലാണ്. യൂറോപ്പയിൽ ജീവന് അനുയോജ്യമായ സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

മഞ്ഞുപാളിക്കടിയിൽ ഭൂമിയിലെ സമുദ്രങ്ങളെക്കാൾ ഇരട്ടിയിലധികം ജലം

വോയേജർ, ഗലീലിയോ തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, യൂറോപ്പയുടെ പുറംഭാഗത്തെ കട്ടിയുള്ള മഞ്ഞുപാളിക്ക് താഴെ ആഗോള സമുദ്രമുണ്ട്. ഈ സമുദ്രത്തിൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളിലുമുള്ള ആകെ ജലത്തിന്റെ ഇരട്ടിയിലധികം വെള്ളമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. യൂറോപ്പ ക്ലിപ്പർ പേടകം നടത്തുന്ന 49 അടുത്ത പറക്കലുകളിൽ, ഈ ഭൂഗർഭ സമുദ്രത്തിൽ നിന്നുള്ള ജലവാതക സ്രോതസുകളോ ഉപരിതലത്തിന് സമീപമുള്ള ചൂടുള്ള പ്രദേശങ്ങളോ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ജലം മുകളിലേക്ക് എത്താനുള്ള സാധ്യത ചോദ്യം ചെയ്യുന്നു

എന്നാൽ റട്‌ജേഴ്‌സ് സർവകലാശാലയിലെ ഗ്രഹശാസ്ത്രജ്ഞനായ ലുജേന്ദ്ര ഓജയുടെ നേതൃത്വത്തിലുള്ള പുതിയ പഠനം ഈ പ്രതീക്ഷയ്ക്ക് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. യൂറോപ്പയുടെ കട്ടിയുള്ള മഞ്ഞുപാളി സമുദ്രത്തിൽ നിന്നുള്ള ജലം നേരിട്ട് ഉപരിതലത്തിന് സമീപത്തേക്ക് എത്തുന്നതിന് വലിയ തടസ്സമാകാമെന്നാണ് കമ്പ്യൂട്ടർ മാതൃകകൾ സൂചിപ്പിക്കുന്നത്. മഞ്ഞിലെ വിള്ളലുകളിലൂടെ മുകളിലേക്ക് നീങ്ങുന്ന ജലം വലിയ കലക്കത്തിലൂടെ സഞ്ചരിക്കുകയും വേഗത്തിൽ ചൂട് നഷ്ടപ്പെടുകയും ഒടുവിൽ വിള്ളലുകൾക്കുള്ളിൽ തന്നെ തണുത്തുറയുകയും ചെയ്യുമെന്ന് പഠനം പറയുന്നു. ഈ ഗവേഷണത്തിന്റെ വിശദാംശങ്ങൾ ജൂലൈ 23ന് നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“ജലം മുകളിലെത്തുന്നതിന് മുമ്പ് തണുത്തുറയാം”

“മുകളിൽ മഞ്ഞുപാളിയുണ്ട്, അതിന് താഴെ വെള്ളമുണ്ട്. ആ വെള്ളം ആഴത്തിൽ നിന്ന് മുകളിലേക്ക് എങ്ങനെ എത്തുമെന്നതാണ് പ്രധാന ചോദ്യം. യാത്രാമധ്യേ അത് തണുത്തുറയാതെ എത്തുമെന്ന ധാരണയാണ് ഞങ്ങൾ പരിശോധിച്ചത്,” എന്ന് ലുജേന്ദ്ര ഓജ പറഞ്ഞു. ഗവേഷകർ കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് സമുദ്രജലം മഞ്ഞുപാളിയിലെ വിള്ളലുകളിലൂടെ മുകളിലേക്ക് ഉയരുന്ന പ്രക്രിയ പരിശോധിച്ചു. മുൻ പഠനങ്ങൾ ജലം ഈ വഴികളിലൂടെ സുഗമമായി ഒഴുകുമെന്ന് കരുതിയിരുന്നെങ്കിലും, യഥാർഥ ഭൗതിക സാഹചര്യങ്ങളിൽ യാത്ര കൂടുതൽ സങ്കീർണമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ചെറിയ മഞ്ഞുകണങ്ങൾ വിള്ളലുകൾ അടയ്ക്കും

മുകളിലേക്ക് നീങ്ങുന്ന ജലം മഞ്ഞുപാളിയുടെ തണുത്ത ചുവരുകളുമായി സമ്പർക്കത്തിലാകുമ്പോൾ ശക്തമായി ചുഴലുകയും വേഗത്തിൽ തണുക്കുകയും ചെയ്യും. ഈ പ്രക്രിയയിൽ ജലം സാധാരണ താപനിലയേക്കാൾ താഴെയായിട്ടും ദ്രാവകരൂപത്തിൽ തുടരുന്ന സൂപ്പർകൂളിങ് അവസ്ഥയിലേക്ക് എത്താം. തുടർന്ന് ചെറിയ മഞ്ഞുകണങ്ങളായ ഫ്രാസിൽ ഐസ് രൂപപ്പെടുകയും ജലം കടന്നുപോകുന്ന വഴികൾ അടയ്ക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു. വലിയ വിള്ളലുകൾക്ക് കൂടുതൽ ജലം വഹിക്കാൻ കഴിയുമെങ്കിലും, അവ പൂർണമായി തണുത്തുറയാതിരിക്കാൻ യാഥാർഥ്യത്തിന് അനുയോജ്യമല്ലാത്തത്ര നീളമോ വലിയ എണ്ണമോ ആവശ്യമായി വരുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന് പുതിയ സൂചനകൾ

ഈ കണ്ടെത്തലുകൾ 2030 ഏപ്രിലിൽ വ്യാഴത്തിലെത്താൻ ലക്ഷ്യമിടുന്ന നാസയുടെ യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന്റെയും, 2031 ജൂലൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജ്യൂസ് ദൗത്യത്തിന്റെയും വിവരങ്ങൾ വിലയിരുത്തുന്നതിൽ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. യൂറോപ്പ, ഗനിമീഡ്, കാലിസ്റ്റോ എന്നീ ജലസമ്പന്നമായ ഉപഗ്രഹങ്ങളെ പഠിക്കുകയാണ് ജ്യൂസ് ദൗത്യത്തിന്റെ ലക്ഷ്യം.

ഉപരിതലത്തിലെ ജലസാന്നിധ്യം മറ്റൊരു കാരണത്താൽ ഉണ്ടാകാം

ഭാവിയിലെ പേടകങ്ങൾ യൂറോപ്പയുടെ ഉപരിതലത്തിന് സമീപം ദ്രാവക ജലസാന്നിധ്യമോ സമാനമായ ഘടനകളോ കണ്ടെത്തിയാൽ, അത് ആഴത്തിലുള്ള സമുദ്രത്തിൽ നിന്ന് നേരിട്ട് എത്തിയതല്ലെന്നും മഞ്ഞുപാളിക്കുള്ളിലെ പ്രാദേശിക ഉരുകലിന്റെ ഫലമായിരിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. “ഭാവി ദൗത്യങ്ങൾ കണ്ടെത്തുന്ന വിവരങ്ങൾ ശരിയായി വ്യാഖ്യാനിക്കാനും ജീവൻ നിലനിൽക്കാനുള്ള സാധ്യതകൾ എവിടെ അന്വേഷിക്കണമെന്ന് മനസിലാക്കാനും ഈ പഠനം സഹായിക്കും,” ഓജ പറഞ്ഞു.