Asianet News MalayalamAsianet News Malayalam

എസ്എസ്എൽവി വിക്ഷേപണം പ്രതീക്ഷിച്ച വിജയമായില്ല; ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ല

ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല വെലോസിറ്റി ട്രിമിംഗ് മൊഡ്യൂൾ എന്ന അവസാന ഭാഗത്തിനാണ്. ഇത് പ്രവർത്തിച്ചോ ഇല്ലയോ എന്നതാണ് സംശയം. 

ISRO faces setback as maiden SSLV mission suffers data loss in its terminal phase
Author
Sriharikota, First Published Aug 7, 2022, 1:56 PM IST

ശ്രീഹരിക്കോട്ട: എസ്എസ്എല്‍വി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നതിനിടെ വിശദീകരണവുമായി ഐഎസ്ആര്‍ഒ രംഗത്ത്. എസ്എസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചുവെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. എന്നാല്‍ നിശ്ചയിച്ച ഇടത്തിലും താഴെയാണ് ഈ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതുവരെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. 

വിക്ഷേപണം അടക്കം എസ്എസ്എല്‍വിയുടെ ആദ്യ പറക്കലിന്‍റെ  തുടക്കം കൃത്യമായിരുന്നു. ഇസ്രൊയുടെ പുതിയ റോക്കറ്റ് കൃത്യം ഒന്ന് 9.18ന് തന്നെ വിക്ഷേപിച്ചു. മൂന്നാം ഘട്ട ജ്വലനം പൂർത്തിയായതിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമായത്. മൂന്നാംഘട്ടത്തിന്‍റെ ചാര്‍ട്ടില്‍ തന്നെ ഈ വ്യതിയാനം വ്യക്തമായിരുന്നു. 

ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല വെലോസിറ്റി ട്രിമിംഗ് മൊഡ്യൂൾ എന്ന അവസാന ഭാഗത്തിനാണ്. ഇത് പ്രവർത്തിച്ചോ ഇല്ലയോ എന്നതാണ് സംശയം. ആശയക്കുഴപ്പം നിലനിൽക്കെ ഉപഗ്രങ്ങൾ വേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെ സ്ക്രീനിൽ തെളിഞ്ഞു. പിന്നാലെ ഉപഗ്രഹം വേർപ്പെട്ടുവെന്ന അറിയിപ്പും വന്നു. ഐഎസ്ആര്‍ഒ കണ്‍ട്രോള്‍ റൂമില്‍ വിജയഘോഷങ്ങള്‍ ഉയര്‍ന്നു. 

എസ്എസ്എല്‍വി ആദ്യ ദൗത്യം വിജയമെന്ന പ്രതീതിയായിരുന്നു കൺട്രോൾ റൂമില്‍ നിന്നും പുറത്തേക്ക് ലഭിച്ചത്. എന്നാല്‍ സ്ഥിരീകരണം തരേണ്ട ഐഎസ്ആര്‍ഒ പിന്നാലെ വീണ്ടും നിശബ്ദതയിലായി. എന്താണ് സംഭവിച്ചതെന്നതിൽ ആശയക്കുഴപ്പം. ഒടുവിൽ ഐഎസ്ആർഒ ചെയർമാന്റെ പ്രതികരണം വന്നു. 

മാധ്യമങ്ങളെ കണ്ട ഐഎസ്ആര്‍ഒ തലവന്‍ അവസാനഘട്ടത്തിലെ പ്രശ്നം സൂചിപ്പിച്ചു. എസ്‌എസ്‌എൽവിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിർവഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്‌ടപ്പെട്ടുവെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ് പറഞ്ഞു. ഞങ്ങൾ ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം എന്നാണ് ഐഎസ്ആര്‍ഒ മേധാവി അറിയിച്ചത്.

അവസാനം മൂന്ന് മണിക്കൂർ കഴിഞ്ഞ് ഇസ്രൊയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് വന്നു. ഉദ്ദേശിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ സ്ഥാപിച്ചത്. നിലവിൽ അവ അവിടെ സുരക്ഷിതമല്ല. ദൗത്യം പരാജയമല്ല, പക്ഷേ ഇത് പ്രതീക്ഷിച്ച വിജയവുമല്ല. എസ്എസ്എൽവിക്ക് മുന്നിൽ ഇനിയും കടമ്പകള്‍‌ ബാക്കിയാണ്.

കെഎസ്ഇബി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ; നിരവധി പേർക്ക് പണം നഷ്ടമായി, തട്ടിപ്പ് ഡേറ്റാ ബേസ് ചോർത്തി?

 

Follow Us:
Download App:
  • android
  • ios