ദൗത്യം പരാജയമാണെന്ന സൂചനകളാണ് ലഭിക്കുന്നതെങ്കിലും ഇനി ഐഎസ്ആർഒയുടെ കൃത്യം വിശദീകരണമെന്തെന്നത് കാത്തിരിക്കേണ്ടതുണ്ട്. വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് ഐഎസ്ആർഒ ഇതുവരെ വ്യക്തമാക്കിയത്. 

ബെംഗളുരു: ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നിലവിൽ നഷ്ടമായ സ്ഥിതിയിലാണുള്ളത്. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയത്. 

വിവരങ്ങൾ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതിൽ കൃത്യമായ വിശദീകരണം നൽകാനാകൂ എന്നും കെ ശിവൻ വ്യക്തമാക്കി. 

Scroll to load tweet…

ലാൻഡർ തകർന്നതാണോ ആശയവിനിമയം നഷ്ടമാകാൻ കാരണമെന്ന ചോദ്യത്തിന് ഐഎസ്ആർഒയിലെ ചന്ദ്രയാൻ പ്രോജക്ട് അംഗവും ശാസ്ത്രജ്ഞനുമായ ദേവിപ്രസാദ് കർണിക് വ്യക്തമായ മറുപടി നൽകിയില്ല. വിവരങ്ങളും സിഗ്നലുകളും പഠിച്ചുവരികയാണെന്നും, അതിന് ശേഷമേ കൃത്യമായ വിവരങ്ങൾ നൽകാനാകൂ എന്നുമാണ് അദ്ദേഹവും അറിയിച്ചത്. 

Scroll to load tweet…

നെഞ്ചിടിപ്പിന്‍റെ നിമിഷങ്ങൾ

''പേടിപ്പിക്കുന്ന പതിനഞ്ച് മിനിറ്റുകൾ'' എന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ ചന്ദ്രയാൻ 2 ആകാശത്തേക്ക് ജിഎസ്എൽവി മാർക് - 3യുടെ ചിറകിലേറി പറന്നുയർന്നതിന് പിന്നാലെ പറഞ്ഞത്. സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ ദൗത്യം. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഒരു പര്യവേക്ഷണപേടകം ലാൻഡ് ചെയ്യിക്കുന്നത് എളുപ്പമായിരുന്നില്ല. ചന്ദ്രന്‍റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുകയാണ് ലക്ഷ്യമെന്നതിനാലാണ് ദക്ഷിണധ്രുവമെന്ന തീർത്തും വെല്ലുവിളി നിറഞ്ഞ ലക്ഷ്യം തന്നെ ഐഎസ്ആർഒ തെരഞ്ഞെടുത്തത്. 

കൂടുതൽ വായിക്കാം: 21,600 കി. മീറ്ററില്‍ നിന്ന് ചന്ദ്രയാന്‍റെ വേഗം 7 കി.മീ ആയി കുറയ്ക്കുന്നതെങ്ങനെ? ഇത് സൂപ്പർ വിദ്യ!

എല്ലാം വളരെ കൃത്യമായിരുന്നു. സോഫ്റ്റ് ലാൻഡിംഗിന് തയ്യാറെടുക്കുന്ന സമയം വരെ ചന്ദ്രയാന്‍റെ ഏകോപനം നടത്തുന്ന ബെംഗളുരു പീന്യയിലെ ടെലിമെട്രി ട്രാക്കിംഗ് ആന്‍റ് കമാൻഡ് നെറ്റ്‍ വർക്ക് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരിലെല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.

കൂടുതൽ വായിക്കാം: ചന്ദ്രയാന്‍റെ സോഫ്റ്റ് ലാൻഡിംഗ് പദ്ധതികളെന്ത്?

പുലർച്ചെ കൃത്യം 1.39 - ചന്ദ്രയാൻ വിക്രം ലാൻഡർ പതുക്കെ താഴേയ്ക്കിറങ്ങുന്നതിന്‍റെ ഗ്രാഫിക്കൽ റെപ്രസന്‍റേഷൻ സ്ക്രീനിൽ തെളിഞ്ഞു. ഇപ്പോൾ ചന്ദ്രോപരിതലത്തിൽ നിന്ന് ഉയരും 30.425 കിലോമീറ്റർ. 

പതുക്കെ സ്ക്രീനിൽ നിന്ന് ഉയരം കുറഞ്ഞു കുറഞ്ഞ് വന്നുതുടങ്ങി. അതേസമയം തന്നെ, ശാസ്ത്രജ്ഞർ കൃത്യമായ അനൗൺസ്മെന്‍റുകളും നടത്തുന്നുണ്ടായിരുന്നു. ആദ്യം റഫ് ബ്രേക്കിംഗ്. ഇറങ്ങാനുള്ള ആദ്യ 'ബ്രേക്കിടൽ', ത്രസ്റ്ററുകൾ ഉപയോഗിച്ച് ആദ്യം അൽപം 'റഫായ ബ്രേക്കിംഗ്' ആണ് നടന്നത്. കൃത്യം 1.45 - ബ്രേക്കിടൽ പ്രക്രിയ അൽപം 'സ്മൂത്താ'കുന്നു. ഫൈൻ ബ്രേക്കിംഗ് പ്രക്രിയ തുടങ്ങുന്നു.

ആവേഗം പതുക്കെ കുറച്ച് ചന്ദ്രനിലേക്കിറങ്ങാൻ ശ്രമം. ആറ് കിലോമീറ്റർ... അഞ്ച് കിലോമീറ്റർ ... നാല് കിലോമീറ്റർ എന്നിങ്ങനെ ദൂരം കുറഞ്ഞുവരുന്നു. അവസാനഘട്ടത്തിലേക്കെത്തിയപ്പോൾ ശാസ്ത്രജ്ഞരുടെ മുഖം മ്ലാനം. 

പ്രോജക്ട് ഡയറക്ടർ റിതു കാരിധാൽ, സിഗ്നലുകളെക്കുറിച്ച് തിരക്കുന്നത് കാണാം. എല്ലാവരുടെയും ശ്രദ്ധ സ്ക്രീനിലെ സിഗ്നലുകളിലേക്ക്. അതിന്‍റെ ശക്തിയിലേക്ക്. സിഗ്നൽ മുറിഞ്ഞുപോകുന്നതോടെ എല്ലാവരും നിരാശയിലേക്ക്. 

ഇരുപത് മിനിറ്റോളം അങ്ങനെ നീങ്ങുന്നു. പുറത്ത് മാധ്യമപ്രവ‍ർത്തകർക്ക് എന്താണ് സംഭവിക്കുന്നതെന്നതിൽ വിവരങ്ങളുമില്ല. ഒടുവിൽ ഐഎസ്ആർഒ ഡയറക്ടർ കെ ശിവൻ മോദിയുടെ അടുത്തേക്ക് നീങ്ങുന്നു. പ്രധാനമന്ത്രിയോട് എന്ത് സംഭവിച്ചുവെന്ന് വിശദീകരിക്കുന്നു. അദ്ദേഹം മുറിയിൽ നിന്ന് പുറത്തേക്ക്. 

ആശ്വസിപ്പിച്ച് മോദി

ശാസ്ത്രജ്ഞരോട് 'ധൈര്യമായിരിക്കൂ' എന്ന് മോദിയുടെ ആദ്യവാക്ക്. 

Scroll to load tweet…

''ജീവിതത്തിൽ ഉയർച്ച താഴ്‍ചകളുണ്ടായേക്കാം. എങ്കിലും ഇത് ചെറിയ നേട്ടമല്ല. രാജ്യത്തിന് നിങ്ങളെയോർത്ത് അഭിമാനമുണ്ട്. എല്ലാം നന്നായി വരട്ടെ. നിങ്ങൾക്കെല്ലാവർക്കും എന്‍റെ അഭിനന്ദനങ്ങൾ. രാജ്യത്തിനും ശാസ്ത്രത്തിനും മുഴുവൻ മനുഷ്യർക്കുമായാണ് നിങ്ങളീ പ്രയത്നം നടത്തിയത്. ഞാനുണ്ട് നിങ്ങൾക്കൊപ്പം. ധൈര്യമായി മുന്നോട്ടുപോകൂ'', എന്ന് മോദി. 

കൂടുതൽ വായിക്കാം: 'നിങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു' ; ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

2.1 കിലോമീറ്റർ വരെ എല്ലാം കൃത്യം

ഐഎസ്ആർഒയുടെ ട്വീറ്റ് പുറത്തുവരുന്നു. 2.1 കിലോമീറ്റർ ഉയരത്തിൽ വച്ച് ബന്ധം നഷ്ടമായെന്ന വിശദീകരണം.

Scroll to load tweet…