ജെയിംസ് വെബ് ടെലിസ്കോപ്പ് ഉപയോഗിച്ച്, ഭൂമിക്ക് പുറത്തുള്ള LHS 3844 b എന്ന എക്സോപ്ലാനറ്റിന്റെ ഉപരിതലം ശാസ്ത്രജ്ഞർ ആദ്യമായി നേരിട്ട് പഠിച്ചു. അന്തരീക്ഷമില്ലാത്ത ഈ ഗ്രഹം ഭൂമിയേക്കാൾ ബുധനോട് സാമ്യമുള്ളതാണെന്നും, ഉപരിതലം ഇരുണ്ട പാറകളാൽ നിറഞ്ഞതാണെന്നും കണ്ടെത്തി.
ജ്യോതിശാസ്ത്ര ഗവേഷണത്തിൽ പുതിയ വഴിത്തിരിവ് സൃഷ്‍ടിച്ച് ശാസ്ത്രലോകം. ഭൂമിക്കു പുറത്തുള്ള എക്സോപ്ലാനറ്റ് ഗ്രഹങ്ങളുടെ അന്തരീക്ഷം മാത്രമല്ല, അവയുടെ ഉപരിതലവും നേരിട്ട് പഠിക്കാൻ ആദ്യമായി കഴിഞ്ഞതായി ഗവേഷകർ അറിയിച്ചു. ജെയിംസ് വെബ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഈ നിർണായക കണ്ടെത്തൽ നടത്തിയത്. ഭൂമിയിൽ നിന്ന് ഏകദേശം 48.5 പ്രകാശവർഷം അകലെയുള്ള, ഭൂമിയേക്കാൾ ഏകദേശം 30 ശതമാനം വലിപ്പം കൂടിയ LHS 3844 b എന്ന എക്സോപ്ലാനറ്റിനെക്കുറിച്ചാണ് ഗവേഷകർ വിശദമായി പഠനം നടത്തിയത്. 2026 മെയ് 4-ന് നേച്ചർ അസ്‍ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നു.
ഭൂമിയേക്കാൾ ബുധനോട് സാമ്യമുള്ള ഗ്രഹം
നാസയുടെ വിവരങ്ങൾ പ്രകാരം, LHS 3844 b എക്സോപ്ലാനറ്റ് അതിന്‍റെ നക്ഷത്രത്തെ ചുറ്റി വെറും 11 മണിക്കൂറിൽ ഒരു ഭ്രമണം പൂർത്തിയാക്കുന്നു. നക്ഷത്രത്തിന്‍റെ വളരെ അടുത്തായി ഭ്രമണം ചെയ്യുന്ന ഈ എക്സോപ്ലാനറ്റ് ‘ടൈഡലി ലോക്ക്ഡ്’ അവസ്ഥയിലാണ്. അതായത് ഗ്രഹത്തിന്‍റെ ഒരേഭാഗം എപ്പോഴും നക്ഷത്രത്തോട് അഭിമുഖമായിരിക്കും. ഇതുമൂലം പകൽ സമയത്തെ താപനില 725 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നു. ജെയിംസ് വെബ് ടെലിസ്കോപ്പിലെ മിഡ് ഇൻഫ്രാറെഡ് ഇൻസ്‍ട്രുമെന്‍റ് ഉപയോഗിച്ച് ഉപരിതലത്തിൽ നിന്നുള്ള ചൂട് നേരിട്ട് അളക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചു.
ഈ ഗ്രഹത്തിന്‍റെ ഉപരിതലം ഇരുണ്ട നിറമുള്ളതും സിലിക്ക കുറവുള്ള ബസാൾട്ട് അല്ലെങ്കിൽ ഒലിവിൻ സമൃദ്ധമായ പാറകളാൽ രൂപപ്പെട്ടതുമാണെന്ന് ഗവേഷകർ കണ്ടെത്തി. ഭൂമിയിൽ പോലെ പ്ലേറ്റ് ടെക്ടോണിക്‌സും ദ്രവജലവും ചേർന്ന് രൂപപ്പെടുന്ന സിലിക്ക സമൃദ്ധമായ ക്രസ്റ്റ് ഇവിടെ ഇല്ല. അതിനാൽ, ഈ ഗ്രഹം ഭൂമിയേക്കാൾ ബുധഗ്രഹത്തോടോ ചന്ദ്രനോടോ കൂടുതൽ സാമ്യമുള്ളതാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
സ്പേസ് വേതറിംഗ്
LHS 3844 b-യ്ക്ക് അന്തരീക്ഷം ഇല്ലാത്തതിനാൽ, അതിന് നിരന്തരമായ വികിരണവും സൂക്ഷ്‌മ ഉൽക്കാപതനങ്ങളും നേരിടേണ്ടി വരുന്നു. ഇതുവഴി പാറകൾ ചെറുതായി ചിതറുകയും ‘റെഗോളിത്ത്’ എന്നറിയപ്പെടുന്ന പൊടിയായി മാറുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ‘സ്പേസ് വേതറിംഗ്’ എന്നാണ് വിളിക്കുന്നത്. കൂടാതെ CO₂, SO₂ പോലുള്ള അഗ്നിപർവ്വത വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ല.
ഭാവിയിൽ, ജെയിംസ് വെബ് ടെലിസ്കോപ്പ് ഉപയോഗിച്ച് കൂടുതൽ സൂക്ഷ്‍മമായ നിരീക്ഷണങ്ങൾ നടത്തി ഇത്തരം ഗ്രഹങ്ങളുടെ ഭൗമശാസ്ത്ര ചരിത്രം കൂടുതൽ വ്യക്തമായി മനസിലാക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നു. ഈ സാങ്കേതികവിദ്യ ഭാവിയിൽ നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള പാറഗ്രഹങ്ങളുടെ രൂപീകരണവും വികാസവും കണ്ടെത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.



