Asianet News MalayalamAsianet News Malayalam

ചന്ദ്രനിലേക്കൊരു യാത്ര പോകാന്‍ ആഗ്രഹമുണ്ടോ, ഡിയര്‍ മൂണ്‍ നിങ്ങളെ സഹായിക്കും.!

ഗായകര്‍, നര്‍ത്തകര്‍, ചിത്രകാരന്മാര്‍, മറ്റ് പരമ്പരാഗത ക്രിയേറ്റീവ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെയായിരുന്നു ആദ്യം കൊണ്ടു പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനത്ര സുഖം പോരെന്നു കണ്ടിട്ടാവണം മുഗള്‍ യൂസാകു മസാവ തന്റെ തീരുമാനം അല്‍പ്പം കൂടിയൊന്ന് വിപുലീകരിച്ചത്. 

Japanese billionaire invites 8 people to join SpaceX mission around the Moon
Author
Tokyo, First Published Mar 5, 2021, 4:00 PM IST

ടോക്കിയോ: കോടീശ്വരന്മാരെ കൊണ്ടു തോറ്റു പോകും. അത്തരമൊരു കോടീശ്വര കഥയാണ് ജപ്പാനില്‍ നിന്നുമുള്ളത്. നായകന്‍, യൂസാകു മസാവ. അദ്ദേഹം ചന്ദ്രനുചുറ്റും ആറ് ദിവസത്തെ യാത്ര പോകാന്‍ ഉദ്ദേശിക്കുന്നു. തനിച്ചല്ല, ഒരു കൂട്ടം കലാകാരന്മാരെ കൂട്ടിക്കൊണ്ടുപോകാനാണ് ആഗ്രഹം. ഇത് 2018 ല്‍ ആദ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഈ മിഷനില്‍ എട്ട് ഓപ്പണ്‍ സീറ്റുകള്‍ കൂടി ബാക്കിയുണ്ട്. അതു കൂടി നിറയ്ക്കാന്‍ ഉദ്ദേശിക്കുന്നു. അതിനുള്‌ല അപേക്ഷിയും ക്ഷണിച്ചു കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് ഈ സീറ്റിലേക്ക് അപേക്ഷിക്കാം. യാത്ര പോകുന്നത്, 2023 ലാണ്.

ഗായകര്‍, നര്‍ത്തകര്‍, ചിത്രകാരന്മാര്‍, മറ്റ് പരമ്പരാഗത ക്രിയേറ്റീവ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെയായിരുന്നു ആദ്യം കൊണ്ടു പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനത്ര സുഖം പോരെന്നു കണ്ടിട്ടാവണം യൂസാകു മസാവ തന്റെ തീരുമാനം അല്‍പ്പം കൂടിയൊന്ന് വിപുലീകരിച്ചത്. മറ്റൊരു ശതകോടീശ്വരനായ ഷിഫ്റ്റ് 4 പേയ്‌മെന്റ് പ്ലാറ്റ്‌ഫോം സിഇഒ ജേര്‍ഡ് ഐസക്മാന്‍ ഒരു സ്‌പെയ്‌സ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ഭ്രമണപഥത്തിലെത്താനുള്ള ഒരു യാത്രയില്‍ തന്നോടൊപ്പം ചേരാന്‍ പൊതുജനങ്ങളില്‍ ഒരാളെ തിരയുന്നതിനിടെയാണ് തന്റെ സ്റ്റാര്‍ഷിപ്പ് മിഷനില്‍ ചേരാനുള്ള മെയ്‌സാവയുടെ ക്ഷണം. കോടീശ്വരന്മാര്‍ തമ്മിലുള്ള മത്സരം എവിടെ പോയി നില്‍ക്കുമോ ആവോ ?

സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനായി പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ഈ വര്‍ഷാവസാനം ആരംഭിക്കുന്നത്. മാര്‍ച്ച് 14 വരെ അപേക്ഷകര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന ഒരു ലിങ്ക് 'ഡിയര്‍മൂണ്‍' എന്ന വെബ്‌സൈറ്റില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികളുടെ പ്രാരംഭ സ്‌ക്രീനിംഗ് മാര്‍ച്ച് 21 ന് ആരംഭിക്കും. തിരഞ്ഞെടുക്കുന്നതിന് രണ്ട് പ്രധാന മാനദണ്ഡങ്ങള്‍ ഉണ്ടാകും: അപേക്ഷകര്‍ അവരുടെ ജോലിസ്ഥലത്ത് 'മറ്റ് ആളുകളെയും വലിയ സമൂഹത്തെയും ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നതിന്' ആവണം ബഹിരാകാശത്ത് പോവേണ്ടത്, ഒപ്പം അവര്‍ സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ തയ്യാറാകണം. അതായത്, യാത്രയ്ക്കിടെ ക്രൂ അംഗങ്ങള്‍ക്ക് സഹായം ആവശ്യമായി വന്നാല്‍. 

പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് യാത്രക്കാരെയും സൗജന്യമായി കൊണ്ടു പോകുമെന്ന്  യൂസാകു മസാവ പറയുന്നു. മറ്റ് സീറ്റുകള്‍ ആര് അവകാശപ്പെടുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം യാത്രയില്‍ തന്നോടൊപ്പം ചേരാന്‍ ഒരു 'ജീവിത പങ്കാളിയെ' തിരയുകയാണെന്ന് മസാവ പറഞ്ഞിരുന്നു. മൊത്തം 10 മുതല്‍ 12 വരെ യാത്രക്കാരുണ്ടാകും. ഡിയര്‍ മൂണ്‍ ദൗത്യം സ്‌പേസ് എക്‌സിന്റെ കൂറ്റന്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ ആശ്രയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സൗത്ത് ടെക്‌സാസിലെ കമ്പനിയുടെ ടെസ്റ്റിംഗ് സൗകര്യങ്ങളില്‍ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ആദ്യകാല ചില പ്രോട്ടോടൈപ്പുകള്‍ ഹ്രസ്വമായ 'ഹോപ്പ് ടെസ്റ്റുകള്‍' നടത്തിയിട്ടുണ്ടെങ്കിലും അവയില്‍ ചിലത് ഭൂമിക്ക് ഏതാനും മൈലുകള്‍ക്ക് മുകളിലൂടെ പറന്നിട്ടുണ്ടെങ്കിലും ഒരു പൂര്‍ണ്ണപ്രോട്ടോടൈപ്പ് ഇനിയും നിര്‍മ്മിക്കാനായിട്ടില്ല. സ്റ്റാര്‍ഷിപ്പിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്കോ അതിനപ്പുറത്തേക്കോ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ ഗംഭീരമായ റോക്കറ്റ് ബൂസ്റ്ററായ സൂപ്പര്‍ ഹെവിയെ സ്‌പേസ് എക്‌സ് ഇതുവരെയും പരസ്യമായി പരീക്ഷിക്കാന്‍ തുടങ്ങിയിട്ടില്ല.

സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക് അടുത്തിടെ പോഡ്കാസ്റ്റ് ഹോസ്റ്റ് ജോ റോഗനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു, 2023 ഓടെ സ്റ്റാര്‍ഷിപ്പ് പതിവായി വിമാന സര്‍വീസുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ സ്‌പേസ് എക്‌സ് ആ സമയപരിധിയിലെത്തുമോ എന്ന് വ്യക്തമല്ല. ആദ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നതും വളരെ ഉയര്‍ന്ന ചെലവുകളുള്ളതുമായ പദ്ധതിയാണിത്. ദൗത്യം വിജയകരമാണെങ്കില്‍, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് കടക്കുന്ന ആദ്യത്തെ സ്വകാര്യ പൗരന്മാരായിരിക്കും മസാവയുടെ സംഘം. ആറ് ദിവസത്തെ ദൗത്യം ലക്ഷ്യസ്ഥാനത്ത് എത്താന്‍ മൂന്ന് ദിവസം വേണ്ടിവരുമെന്നും തുടര്‍ന്നു മടങ്ങുന്നതിന് മുമ്പ് ചന്ദ്രനുചുറ്റും സ്ലിംഗ്‌ഷോട്ട് യാത്ര നടത്തുമെന്നുമാണ് മസാവ പറയുന്നത്. എന്നാല്‍, ഇതൊക്കെ നടക്കുമോയെന്നു കണ്ടറിയണം.

Follow Us:
Download App:
  • android
  • ios