പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടത്തിലെ ഭീമൻ ഗാലക്സികൾ നക്ഷത്ര രൂപീകരണം വേഗത്തിൽ നിർത്തിയതിന്റെ കാരണം പുതിയ പഠനം വെളിപ്പെടുത്തുന്നു. ഗാലക്സികളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന സൂപ്പർനോവ സ്ഫോടനങ്ങൾ, നക്ഷത്ര നിർമ്മാണത്തിനാവശ്യമായ വാതകത്തെ പുറന്തള്ളുന്ന ശക്തമായ കാറ്റുകൾക്ക് കാരണമാകുന്നുവെന്ന് ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ കണ്ടെത്തി.
പ്രപഞ്ചത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന ഭീമൻ ഗാലക്സികൾ വളരെ വേഗത്തിൽ നക്ഷത്ര രൂപീകരണം നിർത്തിയത് ഏറെക്കാലമായി ശാസ്ത്രലോകത്തെ കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു. സാധാരണയായി പ്രപഞ്ചത്തിന്റെ ആദ്യകാല ഗാലക്സികൾ നക്ഷത്രനിർമാണത്തിൽ അതിവേഗ വളർച്ച കൈവരിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ ബിഗ് ബാങിന് ശേഷം രണ്ട് ബില്യൺ വർഷം പോലും പിന്നിടുന്നതിന് മുമ്പ് തന്നെ നിരവധി ഭീമൻ ഗാലക്സികൾ ‘മരിച്ച’ നിലയിലായതായി നിരീക്ഷണങ്ങൾ സൂചിപ്പിച്ചിരുന്നു. ഇവിടെ ‘മരിച്ച’ എന്ന് അർത്ഥമാക്കുന്നത് ഗാലക്സികളിൽ പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്ന പ്രക്രിയ നിലച്ചുവെന്ന അർഥത്തിലാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യത്തിന് ഇപ്പോൾ ശാസ്ത്രജ്ഞർക്ക് പുതിയൊരു ഉത്തരം ലഭിച്ചിരിക്കുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST)യും അറ്റകാമ ലാർജ് മില്ലിമീറ്റർ/സബ്‌മില്ലിമീറ്റർ അറേ (ALMA)യും ഉപയോഗിച്ച് നടത്തിയ പുതിയ ഗവേഷണമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത് എന്ന് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ച പഠനം ഉദ്ദരിച്ച് സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
മെൽബണിലെ സ്വിൻബേൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷക റെബേക്ക ഡേവീസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റൽ 02 (CRISTAL-02) എന്ന ഗാലക്സി സമൂഹത്തെ വിശദമായി പരിശോധിച്ചു. ബിഗ് ബാങിന് ശേഷം ഏകദേശം 1.1 ബില്യൺ വർഷം മാത്രം പ്രായമുള്ള ഈ ഗാലക്സി സംവിധാനത്തിൽ രണ്ട് ഗാലക്സികൾ കൂട്ടിയിടിക്കുന്ന അവസ്ഥയിലായിരുന്നു.
അതിശക്തമായ ഒരു തണുത്ത വാതകപ്രവാഹം പഠനത്തിനിടെ ഗവേഷകർ കണ്ടെത്തി. മണിക്കൂറിൽ ലക്ഷക്കണക്കിന് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ വാതകപ്രവാഹത്തെ ‘ഗാലക്സി കൊലയാളി കാറ്റുകൾ’ എന്നാണ് ശാസ്‍ത്രലോകം വിശേഷിപ്പിച്ചിരിക്കുന്നത്. ഗാലക്സിക്കുള്ളിലെ നക്ഷത്രനിർമാണത്തിനാവശ്യമായ വാതകത്തെ പുറത്തേക്ക് തള്ളിക്കളയുകയാണ് വാതകപ്രവാഹം ചെയ്യുന്നത്. പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നതിനേക്കാൾ ഇരട്ടിയോളം വേഗത്തിൽ വാതകം നഷ്‍ടപ്പെടുന്നതായും കണ്ടെത്തി. ഈ നില തുടർന്നാൽ 100 ദശലക്ഷം വർഷത്തിനുള്ളിൽ ഈ ഗാലക്സിയിലെ നക്ഷത്രനിർമാണ ഇന്ധനം പൂർണമായും തീർന്നേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഈ പ്രതിഭാസത്തിന് പിന്നിൽ അതിവിശാലമായ ബ്ലാക്ക് ഹോളുകൾ അല്ല, മറിച്ച് സൂപ്പർനോവ സ്ഫോടനങ്ങളാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഗാലക്സികളുടെ കൂട്ടിയിടി മൂലം നക്ഷത്രനിർമാണം അതിവേഗത്തിലാകുകയും, തുടർന്ന് രൂപപ്പെടുന്ന ഭീമൻ നക്ഷത്രങ്ങൾ സൂപ്പർനോവകളായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ഈ സ്ഫോടനങ്ങളിൽ നിന്നുള്ള വൻ ഊർജമാണ് ഗാലക്സിയിൽ നിന്ന് വാതകം പുറത്തേക്ക് ഒഴുക്കുന്ന ശക്തമായ കാറ്റുകൾ സൃഷ്ടിക്കുന്നത്.
ആദ്യകാല പ്രപഞ്ചത്തിലെ ഭീമൻ ഗാലക്സികളിൽ പകുതിയോളം ഇത്തരം വലിയ കൂട്ടിയിടികൾ അനുഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിനാൽ ഇത്തരം ‘ഗാലക്സി കൊലയാളി കാറ്റുകൾ’ വ്യാപകമായിരുന്നുവെങ്കിൽ, പ്രപഞ്ചത്തിന്റെ ബാല്യത്തിൽ തന്നെ നിരവധി ഭീമൻ ഗാലക്സികൾ നക്ഷത്രനിർമാണം അവസാനിപ്പിച്ച് നിശ്ചലമായതിന്റെ പ്രധാന കാരണമായി ഇത് മാറാമെന്നാണ് ഗവേഷകരുടെ നിഗമനം. ഈ കണ്ടെത്തൽ പ്രപഞ്ച പരിണാമത്തെക്കുറിച്ചുള്ള ധാരണകൾക്ക് പുതിയ വെളിച്ചം പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.


