Asianet News MalayalamAsianet News Malayalam

ടിക്കറ്റ് നിരക്ക് 100 രൂപ മുതൽ 11,500 വരെ! തോന്നക്കലിൽ ഒരുങ്ങുന്നത് വമ്പൻ ഫെസ്റ്റ്, ഏഷ്യയിലെ തന്നെ ആദ്യത്തേതും

പ്രദര്‍ശനം മൂഴുവനായി കണ്ടു തീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീര്‍ക്കാന്‍ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസുമുതല്‍ 18വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തിന് 150 രൂപക്കും രണ്ടു ദിവസത്തിനു 250 രൂപക്കും ടിക്കറ്റ് ലഭിക്കും.

kerala global science festival starts on january 15th ticket fare details vkv
Author
First Published Jan 11, 2024, 8:08 AM IST

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് സയൻസ് ഫെസ്റ്റിവൽ നടക്കുന്നത്. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമാണ്.  ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ അത്ഭുതങ്ങള്‍ കാണാന്‍ 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. 

പ്രദര്‍ശനം മൂഴുവനായി കണ്ടു തീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീര്‍ക്കാന്‍ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസുമുതല്‍ 18വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തിന് 150 രൂപക്കും രണ്ടു ദിവസത്തിനു 250 രൂപക്കും ടിക്കറ്റ് ലഭിക്കും. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്‌കൂളുകളില്‍ നിന്നും സംഘമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാക്കേജുകളുമുണ്ട്. 30 വിദ്യാര്‍ഥികളില്‍ കുറയാതെയുള്ള സംഘങ്ങള്‍ക്കാണ് പാക്കേജുകള്‍ ലഭിക്കുക. 30 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രവേശനത്തിനു മാത്രമായി ഒരാള്‍ക്ക് നൂറു രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പ്രവേശനവും ഉച്ചഭക്ഷണവും അടങ്ങുന്ന പാക്കേജിന് ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്. രാവിലെ ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക്ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും അടക്കമുള്ള പാക്കേജ് 400 രൂപക്കും ലഭ്യമാണ്. 

ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഫെസ്റ്റിവലിലേക്കുള്ള രണ്ടു ദിവസത്തെ ടിക്കറ്റും അടക്കം ഒരാള്‍ക്ക് 6500 രൂപ ലഭിക്കുന്ന ക്ലാസ് എ പാക്കേജാണ് മറ്റൊരാകര്‍ഷണം. ഇതേ പാക്കേജ് തന്നെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിന് 11,500 രൂപയ്ക്ക് ലഭ്യമാണ്. ഹോംസ്റ്റേയില്‍ താമസവും ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറും രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റുമടക്കമുള്ള ക്ലാസ് ബി പാക്കേജിന് ഒരാള്‍ക്ക് 4000 രൂപയാണ്. ഇതേ പാക്കേജ് രണ്ടു മുതിര്‍ന്നവരും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തിന് 10,000 രൂപയ്ക്ക് ലഭിക്കും. ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക് ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും ഒരു ദിവസത്തെ ഫെസ്റ്റിവല്‍ എന്‍ട്രിയും അടക്കം 750 രൂപയ്ക്ക് ഗിഫ്റ്റ് എ ടിക്കറ്റ് പാക്കേജുമുണ്ട്. 

നിയന്ത്രിതമായി മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്ന അഞ്ച് ആഡ് ഓണ്‍ ടിക്കറ്റ് പ്രദര്‍ശനങ്ങളുണ്ട് ഫെസ്റ്റിവലില്‍. ഓരോ ആഡ് ഓണ്‍ ടിക്കറ്റിനും 50 രൂപ വീതമാണ് നിരക്ക്. അഞ്ച് ആഡ് ഓണ്‍ ടിക്കറ്റുകളും ഒരുമിച്ചു ബുക് ചെയ്യുമ്പോള്‍ 200 രൂപയ്ക്ക് ലഭ്യമാണ്. ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകര്‍ഷണമായ ടെന്‍ഡിങ് ആന്‍ഡ് നൈറ്റ് സ്‌കൈവാച്ചിങ്ങിനും രണ്ടു പാക്കേജുകള്‍ ലഭ്യമാണ്. ടെന്റില്‍ താമസം, ഭക്ഷണം, ശആസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ വിദഗ്ധര്‍ നയിക്കുന്ന സ്‌കൈ വാച്ചിങ്, രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റ്, ഫെസ്റ്റിവലിലെ പ്രത്യേക പ്രദര്‍ശനങ്ങള്‍ക്കുള്ള ആഡ് ഓണ്‍ ടിക്കറ്റുകള്‍ എന്നിവയടക്കമാണ് പാക്കേജ്. നാലുപേര്‍ക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേര്‍ക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്. ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫെസ്റ്റിവല്‍ വേദിയില്‍ സജ്ജമാക്കുന്ന കൗണ്ടറുകളില്‍ നിന്നു നേരിട്ടും ടിക്കറ്റെടുക്കാം. ജിഎസ്എഫ്കെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ടിക്കറ്റുകള്‍ ബുക് ചെയ്യാം. ടിക്കറ്റ് പാക്കേജുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Read More : കൈയ്യെത്തും ദൂരത്ത് ചന്ദ്രനെക്കാണാം, ചൊവ്വയേയും; കൗതുകക്കാഴ്ച വീണ്ടും കാണാൻ അവസരം, പ്രത്യേകതകൾ ഏറെ!           

Follow Us:
Download App:
  • android
  • ios