Asianet News MalayalamAsianet News Malayalam

ചൊവ്വാ​ഗർഭത്തിൽ സമുദ്രം നിറയ്ക്കാനുള്ള ജലം! മനുഷ്യന് ഉപകാരപ്പെടുമോ, ജീവിതവും ജീവനും സാധ്യമോ 

ചൊവ്വയുടെ ഗർഭ ജലസംഭരണികളിൽ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. ഭൂമിയിൽ സമുദ്രത്തിൻ്റെ അടിത്തട്ടിൽ ജീവനുണ്ട്. അതുകൊണ്ട് ചൊവ്വയിലെ ​ഗർഭജലത്തിലും ജീവന് സാധ്യതയുണ്ട്.

liquid water found in Mars New Study says
Author
First Published Aug 14, 2024, 10:01 PM IST | Last Updated Aug 14, 2024, 10:06 PM IST

ചൊവ്വയിൽ ആദ്യമായി ദ്രാവക ജലത്തിൻ്റെ തെളിവുകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചതോടെ ഭൂമിക്ക് പുറത്ത് ജീവനുണ്ടോയെന്നും ജീവിതം സാധ്യമാകുമോ എന്നതും ചൂടേറിയ ചർച്ചയാകുന്നു. ചൊവ്വയുടെ ധ്രുവങ്ങളിൽ ശീതീകരിച്ച വെള്ളത്തിനു പുറമേ ദ്രാവക ജലം ഇപ്പോഴും ഉണ്ടെന്നുള്ളതിൻ്റെ ഇതുവരെയുള്ള ഏറ്റവും നല്ല തെളിവാണ് ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കാലിഫോർണിയ സർവകലാശാല സാൻ ഡിയാഗോ സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫി പറയുന്നു. ഈ കണ്ടെത്തലിന് മുമ്പ്, അവിടെ ദ്രാവക ജലം ഉണ്ടെന്ന് അറിയില്ലായിരുന്നു. ജലതന്മാത്രകളും ധ്രുവങ്ങളിൽ മഞ്ഞ് നിറഞ്ഞവയാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ദ്രവ രൂപത്തിൽ ജലം കണ്ടെത്തിയതോടെ ചൊവ്വയുടെ വാസയോഗ്യതയെ കുറിച്ചുള്ള ഭാവി പഠനത്തിനും ഭൂമിക്ക് പുറമെ എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിനും വഴിയൊരുക്കും. 

ചൊവ്വയുടെ ഉൾവശത്തെക്കുറിച്ച് പഠിക്കുന്നതിനിടെയാണ് ശാസ്ത്രജ്ഞർ ദ്രാവക ജലത്തിൻ്റെ ഒരു വലിയ ശേഖരം ഉപരിതലത്തിനടിയിൽ കണ്ടെത്തിയത്. ഏകദേശം സമുദ്രം നിറയ്ക്കാനുള്ള ജലമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചൊവ്വയുടെ "മിഡ്‌ക്രസ്റ്റ്" - ഉപരിതലത്തിൽ നിന്ന് 6 മുതൽ 12 മൈൽ താഴെ (11 മുതൽ 20 കിലോ മീറ്റർ)  ദ്രവജലം നിറച്ച നേർത്ത ഒടിവുകളുള്ള ആഗ്നേയശിലകൾ ചേർന്നതാണെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു. കാലാവസ്ഥ, ഉപരിതലം, ആന്തരികം എന്നിവയുടെ പരിണാമം മനസ്സിലാക്കുന്നതിന് ചൊവ്വയുടെ ജലചക്രം നിർണായകമാണെന്ന് കാലിഫോർണിയ സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനുമായ വാഷന്‍ റൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. ജലം എവിടെയാണെന്ന് തിരിച്ചറിയുക എന്നതാണ് പ്രാരംഭ ഘട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More... ഒരുകാലത്ത് അഞ്ചിൽ ഒരു ഭാഗം വെള്ളത്തിൽ; ചൊവ്വയുടെ ഉള്ളറകളിൽ ജല സാന്നിധ്യം സ്ഥിരീകരിച്ച് നാസ

ഗ്രഹത്തിൻ്റെ ഉപരിതലത്തിലെ സമുദ്രങ്ങൾ നിറയ്ക്കാൻ ആവശ്യമായ വെള്ളം ചൊവ്വയിലുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം 300 കോടി വർഷങ്ങൾക്ക് മുമ്പ്, ചൊവ്വയിൽ സമുദ്രങ്ങളും തടാകങ്ങളും നദികളും സാധാരണമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. 
ഇപ്പോൾ ചൊവ്വയുടെ ഉപരിതലത്തിനടിയിൽ കണ്ടെത്തിയ ഗർഭജലത്തിൻ്റെ അളവ് ഏകദേശം ഒരു മൈൽ ആഴത്തിൽ മുഴുവൻ ഗ്രഹത്തെയും ഉൾക്കൊള്ളുമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ചൊവ്വയിലെ വെള്ളം മനുഷ്യന് ഉപയോ​ഗിക്കാനാകില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയിൽ പോലും 11 കിലോമീറ്റർ കുഴിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ചൊവ്വയിൽ 11 കിലോമീറ്റർ അടിയിലാണ് ദ്രവജലമുള്ളത്. അതുകൊണ്ടുതന്നെ ജലത്തെ ചൊവ്വയുടെ ഉപരിതലത്തിൽ എത്തിക്കുക പോലും സാധ്യമല്ലെന്ന് പഠന സംഘം വ്യക്തമാക്കി.

ചൊവ്വയുടെ ഗർഭ ജലസംഭരണികളിൽ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. ഭൂമിയിൽ സമുദ്രത്തിൻ്റെ അടിത്തട്ടിൽ ജീവനുണ്ട്. അതുകൊണ്ട് ചൊവ്വയിലെ ​ഗർഭജലത്തിലും ജീവന് സാധ്യതയുണ്ട്. എന്നാൽ, ഇതുവരെ ചൊവ്വയിൽ ജീവനുള്ളതിന് ഒരു തെളിവും ഞങ്ങൾ കണ്ടെത്തിയില്ലെന്നും പഠനസംഘം പറയുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios