ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍ററാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ന്യൂയോര്‍ക്ക്: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവച്ചു. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്.ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍ററാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. 57കാരനായ ഡേവിഡ് ബെന്നറ്റിനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവെച്ചത്.

മൂന്ന് ദിവസം മുൻപാണ് ശസ്ത്രക്രിയ നടന്നത്. സാധാരണപോലെ ഈ ഹൃദയം പ്രവര്‍ത്തിക്കുന്നു. ഇത് വളരെ ആവേശമുണ്ടാക്കുന്ന കാര്യമാണ്. മുന്‍പ് ഒരിക്കലും സംഭവിക്കാത്താണ് ഇവിടെ നടന്നത് - ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കൽ സെന്‍ററിലെ കാർഡിയാക് ട്രാൻസ്പ്ലാന്‍റ് പ്രോഗ്രാം ഡയറക്ടർ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.

കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. 

ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ ശസ്ത്രക്രിയ നടത്തിയത്.

അതേ സമയം 57കാരനായ ഡേവിഡ് ബെന്നറ്റിന്‍റെ ആരോഗ്യനില വളരെ ശ്രദ്ധപൂര്‍വ്വം നിരീക്ഷിക്കുകയാണ് മേരിലാൻഡ് മെഡിക്കൽ സെന്‍ററിലെ വിദഗ്ധ സംഘം. ഇത് ആറാഴ്ചയോളം തുടരും എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ഹൃദയത്തെ മനുഷ്യ ശരീരം സ്വീകരിക്കുമോ അല്ല തിരസ്കരിക്കുമോ എന്നത് എനിയും അറിയാനുണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് പറയുന്നത്.