ജ്യോതിശാസ്ത്രജ്ഞർ നെപ്റ്റ്യൂണിന് പുറത്ത് അന്തരീക്ഷമുള്ള ഒരു ചെറു ആകാശവസ്‍തുവിനെ കണ്ടെത്തി. (612533) 2002 XV93 എന്ന് പേരിട്ടിരിക്കുന്ന ഈ വസ്‍തുവിന് എങ്ങനെ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു എന്നത് ശാസ്ത്രലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സൗരയൂഥത്തിന്‍റെ അതിർത്തികൾക്കപ്പുറം സ്ഥിതി ചെയ്യുന്ന നെപ്റ്റ്യൂണിന് പുറത്തുള്ള മേഖലയിൽ അന്തരീക്ഷമുള്ള ഒരു ചെറു ആകാശവസ്‍തുവിനെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം 500 കിലോമീറ്റർ വ്യാസമുള്ള ഈ ആകാശവസ്‍തുവിന് “(612533) 2002 XV93” എന്ന പേരാണ് നൽകിയിരിക്കുന്നത്. ട്രാൻസ്-നെപ്റ്റ്യൂണിയൻ ഒബ്‍ജക‌്‌ട്‌സ് (TNOs) എന്നറിയപ്പെടുന്ന ആകാശവസ്‍തുക്കളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുന്നത്. ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപംകൊണ്ടപ്പോൾ ശേഷിച്ച അവശിഷ്‍ടങ്ങളായാണ് ഇവയെ ശാസ്ത്രലോകം കണക്കാക്കുന്നത്.

ജപ്പാനിൽ നിന്ന് 2024 ജനുവരി 10-ന് നടത്തിയ അപൂർവ നിരീക്ഷണത്തിന് ഇടയിലാണ് ഈ കണ്ടെത്തൽ നടന്നത്. സ്റ്റെല്ലർ ഒക്കൾട്ടേഷൻ എന്ന് അറിയപ്പെടുന്ന രീതിയിലായിരുന്നു പഠനം. ഒരു നക്ഷത്രത്തിന് മുന്നിലൂടെ ഈ വസ്‍തു കടന്നുപോകുമ്പോൾ നക്ഷത്രത്തിന്‍റെ പ്രകാശം മങ്ങുന്നതാണ് ഗവേഷകർ നിരീക്ഷിച്ചത്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ നക്ഷത്രപ്രകാശം പെട്ടെന്ന് മറയാറുണ്ട്. എന്നാൽ ഇത്തവണ പ്രകാശം പതുക്കെ കുറഞ്ഞത് വസ്‍തുവിനെ ചുറ്റിപ്പറ്റി അന്തരീക്ഷം നിലനിൽക്കുന്നതിന്‍റെ തെളിവായി ശാസ്ത്രജ്ഞർ വിലയിരുത്തി.

നാഷണൽ ആസ്ട്രോണമിക്കൽ ഒബ്‍സർവേറ്ററി ഓഫ് ജപ്പാനിലെ ഡോ കോ അരിമാത്സുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിൽ പ്രൊഫഷണൽ ശാസ്ത്രജ്ഞരോടൊപ്പം അമേച്വർ നിരീക്ഷകരും പങ്കെടുത്തു. പഠന റിപ്പോർട്ടുകൾ പ്രകാരം, ഈ ആകാശവസ്‍തുവിനെ ഉപരിതല അന്തരീക്ഷ മർദ്ദം 100 മുതൽ 200 നാനോബാർ വരെയാണെന്ന് കണ്ടെത്തി. ഇത് ഭൂമിയിലെ അന്തരീക്ഷമർദ്ദത്തേക്കാൾ അഞ്ച് മുതൽ പത്ത് ദശലക്ഷം മടങ്ങ് കുറഞ്ഞതാണ്.

ഇത്തരമൊരു ചെറുവസ്‍തുവിന് അന്തരീക്ഷം എങ്ങനെ നിലനിൽക്കുന്നു എന്നതാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ഏറ്റവും വലിയ ചോദ്യമായി മാറിയിരിക്കുന്നത്. അതിശൈത്യവും വളരെ കുറഞ്ഞ ഗുരുത്വാകർഷണവും കാരണം ഇത്തരം വസ്‍തുക്കൾക്ക് അന്തരീക്ഷം നിലനിർത്താൻ സാധിക്കില്ലെന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്.

ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്ന രണ്ട് പ്രധാന സാധ്യതകളുണ്ട്. അടുത്തിടെ ഒരു ധൂമകേതു ഇടിച്ചതിനെ തുടർന്ന് വാതകങ്ങൾ പുറത്തുവന്നിരിക്കാം എന്നതാണ് ഒന്നാമത്തെ സാധ്യത. രണ്ടാമത്തേത്, ഉപരിതലത്തിൽ ഐസ് അഗ്നിപർവത പ്രവർത്തനം നടന്നതാകാമെന്നതാണ്. വർഷങ്ങളായി ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്‌തുക്കളെ പഠിച്ചു വരുന്ന ജ്യോതിശാസ്ത്രജ്ഞൻ സ്കോട്ട് ഷെപ്പാർഡ് പറയുന്നതനുസരിച്ച്, ഈ കണ്ടെത്തൽ കൈപ്പർ ബെൽറ്റ് ജീവൻരഹിതമായ മഞ്ഞുപ്രദേശം മാത്രമല്ലെന്ന് തെളിയിക്കുന്നു. ജീവന്‍റെ അടിസ്ഥാന ഘടകങ്ങൾ അടങ്ങിയ സജീവമായ മേഖലയായിരിക്കാം അത് എന്ന വിലയിരുത്തലാണ് ഇപ്പോൾ ശക്തമാകുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News