ഐഎസ്എസില്‍ സുനിത വില്യംസ് എന്തിന് ചീര നട്ടു? മാനസികാരോഗ്യവുമായും അതിന് ബന്ധമുണ്ട്!
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കാനായി ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ നിര്‍ദേശിക്കുന്നത് നിരവധി കാര്യങ്ങള്‍

കാലിഫോര്‍ണിയ: ലോകം മുഴുവൻ ഇപ്പോള്‍ ചർച്ച ചെയ്യുന്നത് ബഹിരാകാശ യാത്രയെ കുറിച്ചാണ്, ബഹിരാകാശ യാത്രികരെ കുറിച്ചാണ്. സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ഭൂമിയിൽ കാല് തൊട്ടതും ആഘോഷമാക്കിയതും എല്ലാം നമ്മൾ കണ്ടതാണ്. പലരും പലവട്ടം ബഹിരാകാശ യാത്രികരുടെ ശാരീരിക ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പല കിംവദന്തികളും പടരുകയും ചെയ്തു. എന്നാൽ ബഹിരാകാശ യാത്രികരുടെ മാനസിക ആരോഗ്യത്തെ കുറച്ച് മിക്കവരും ചിന്തിച്ചിട്ടുണ്ടാവില്ല. നമ്മൾ കരുതുന്ന പോലെ അത്ര നിസാരമല്ല കാര്യങ്ങൾ.
ഒറ്റപ്പെടലും മറികടക്കലും
ബഹിരാകാശ യാത്രയിൽ ഗവേഷകർ നാടും വീടും, ഭൂമിയെയും തന്നെ വിട്ട് പോകുന്നതിനാൽ അവർക്കു നിശ്ചിത സമയത്തിൽ കൂടുതൽ തങ്ങേണ്ടിവന്നാൽ അത് മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. ബഹിരാകാശത്ത് സഞ്ചാരികള്‍ നേരിടുന്ന ദീർഘകാല ഒറ്റപ്പെടലും ഒരുതരം തടങ്കൽ രീതിയും അവരിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കാമെന്ന് നാസ തന്നെ പറയുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു ക്രൂ അംഗത്തിന്‍റെ ഉറക്കം, മനോവീര്യം, തീരുമാനമെടുക്കാൻ ഉള്ള അവരുടെ കഴിവ് എന്നിവയെ സാരമായി ബാധിച്ചേക്കാം.
ഈ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിനായി നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്രൂ അംഗങ്ങൾക്ക് പിന്തുണയ്‌ക്കായി കുടുംബാംഗങ്ങളുമായും മെഡിക്കൽ പ്രൊഫഷണലുകളുമായും വെർച്വലായി സംസാരിക്കാൻ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ യാത്രികര്‍ ഇത്തരം മാനസിക പിരിമുറുക്കത്തിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നാസ കുറെ നിർദേശങ്ങൾ അവര്‍ക്കായി മുന്നോട്ടുവയ്ക്കുന്നുണ്ട്.
അതിൽ ഒന്നാമതായി ഡയറി എഴുതാൻ ബഹിരാകാശ ഗവേഷകരെ നിർബന്ധിക്കുന്നതാണ്. ഇത്തവണത്തെ ഐഎസ്എസ് ദൗത്യത്തിനിടെ സുനിതയും വിൽമോറും ചീര കൃഷി നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ആ കൃഷിയും മാനസിക ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗം കൂടിയാണ്. ചീര കൃഷി പരീക്ഷണത്തിന് ലോ-ഗ്രാവിറ്റിയിലെ വളര്‍ച്ചയെ കുറിച്ച് പഠിക്കാനുള്ള ശാസ്ത്രീയ ലക്ഷ്യം കൂടിയുണ്ടുതാനും ബഹിരാകാശത്ത് പുതിയ പച്ചക്കറികൾ വളർത്തുന്നത് ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ നൽകുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഭാവിയിൽ ചൊവ്വ പോലൊരു ഗ്രഹത്തിലേക്ക് യാത്ര ചെയ്യാനായി പദ്ധതിയിടുന്നത് കൊണ്ടുതന്നെ ഭൂമിയിലെ ഗവേഷണ വോളണ്ടിയര്‍മാരെ ഒന്നിലധികം മാസങ്ങള്‍ ഒറ്റപ്പെട്ടതും പരിമിതവുമായ അന്തരീക്ഷത്തിൽ താമസിപ്പിച്ച്, അവര്‍ എങ്ങനെ ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നു എന്നതിനെ കുറിച്ച് പഠിക്കാന്‍ നാസ ശ്രമിക്കുന്നുണ്ട്. ഇത്തരം പരീക്ഷങ്ങൾ ഭാവിയിൽ ഒരു ക്രൂവിനെ സുരക്ഷിതമായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറമുള്ള ദൗത്യങ്ങൾക്ക് തയ്യാറാക്കാൻ നാസയെ സഹായിക്കും.
പ്രതീക്ഷയുടെ ജാലകങ്ങള്‍
ബഹിരാകാശ പേടകത്തിന്‍റെ ജാലകങ്ങൾ ബഹിരാകാശ യാത്രികരുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നവയാണ് എന്നും നാസ പറയുന്നു. ഈ ജാലകങ്ങള്‍ ബഹിരാകാശത്ത് ആയിരിക്കുമ്പോൾ യാത്രികരുടെ ഏകാന്തതയും ഒറ്റപ്പെടലും കുറയ്ക്കുന്നതായാണ് അനുമാനം. ഒരു ബഹിരാകാശ യാത്രികന്‍റെ മാനസിക ക്ഷേമത്തിന് സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്. ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണത്തിന്, ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്‍റിന്‍റെ വലിപ്പമുള്ള ഒരു പരിമിതമായ അന്തരീക്ഷത്തിൽ നിരവധി വർഷത്തേക്ക് ക്രൂവിന് ഒരുമിച്ച് താമസിക്കേണ്ടി വരും. അതിനാൽ കുറഞ്ഞ സ്ഥലമുള്ള ഒരു അന്തരീക്ഷത്തിൽ സ്വകാര്യത എങ്ങനെ പരമാവധിയാക്കാമെന്ന് നാസയിലെ ഗവേഷകർ പഠിക്കുന്നുണ്ട്. ഭാവി ദൗത്യങ്ങളുടെ വിജയത്തിനും സുരക്ഷയ്ക്കും മാനസികാരോഗ്യം നിലനിർത്താൻ ക്രൂവിനെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ചുള്ള ഗവേഷണം അത്യന്താപേക്ഷിതമാണ്.
Read more: 400 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം; അവിടേക്ക് ഒരു സന്ദേശം എങ്ങനെ അയക്കും?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
