Zhuque-3 റോക്കറ്റിന്‍റെ മുകള്‍ ഭാഗം വിജയകരമായി ബഹിരാകാശം താണ്ടിയെങ്കിലും ലാന്‍ഡിംഗിനായുള്ള തിരികെ വരവില്‍ ബൂസ്റ്ററിന് തീപ്പിടിക്കുകയായിരുന്നു. ചൈനീസ് റോക്കറ്റ് തകര്‍ന്നുവീണത് റിക്കവറി സോണിന് സമീപം. 

ബെയ്‌ജിംഗ്: പുനഃരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ റോക്കറ്റുകളുടെ രംഗത്ത് അമേരിക്കന്‍ കുതിപ്പിനൊപ്പം എത്താനുള്ള ചൈനീസ് മോഹങ്ങള്‍ക്ക് തിരിച്ചടി. ചൈനയുടെ ചരിത്രത്തിലെ ആദ്യ റീയൂസബിള്‍ റോക്കറ്റായ Zhuque-3യുടെ പരീക്ഷണം പരാജയപ്പെട്ടു. ചൈനീസ് സമയം ബുധനാഴ്‌ച ഉച്ചയോടെ ജിയുക്വാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന Zhuque-3 റോക്കറ്റിന്‍റെ രണ്ടാംഭാഗം (Upper Stage) വിജയകരമായി ബഹിരാകാശം താണ്ടിയെങ്കിലും തിരികെ വരവില്‍ ബൂസ്റ്ററിന്‍റെ (First Stage) ലാന്‍ഡിംഗ് പരാജയപ്പെടുകയായിരുന്നു. ലാന്‍ഡിംഗ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന തറയ്‌ക്ക് സമീപം റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം അഗ്നിഗോളമായി തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ചൈനീസ് മോണിംഗ് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട്. ബെയ്‌ജിംഗ് ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യ ബഹിരാകാശ കമ്പനിയായ ലാന്‍ഡ്‌സ്പേസിന്‍റെതാണ് Zhuque-3 റോക്കറ്റ്.

ലാന്‍ഡിംഗ് പിഴച്ച് ചൈനീസ് ബൂസ്റ്റര്‍

216 അടി അഥവാ 66 മീറ്റര്‍ ഉയരമുള്ളതാണ് ലാന്‍ഡ്‌സ്പേസിന്‍റെ Zhuque-3 റോക്കറ്റ്. പുനഃരുപയോഗിക്കാന്‍ കഴിയുന്ന ബൂസ്റ്റര്‍ എന്ന നിലയിലാണ് ലാന്‍ഡ്‌സ്പേസ് ഈ റോക്കറ്റ് രൂപകല്‍പന ചെയ്യുന്നത്. റോക്കറ്റിന്‍റെ രണ്ടാംഭാഗം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചെങ്കിലും ആദ്യഘട്ട ബൂസ്റ്റര്‍ ഭാഗത്തിന്‍റെ റീഎന്‍ട്രി പിഴയ്‌ക്കുകയായിരുന്നു. റീഎന്‍ട്രിക്കിടെ ബൂസ്റ്ററിലെ ഒരു എഞ്ചിന്‍ തകരാറിലായി. ലാന്‍ഡിംഗ് ബേണിനിടെ തീപ്പിടിച്ച ബൂസ്റ്റര്‍ ഭാഗം ഉഗ്ര ശബ‌്‌ദത്തോടെ അഗ്നിഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നു. ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്ന റിക്കവറി സോണിന് സമീപമായിരുന്നു Zhuque-3ന്‍റെ ബൂസ്റ്റര്‍ ഭാഗം ദുരന്തമായത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ട്. എന്താണ് ബൂസ്റ്റര്‍ ഭാഗത്തിന് സംഭവിച്ച തകരാര്‍ എന്ന് പരിശോധിക്കുമെന്ന് ലാന്‍ഡ്‌സ്പേസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Scroll to load tweet…

അവകാശവാദങ്ങളുമായി റോക്കറ്റ് കമ്പനി

ബൂസ്റ്റര്‍ തിരിച്ചെടുക്കുന്നത് പരാജയമായെങ്കിലും റോക്കറ്റ് വിക്ഷേപണം വിജയമായിരുന്നുവെന്ന് ലാന്‍ഡ്‌സ്പേസ് അവകാശപ്പെട്ടു. റോക്കറ്റിന്‍റെ കന്നി പരീക്ഷണത്തില്‍ പേലോഡ് ഭ്രമണപഥത്തില്‍ വിന്യസിച്ചതോടെയാണ് ലാന്‍ഡ്‌സ്പേസിന്‍റെ ഈ അവകാശവാദം. ലക്ഷ്യമിട്ട സാങ്കേതികനേട്ടങ്ങള്‍ റോക്കറ്റ് കൈവരിച്ചതായും ലാന്‍ഡ്‌സ്പേസ് സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടു. സ്പേസ് എക്‌സിന്‍റെ വിശ്വസ്‌തമായ ഫാൽക്കൺ 9 റോക്കറ്റിനോട് സാമ്യമുള്ളതാണ് ചൈനീസ് കമ്പനിയുടെ Zhuque-3 റോക്കറ്റ്. രണ്ട് റോക്കറ്റുകളിലും പുനഃരുപയോഗിക്കാവുന്ന ആദ്യ ഘട്ടവും (ബൂസ്റ്റര്‍) ഉപയോഗിക്കാവുന്ന ഒരു മുകളിലെ ഘട്ടവും (അപ്പര്‍ സ്റ്റേജ്) ആണുള്ളത്. ദ്രാവക മീഥെയ്ൻ, ദ്രാവക ഓക്‌സിജൻ എന്നിവയുടെ മിശ്രിതമാണ് Zhuque-3 റോക്കറ്റിന്‍റെ ഇന്ധനം. ഫാൽക്കൺ 9 റോക്കറ്റുകള്‍ക്ക് ഏതാണ്ട് സമാനമായ പേലോഡ് ശേഷിയാണ് Zhuque-3 അവകാശപ്പെടുന്നത്. താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് (എല്‍ഇഒ) 18,300 കിലോഗ്രാം ഭാരമാണ് Zhuque-3 റോക്കറ്റിന് വഹിക്കാനാവുക. അതേസമയം ഫാല്‍ക്കണ്‍ 9ന് എല്‍ഇഒയില്‍ എത്തിക്കാനാവുക 22,800 കിലോഗ്രാം ഭാരമാണ്.

Scroll to load tweet…

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്