ബുധന്‍റെ വലിപ്പം കുറയുന്നതിനെ കുറച്ച് നേരത്തെയും പഠനങ്ങളുണ്ടായിരുന്നെങ്കിലും കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു 

നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധൻ. ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതെന്ന് കരുതുന്ന ബുധനെക്കുറിച്ച് ഇപ്പോൾ അമ്പരപ്പിക്കുന്ന ഒരു പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ബുധൻ കാലക്രമേണ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് സമീപകാല ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. ബുധന്‍റെ ആരം 2.7 മുതൽ 5.6 കിലോമീറ്റർ വരെ ചുരുങ്ങിപ്പോയി എന്നാണ് പുതിയ അളവെടുക്കൽ രീതികൾ തെളിയിക്കുന്നതെന്നാണ് ഗവേഷകരുടെ വാദം. 

ബുധന്‍റെ സവിശേഷമായ ആന്തരിക ഘടന മൂലമാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നും ശാസ്‍ത്രജ്ഞർ പറയുന്നു. ഈ കണ്ടെത്തലുകൾ ബുധന്‍റെ ടെക്റ്റോണിക് പ്രവർത്തനത്തെക്കുറിച്ചുള്ള നിർണായക ഉൾക്കാഴ്‌ചകൾ നൽകുന്നു. തോമസ് ആർ. വാട്ടേഴ്‌സും ക്രിസ്റ്റ്യൻ ക്ലിംസാക്കും നയിച്ച ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ഈ പഠന റിപ്പോർട്ട് AGU Advances-ൽ പ്രസിദ്ധീകരിച്ചു.

ബുധന്‍റെ ആരം 2.7 മുതൽ 5.6 കിലോമീറ്റർ വരെ കുറഞ്ഞതായി സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നു. ഒന്നുമുതൽ ഏഴ് കിലോമീറ്റർ വരെ എന്ന മുൻകാല കണക്കുകളിൽ നിന്നുള്ള വലിയ മാറ്റമാണിത്. ബുധന്‍റെ ഉൾഭാഗത്തെ തണുപ്പിക്കൽ മൂലമാണ് പ്രധാനമായും ഈ ചുരുങ്ങൽ സംഭവിക്കുന്നത്. കോടിക്കണക്കിന് വർഷങ്ങളായി ഗ്രഹത്തിന് ചൂട് നഷ്‍ടപ്പെടുന്നതിനാൽ, കാമ്പ് ചെറുതായി ചുരുങ്ങുന്നു. മന്ദഗതിയിലുള്ള ഈ സങ്കോചം അതിലെ പാറക്കെട്ടിലുടനീളം ത്രസ്റ്റ് ഫോൾട്ടുകൾക്ക് കാരണമാകുകയും ഇത് ഉപരിതലത്തെ കംപ്രസ് ചെയ്യാൻ ഇടയാക്കുകയും ചെയ്യുന്നു.

കോടിക്കണക്കിന് വർഷങ്ങൾകൊണ്ടു നടക്കുന്ന ഈ പ്രക്രിയ ബുധന്‍റെ മൊത്തം വ്യാസം ഏകദേശം 11 കിലോമീറ്ററോളം ഇതുവരെ കുറച്ചു എന്നാണ് പുതിയ പഠനത്തിൽ ഗവേഷകർ പറയുന്നത്. അളവെടുക്കൽ രീതികളിൽ വന്ന മാറ്റം ഈ കണക്കുകൾ കൃത്യമാക്കുന്നതായും ഗവേഷകർ പറയുന്നു. മുമ്പ് ഈ ഉപരിതലത്തിലെ ഫോൾട്ടുകളുടെ വലിപ്പം അളന്നുകൊണ്ടായിരുന്നു ശാസ്ത്രജ്ഞർ ചുരുങ്ങൽ അളവ് കണക്കാക്കിയിരുന്നത്. എന്നാൽ ഈ കണക്കുകൾ കൃത്യമല്ലായിരുന്നു. ബുധൻ എത്രത്തോളം ചുരുങ്ങി എന്ന് കണക്കാക്കുന്നതിനുള്ള കൂടുതൽ നേരിട്ടുള്ളതും കൃത്യവുമായ രീതി പുതിയ ഗവേഷണം നൽകുന്നു. മൂന്ന് ഡാറ്റാസെറ്റുകൾ അടിസ്ഥാനമാക്കിയാണ് ഗവേഷക സംഘം അവരുടെ പുതിയ മോഡൽ പ്രവർത്തിപ്പിച്ചത്.

അതേസമയം, വലിപ്പക്കൂടുതലും ടെക്റ്റോണിക് പ്രവർത്തനവും കാരണം ഭൂമി കൂടുതൽ ആന്തരിക താപം നിലനിർത്തുന്നു, അതിനാൽ ഭൂമിയുടെ സങ്കോചം വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്നും ഗവേഷകർ പറയുന്നു. ബുധൻ ചെറുതും സജീവമായ പ്ലേറ്റ് ടെക്റ്റോണിക്സ് ഇല്ലാത്തതുമായതിനാൽ, ഉള്‍കാമ്പിലെ തണുപ്പിക്കൽ ഫലങ്ങൾ അതിന്‍റെ ഉപരിതലത്തിൽ കൂടുതൽ ദൃശ്യമാകുന്നുവെന്ന് എന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ചൊവ്വയിലും, മറ്റ് പാറക്കെട്ടുകളുള്ള ഗ്രഹങ്ങളിലും സമാനമായ സാങ്കേതികവിദ്യകൾ പ്രയോഗിക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ഇത് അവയുടെ ടെക്റ്റോണിക് ഷിഫ്റ്റിംഗിനെക്കുറിച്ചും താപ പ്രവാഹങ്ങളെക്കുറിച്ചും പുതിയ സൂചനകൾ നൽകും. സൗരയൂഥത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തിൽ ഈ പുതിയ പഠനങ്ങൾ വിപ്ലവം സൃഷ്‍ടിക്കും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News