ഞെട്ടിക്കുന്ന ശബ്‌ദത്തോടെയാണ് ഉല്‍ക്ക സ്കോട്ട്‌ലന്‍ഡിന്‍റെ ആകാശത്ത് കത്തിയമര്‍ന്നത്
സ്കോട്ട്ലൻഡിന്‍റെ ആകാശത്തുണ്ടായ ഉൽക്കാപതനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാത്രി ആകാശത്ത് വെളിച്ചം വിതറി ചീറിപ്പായുന്ന ഉൽക്കയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഗ്ലാസ്‌ഗോയിലെ സ്റ്റിർലിംഗിലെയും ലൂയിസ് ദ്വീപിലെയും ആർഗിൽ ആൻഡ് ബ്യൂട്ടിലെയും ജനങ്ങളാണ് ഓറഞ്ച് വെളിച്ചവും ഒപ്പം വലിയ സ്ഫോടന ശബ്‍ദത്തിനും സാക്ഷ്യം വഹിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഉൽക്കാജ്വലനം കാരണം ആകാശം ഏറെ സെക്കന്‍ഡുകള്‍ പ്രകാശപൂരിതമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നോർത്ത് ലാനാർക്ക്ഷെയറിലെ എയർഡ്രി പ്രദേശത്ത് നടക്കാൻ ഇറങ്ങിയ ഗില്ലിയൻ-ഇസബെല്ല മക്ലാഫ്ലിൻ എന്ന പ്രദേശവാസി താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു ഇതെന്നാണ് ഉല്‍ക്കാജ്വലനത്തെ കുറിച്ച് പറഞ്ഞത്. നൂറുകണക്കിന് സ്കോട്ട്ലൻഡുകാർ സോഷ്യൽ മീഡിയയിൽ ഈ പ്രകാശ വർഷത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ചിലർ വലിയ ശബ്‍ദം കേട്ടതായും റിപ്പോർട്ട് ചെയ്തു. ചുറ്റും ഭൂമികുലുക്കം സംഭവിക്കുകയാണെന്ന് കരുതിയെന്നും ചിലർ പറയുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മിക്കവാറും കത്തിത്തീരുകയും ആകാശത്ത് ഉടനീളം പ്രകാശരേഖകൾ സൃഷ്‍ടിക്കുകയും ചെയ്യുന്ന ബഹിരാകാശ പാറക്കഷണങ്ങളാണ് ഉൽക്കകൾ. ബഹിരാകാശത്ത് ചുറ്റി സഞ്ചരിക്കുന്ന ഈ പാറക്കഷണങ്ങൾ ഗുരുത്വാകർഷണ ബലത്താൽ ഭൂമിയിലേക്ക് ഇടയ്ക്കിടെ ആകർഷിക്കപ്പെടും. പക്ഷേ ഭൂമിയുടെ സംരക്ഷിത പാളിയിൽ തട്ടി ഈ ചെറിയ പാറകളിൽ പലതും കത്തിത്തീരുകയോ ചിതറിപ്പോകുകയോ ചെയ്യുന്നു. അപൂര്‍വമായി മാത്രം അപകടകരമായ വലിപ്പത്തിലുള്ള ഉല്‍ക്കാശിലകള്‍ ഭൂമിയില്‍ പതിക്കാറുണ്ട്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉൽക്ക പ്രവേശിക്കുന്ന വേഗത മൂലമുണ്ടാകുന്ന സോണിക് ബൂമാണ് ബിഗ് ബൂം. അത് ശബ്‍ദത്തിനേക്കാൾ വളരെ വേഗതയിൽ സഞ്ചരിക്കുന്നു. ഒപ്പം വായുവിനെ കംപ്രസ് ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉൽക്കകൾ പ്രവേശിക്കുമ്പോൾ കേൾക്കുന്ന സോണിക് ബൂം ആണ് പലരും ഭൂകമ്പത്തിന്‍റെ പ്രകമ്പനമായി തെറ്റിദ്ധരിക്കുന്നത്. ഈ സോണിക് ബൂമുകൾ ചിലപ്പോൾ വളരെ തീവ്രമായിരിക്കും. ഇവ കാരണം വീടുകളുടെ ജനാലകൾ ഉൾപ്പെടെ പൊട്ടിപ്പോകാനും സാധ്യതയുണ്ട്.



