ജലോര്‍ (രാജസ്ഥാന്‍): രാജസ്ഥാനില്‍ ആകാശത്ത് നിന്നും ഉല്‍ക്കാശിലയ്ക്ക് സമാനമായ വസ്തു പതിച്ചു, ആശങ്കയില്‍ നാട്ടുകാര്‍. ഇന്നലെ രാവിലെയാണ് രാജസ്ഥാനിലെ സഞ്ചോര്‍ നഗരത്തില്‍ ഉല്‍ക്കാശിലയ്ക്ക് സമാനമായ വസ്തു പതിച്ചത്. സ്ഫോടന വസ്തു പൊട്ടിത്തെറിക്കുന്നതിന് സമാനമായ ശബ്ദത്തോടെയാണ് ഈ വസ്തു പതിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

അജ്ഞാത വസ്തു പതിച്ച സ്ഥലത്ത് ഒരടിയോളം ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ടെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് സമാനമായ ശബ്ദം കേട്ടാണ് നാട്ടുകാര്‍ അജ്ഞാത വസ്തു പതിച്ച ഭാഗത്തേക്ക് എത്തുന്നത്. നിലത്ത് വീണ വസ്തു പുകയുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. നിലത്ത് വീണ് മണിക്കൂറുകള്‍ക്ക് ശേഷവും അജ്ഞാത വസ്തുവില്‍ നിന്ന് ചൂട് പുറത്തുവരുന്ന നിലയിലായിരുന്നു. വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലായി. സ്ഥലത്ത് നിന്ന് അകലം പാലിക്കണമെന്ന് ജില്ലാ ഭരണാധികാരികള്‍ പ്രദേശവാസികളോട് നിര്‍ദ്ദേശിച്ചു. 

പൂര്‍ണമായും തണുത്ത ശേഷം അജ്ഞാത വസ്തു ഒരു ജാറിലാക്കി തുടര്‍ പരിശോധനകള്‍ക്കായി കൊണ്ടുപോയി. വിദഗ്ധര്‍ അജ്ഞാത വസ്തു പരിശോധിക്കുമെന്ന് പൊലീസ് വിശദമാക്കി. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടപ്പോള്‍ വിമാനം തകര്‍ന്നതാണോയെന്ന ഭയത്തിലാണ് നാട്ടുകാരുണ്ടായിരുന്നത്. മൂന്ന് കിലോയോളം ഭാരമാണ് അജ്ഞാത വസ്തുവിനുള്ളതെന്നും സംഭവത്തില് പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്‍സ്പെക്ടര്‍ മംഗല്‍ സിംഗ് ഇന്ത്യ ടുഡേയോട് വ്യക്തമാക്കി. 

ചിത്രത്തിന് കടപ്പാട് : ഇന്ത്യ ടുഡേ