പവിഴപ്പുറ്റുകളേക്കാള്‍ സുന്ദരമായി പല വര്‍ണങ്ങളില്‍ തിളങ്ങുന്ന എന്‍ജിസി 6744 എന്ന നക്ഷത്രക്കൂട്ടമാണ് ഇതിലൊരു ഗ്യാലക്‌സി
വാഷിംഗ്‌ടണ്‍: ബഹിരാകാശത്തെ വിസ്‌മയ കാഴ്‌ചകള്‍ പകര്‍ത്തുന്ന നാസയുടെ ഹബിള്‍ ടെലിസ്‌കോപ്പില്‍ നിന്ന് രണ്ട് അവിസ്‌മരണീയ ചിത്രങ്ങള്‍ കൂടി. ഭൂമിയില്‍ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന NGC 6744, NGC 3430 എന്നീ ഗ്യാലക്സികളെയാണ് ഹബിള്‍ ടെലിസ്‌കോപ്പ് പകര്‍ത്തിയിരിക്കുന്നത്. ഇതില്‍ എന്‍ജിസി 6744ന് ഭൂമി ഉള്‍പ്പെടുന്ന നമ്മുടെ ക്ഷീരപഥവുമായി രൂപത്തില്‍ സാമ്യതകളുണ്ട്.
എന്‍ജിസി 6744
പവിഴപ്പുറ്റുകളേക്കാള്‍ സുന്ദരമായി പല വര്‍ണങ്ങളില്‍ തിളങ്ങുന്ന എന്‍ജിസി 6744 എന്ന നക്ഷത്രക്കൂട്ടത്തെയാണ് നാസയുടെ ഹബിള്‍ ടെലിസ്‌കോപ്പിലെ വൈള്‍ഡ് ഫീള്‍ഡ് ക്യാമറ 3 പകര്‍ത്തിയത്. നക്ഷത്രങ്ങള്‍ക്ക് പുറമെ വാതകങ്ങളും പൊടിപടലങ്ങളുമാണ് ഈ ഗ്യാലക്‌സിക്ക് മനോഹര രൂപം ക്യാമറ കാഴ്‌ചയില്‍ നല്‍കിയിരിക്കുന്നത്. ഏറെ പഴക്കമുള്ള മഞ്ഞ നിറത്തിലുള്ള നക്ഷത്രങ്ങളാണ് ഈ ഗ്യാലക്‌സിയുടെ മധ്യ ഭാഗത്തായി കാണുന്നത്. പിങ്ക്, നീല എന്നീ നിറങ്ങളിലുള്ള നക്ഷത്രങ്ങളാണ് മറ്റൊരു സവിശേഷത. പുത്തന്‍ നക്ഷത്രങ്ങളെ നീല വര്‍ണം സൂചിപ്പിക്കുമ്പോള്‍ പിങ്ക് നിറം നക്ഷത്രങ്ങള്‍ രൂപംകൊള്ളുന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. ഈ ഗ്യാലക്‌സി ഇപ്പോഴും വളരെ സജീവമാണ് എന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. രണ്ട് ലക്ഷം പ്രകാശവര്‍ഷത്തേക്കാള്‍ വ്യാസമാണ് എന്‍ജിസി 6744 ഗ്യാലക്‌സിക്ക് കണക്കാക്കുന്നത്. 2005ല്‍ ഇതേ ഗ്യാലക്‌സിക്ക് അകത്ത് 2005at എന്ന സൂപ്പര്‍നോവയെ കണ്ടെത്തിയിരുന്നു.
എന്‍ജിസി 3430
ഒരു ചുഴലിക്കാറ്റിന്‍റെ കണ്ണ് പോലെ തോന്നിക്കുന്ന ആകൃതിയുള്ള എന്‍ജിസി 3430 എന്ന ഗ്യാലക്‌സിയാണ് ഹബിള്‍ ടെലിസ്‌കോപ്പ് പകര്‍ത്തിയ മറ്റൊരു ചിത്രം. ഭൂമിയില്‍ നിന്ന് 100 മില്യണ്‍ പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്യാലക്‌സി നിലകൊള്ളുന്നത്. വാതകങ്ങളും പൊടിപടലങ്ങളുമാണ് ചുഴലിക്കാറ്റിന്‍റെ കണ്ണ് പോലുള്ള സവിശേഷ ആകൃതി ഈ ഗ്യാലക്‌സിക്ക് നല്‍കുന്നത്. പുതിയ നക്ഷത്രങ്ങള്‍ രൂപംകൊള്ളുന്നതിന്‍റെയും പിന്നിലായി അയല്‍ക്കാരായ മറ്റ് ഗ്യാലക്‌സികളുടെ സൂചനകളും ഈ ചിത്രം നല്‍കുന്നു.
Read more: വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം അതിവേഗം ഭൂമിക്ക് അരികിലേക്ക്; മുന്നറിയിപ്പുമായി നാസ
