കുതിരലാടത്തിന്‍റെ ആകൃതിയുള്ള ഒരു ദ്വീപ്, ഭാവിയിലും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഇടം, അങ്ങോട്ട് വര്‍ഷംതോറും നൂറുകണക്കിന് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു! എന്തിന്?

അന്‍റാര്‍ട്ടിക്ക: മഞ്ഞ് മൂടിക്കിടക്കുന്ന അന്‍റാര്‍ട്ടിക്കന്‍ പ്രധാന കരയുടെ ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. അന്‍റാര്‍ട്ടിക്കയില്‍ നിന്ന് വ്യത്യസ്തമായ ആകൃതിയുള്ള ഒരു ദ്വീപിന്‍റെ ചിത്രം മുമ്പ് പകര്‍ത്തിയിട്ടുണ്ട് നാസയുടെ ഒരു കൃത്രിമ ഉപഗ്രഹം. ഡിസെപ്ഷന്‍ ദ്വീപ് എന്നാണ് ഇതിന്‍റെ പേര്. 14.5 കിലോമീറ്ററാണ് ദ്വീപിന്‍റെ വ്യാപ്തി. ഏറെ സവിശേഷതകളുള്ള ദ്വീപാണിത്. 

നാസയുടെ ലാന്‍ഡ്‌സാറ്റ് 8 സാറ്റ്‌ലൈറ്റ് 2018 മാര്‍ച്ച് 13നാണ് അന്‍റാര്‍ട്ടികയിലെ ഡിസെപ്ഷന്‍ ദ്വീപ് പകര്‍ത്തിയത്. കുതിരലാടത്തിന്‍റെ ആകൃതിയാണ് ഈ ദ്വീപിന്. 4000 വര്‍ഷം മുമ്പ് നടന്ന ഒരു അഗ്നപര്‍വത സ്ഫോടനത്തിലാണ് ഡിസെപ്ഷന്‍ ദ്വീപ് രൂപപ്പെട്ടത് എന്നാണ് അനുമാനം. ഈ അഗ്നിപര്‍വത സ്ഫോടനത്തില്‍ 30 മുതല്‍ 60 വരെ ക്യുബിക് കിലോമീറ്റര്‍ മാഗ്മയും ചാരവും പുറത്തെത്തിയതായി കണക്കാക്കുന്നു. അന്‍റാര്‍ട്ടിക്കയില്‍ 12,000 വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ അഗ്നിപര്‍വത സ്ഫോടനമായാണ് ഇതിനെ രേഖപ്പെടുത്തുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ അവസാനവും ഇവിടെ നേരിയ അഗ്നിപര്‍വത സ്ഫോടനങ്ങളുണ്ടായി. എന്നാല്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ രേഖപ്പെടുത്തിയില്ല. 

അന്‍റാര്‍ട്ടിക്കന്‍ പ്രധാന ദ്വീപില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയുള്ള ഡിസെപ്ഷന്‍ ദ്വീപില്‍ ഏറെ ശാസ്ത്രീയ പഠനങ്ങള്‍ നടക്കുന്നുണ്ട്. ഭൗമശാസ്ത്രപരമായി ഏറെ പ്രാധാന്യം ഈ ദ്വീപിന് കരുതപ്പെടുന്നു. പെന്‍ഗ്വിനുകളും സീലുകളും കടല്‍പക്ഷികളുമുള്ള ആവസ്ഥവ്യവസ്ഥ കൂടിയാണ് ഈ കടല്‍. വര്‍ഷംതോറും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഈ ദ്വീപ് സന്ദര്‍ശിക്കാനെത്തുന്നത്. അന്‍റാര്‍ട്ടിക്കയിലെ അറിയപ്പെടുന്ന ശാസ്ത്രീയ പരീക്ഷണശാലയായ ഈ ദ്വീപില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുവരുന്നു. ദക്ഷിണധ്രുവത്തിലെ ഗവേഷണങ്ങളില്‍ ഏറെ പ്രാധാന്യം ഡിസെപ്ഷന്‍ ദ്വീപിന് കണക്കാക്കുന്നുണ്ട്. 

Read more: അഭിമാന ചുവടുവെപ്പ്; ഗഗൻയാൻ-1 ദൗത്യത്തിനുള്ള റോക്കറ്റ് നിർമാണം ഐഎസ്ആര്‍ഒ ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം