Asianet News MalayalamAsianet News Malayalam

ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ബലൂണില്‍ ഭീമന്‍ ടെലിസ്‌കോപ്പ്, നാസയുടെ പുതിയ നക്ഷത്രപഠനം ഇങ്ങനെ

ആസ്‌ട്രോസ് എന്ന ഈ പ്രോജക്റ്റില്‍ ടെലിസ്‌കോപ്പ് സ്ട്രാറ്റോസ്ഫിയറിലേക്ക് ഏകദേശം 130,000 അടി ഉയരത്തില്‍ ഉയര്‍ത്താനാണ് നാസയുടെ പരിപാടി

NASA will use stratospheric balloon the size of football field
Author
Washington D.C., First Published Jul 25, 2020, 6:49 PM IST

വാഷിംഗ്‌ടണ്‍: പ്രപഞ്ചത്തിലെ നക്ഷത്രങ്ങളെയും വാതകങ്ങളെയും പരിശോധിക്കുന്നതിനായി ദൂരദര്‍ശിനി ഘടിപ്പിച്ചിരിക്കുന്ന ഭീമാകാരമായ ബലൂണ്‍ വിക്ഷേപിക്കാനുള്ള പദ്ധതിയുമായി നാസ. ഈ ബലൂണിന് വലിയൊരു ഫുട്‌ബോള്‍ മൈതാനത്തേക്കാളും വലിപ്പമുണ്ട്. സബ് മില്ലിമീറ്റര്‍ തരംഗദൈര്‍ഘ്യത്തിലെ ഹൈ സ്‌പെക്ട്രല്‍ റെസല്യൂഷന്‍ നിരീക്ഷണങ്ങള്‍ക്കായുള്ള ആസ്‌ട്രോഫിസിക്‌സ് സ്ട്രാറ്റോസ്‌ഫെറിക് ടെലിസ്‌കോപ്പാണിതില്‍ ഉള്ളത്. ആസ്‌ട്രോസ് എന്ന ഈ പ്രോജക്റ്റില്‍ ടെലിസ്‌കോപ്പ് സ്ട്രാറ്റോസ്ഫിയറിലേക്ക് ഏകദേശം 130,000 അടി ഉയരത്തില്‍ ഉയര്‍ത്താനാണ് നാസയുടെ പരിപാടി. ഇതാദ്യമായണ് ഇത്തരമൊരു പഠനം നടത്തുന്നതും ഇതിനായി ഇത്രയും വലിയൊരു പദ്ധതിയും ഭീമാകാരമായ ബലൂണ്‍ വിക്ഷേപിക്കുന്നതും.

നാസ പറയുന്നത്, പൂര്‍ണമായും വികസിക്കുമ്പോള്‍ 400 അടി (150 മീറ്റര്‍) വീതിയുള്ള ബലൂണുകള്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് 2023 ഡിസംബറില്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ്. സ്ട്രാറ്റോസ്ഫിയറിലേക്ക് ഉയര്‍ത്തിക്കഴിഞ്ഞാല്‍, പുതുതായി രൂപംകൊണ്ട നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള വാതകത്തിന്റെ ചലനവും വേഗതയും അളക്കുന്നതിനുള്ള ശ്രമത്തില്‍ നിലവില്‍ ഭൂമിയില്‍ നിന്ന് കാണാനാകാത്ത തരംഗദൈര്‍ഘ്യങ്ങള്‍ ആസ്‌ട്രോസിന് നിരീക്ഷിക്കാനാകും.

ക്ഷീരപഥത്തിലെ രണ്ട് നക്ഷത്രരൂപങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ നാല് ലക്ഷ്യങ്ങളെക്കുറിച്ച് മിഷന്‍ പഠിക്കുമെന്ന് നാസ പറയുന്നു. വമ്പന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള കാറ്റുകളും സൂപ്പര്‍നോവ സ്‌ഫോടനങ്ങളും കൊണ്ടു ജനിക്കുന്ന നക്ഷത്ര പ്രദേശങ്ങളെയാണ് ആസ്‌ട്രോസ് നിരീക്ഷിക്കുന്നത്. ഇവിടെ നിന്നുള്ള വാതക മേഘങ്ങളിലെ പ്രത്യേക തരം നൈട്രജന്‍ അയോണുകളുടെ സാന്നിധ്യം ഈ ദൗത്യം ആദ്യമായി കണ്ടെത്തും. പുതിയ നക്ഷത്രങ്ങള്‍ അവയുടെ പരിസ്ഥിതിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാണുന്നതിന് ഇവ രൂപപ്പെടുന്ന പ്രദേശങ്ങളിലെ വാതകത്തിന്റെ സാന്ദ്രത, വേഗത, ചലനം എന്നിവയുടെ വിശദമായ 3 ഡി മാപ്പുകളും ആസ്‌ട്രോസ് നിര്‍മ്മിക്കും. നക്ഷത്ര രൂപീകരണത്തിലെ ഒരു നിര്‍ണായക പ്രക്രിയയായ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും ഗ്യാലക്‌സി പരിണാമത്തിന്റെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ മെച്ചപ്പെടുത്താനും ഇതു സഹായിക്കുമെന്ന് നാസ പ്രതീക്ഷിക്കുന്നു.

മറ്റ് ബഹിരാകാശ ദൗത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബലൂണുകള്‍ കുറഞ്ഞ സാങ്കേതികവിദ്യയാണെന്ന് തോന്നുമെങ്കിലും, ഇന്ധന അധിഷ്ഠിത വിന്യാസങ്ങളെ അപേക്ഷിച്ച് സാങ്കേതികവിദ്യയ്ക്ക് നിരവധി നേട്ടങ്ങളുണ്ടെന്ന് നാസ പറയുന്നു. ബഹിരാകാശ ദൗത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആസ്‌ട്രോസിന്റെ ദൗത്യത്തിനു ചെലവ് വളരെ കുറവാണ്. മാത്രമല്ല, നേരത്തെയുള്ള ആസൂത്രണം ആവശ്യമില്ല താനും. പുതിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉയര്‍ന്ന അപകടസാധ്യതകള്‍ ഇല്ലാതാക്കാനും കഴിയും. ഇതുവരെ ബഹിരാകാശത്ത് നിന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നക്ഷത്ര അളവുകള്‍ കണ്ടെടുക്കാന്‍ മിഷന്‍ ശ്രമിക്കുമെന്നും ആസ്‌ട്രോസിന്റെ പ്രോജക്ട് മാനേജര്‍ ജെപിഎല്‍ എഞ്ചിനീയര്‍ ജോസ് സൈല്‍സ് പറഞ്ഞു.

പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിച്ചും അടുത്ത തലമുറയിലെ എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരിശീലനം നല്‍കിയും ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

സൈബര്‍ ലോകത്ത് വ്യാജന്മാര്‍ പെരുകുന്നു; മാല്‍വെയറുകള്‍ വ്യാപകം, ജാഗ്രത വേണമെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Follow Us:
Download App:
  • android
  • ios