ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ദവാന്‍റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് സൈന്‍റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്.

ദില്ലി: ഭഗവത് ഗീതയുടെ കോപ്പിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, 25,000 പേരുടെ പേരുകളുമായി ഒരു കൃത്രിമോപഗ്രഹം ഇന്ത്യ ബഹിരാകാശത്ത് എത്തിക്കും. ഈ മാസം അവസാനമാണ് എസ്.ഡി സാറ്റ് എന്ന ഉപഗ്രഹത്തെ ഇന്ത്യയുടെ പിഎസ്എല്‍വി ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുക. സതീഷ് ദവാന്‍ സാറ്റലൈറ്റ് എന്നാണ് എസ്.ഡി സാറ്റിന്‍റെ പൂര്‍ണ്ണരൂപം.

ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ സ്ഥാപകരില്‍ ഒരാളായ സതീഷ് ദവാന്‍റെ പേരിലാണ് നാനോ സാറ്റലൈറ്റ് ഗണത്തില്‍ പെടുന്ന കൃത്രിമോപഗ്രഹ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് സൈന്‍റഫിക്ക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിനുള്ളത്. ഒന്ന് ബഹിരാകാശ റേഡിയേഷന്‍ സംബന്ധിച്ച പഠനത്തിനാണ്, രണ്ടാമത്തേത് മാഗ്നറ്റോസ്പീയറിനെക്കുറിച്ച് പഠിക്കാനാണ്, മൂന്നാമത്തേത് ലോ പവര്‍ വൈഡ് ഏരിയ നൈറ്റ്വര്‍ക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡലാണ്. സ്പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

സാറ്റലൈറ്റില്‍ ബഹിരാകാശത്തേക്ക് അയക്കാന്‍ പേരുകള്‍ തേടിയപ്പോള്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 25,000 എന്‍ട്രികള്‍ പൂര്‍ണ്ണമായി. ഇതില്‍ 1000 എണ്ണം വിദേശരാജ്യത്ത് നിന്നാണ്. ചെന്നൈയിലെ ഒരു സ്കൂള്‍ മുഴുവന്‍ കുട്ടികളുടെ പേരും നല്‍കി സ്പേസ് കിഡ്സ് പ്രോഗ്രാം സിഇഒ ഡോ. ശ്രീമതി കേശന്‍ പറഞ്ഞു.

പേരുകള്‍ അയച്ചവര്‍ക്ക് 'ബോര്‍ഡിംഗ് പാസ്' നല്‍കിയിട്ടുണ്ട്. ഭഗവത് ഗീതയുടെ ഒരു കോപ്പിയും ഈ സാറ്റലൈറ്റില്‍ അയക്കുമെന്നാണ് ഡോ. ശ്രീമതി കേശന്‍ പറയുന്നത്. നേരത്തെ ബൈബിള്‍ പോലുള്ള ഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ അയച്ചിട്ടുണ്ടെന്നും സ്പേസ് കിഡ്സ് സിഇഒ പറയുന്നു. ഇതിനൊപ്പം ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച കൃത്രിമോപഗ്രഹമാണ് ഇത് അതിനാല്‍ ടോപ്പ് പാനലില്‍ പ്രധാനമന്ത്രി മോദിയുടെ പേരും പടവും നല്‍കുന്നുണ്ട്.

ഞായറാഴ്ച വിക്ഷേപണത്തിനായി എസ്.ഡി സാറ്റ് ഐഎസ്ആര്‍ഒയ്ക്ക് കൈമാറും മുന്‍പ് അവസാന ഒരുക്കങ്ങളിലാണ് സ്പേസ് കിഡ്സ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബഹിരാകാശ രംഗത്തെ സ്വകാര്യ നിക്ഷേപത്തിന് രാജ്യം അനുവാദം നല്‍കിയ ശേഷം ഇത് ആദ്യമായാണ് രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപുകളുടെ കൃത്രിമോപഗ്രഹം ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരി 28നാണ് പിഎസ്എല്‍വി സി51 ദൌത്യം നിശ്ചയിച്ചിരിക്കുന്നത്. ഈ ദൌത്യത്തില്‍ ബ്രസീലിന്‍റെ പ്രധാന ഉപഗ്രഹത്തോടൊപ്പം ഏതാണ്ട് 20 ചെറു കൃത്രിമോപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിക്കും.