സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്

ലഡാക്ക്: ആകാശം നിറങ്ങള്‍ കൊണ്ട് കവിതയെഴുതി! നീലയും ചുവപ്പും വയലറ്റും ലാവന്‍ഡറും നക്ഷത്രങ്ങള്‍ക്ക് കീഴെ ഒരു ചിത്രം പോലെ തെളിഞ്ഞുവന്നു. അതിശക്തമായ സൗരകൊടുങ്കാറ്റിന്‍റെ തുടര്‍ച്ചയായി ഇന്ത്യയിലെ ലേയിലും ലഡാക്കിലും ധ്രുവദീപ്തി (നോര്‍ത്തേണ്‍ ലൈറ്റ്‌സ്) ദൃശ്യമായി. അതിശക്തമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റിന്‍റെ ബാക്കിപത്രം എന്ന നിലയ്ക്കാണ് ലേയില്‍ ഒക്ടോബര്‍ 10ന് ധ്രുവദീപ്തി അഥവാ അറോറ ദൃശ്യമായത്. 

ഒക്ടോബര്‍ 9ന് സൂര്യനില്‍ നിന്നുണ്ടായ അതിശക്തമായ എക്‌സ് 1.8 സൗരക്കൗറ്റിനെ തുടര്‍ന്നുള്ള സിഎംഇയാണ് അറോറയ്ക്ക് കാരണമായത്. അമേരിക്കയില്‍ അലബാമയിലും വടക്കന്‍ കാലിഫോര്‍ണിയയിലും ഈ മായക്കാഴ്‌ച പ്രകടമായി. അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ദിവസങ്ങളായി ധ്രുവദീപ്തിക്ക് സാക്ഷ്യംവഹിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അറോറ മുന്നറിയിപ്പുണ്ട്. സാധാരണയായി യുഎസ്, കാനഡ, ഗ്രീന്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ സ്ഥിരമായി അറോറകള്‍ക്ക് സാക്ഷ്യംവഹിക്കാറുണ്ട്. ഇടയ്ക്ക് ലഡാക്കിലും ലേയിലും ഈ വിസ്‌മയക്കാഴ്‌ച ദൃശ്യമാകും. ഇത്തരമൊരു മനോഹര ആകാശമാണ് ഇത്തവണയും ലേയെ തേടിയെത്തിയത്. ഇന്ത്യയില്‍ അറോറ ഏറ്റവും ദൃശ്യമാകുന്നയിടം കൂടിയാണ് ലഡാക്കും ലേയും. 

എന്താണ് ധ്രുവദീപ്‌തി?

സൂര്യന്‍റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ പൊട്ടിത്തെറികള്‍ സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകാറുണ്ട്. ഭൂമിയിലേക്ക് ധാരാളം ഊർജ കണികകളുടെ പ്രവാഹം ഇതിനെ തുടർന്നുണ്ടാകും. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്‍റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ഈ നിറക്കാഴ്‌ച കാണാന്‍ തെളിഞ്ഞ ആകാശം പ്രധാനമാണ്. ഒരാഴ്‌ചയായി സൂര്യനില്‍ തുടരുന്ന സൗരക്കാറ്റുകളാണ് തുടര്‍ച്ചയായ ദിനങ്ങളില്‍ ഇപ്പോള്‍ നോര്‍ത്തേണ്‍ ലൈറ്റ്‌സ് സമ്മാനിക്കുന്നത്. 

Read more: ക്ലിക്ക് ചെയ്യാന്‍ റെഡിയായിക്കോളൂ; നോർത്തേൺ ലൈറ്റ്സ് ഇനി എപ്പോള്‍, എവിടെ എന്ന് കൃത്യമായി അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം