ലാഹോര്‍: രാജ്യത്തിന്‍റെ പുതിയ ബഹിരാകാശ ദൗത്യങ്ങള്‍ വ്യക്തമാക്കി പാക്കിസ്ഥാന്‍. 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പാക്കിസ്ഥാന്‍ ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. ബഹിരാകാശയാത്രികനെ കണ്ടെത്താനുള്ള നടപടികകള്‍ അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ ആരംഭിക്കുമെന്നും ദി ന്യൂസ് ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുമായി ചേര്‍ന്നാണ് പാക്കിസ്ഥാന്‍ ഈ ബഹിരാകാശ ദൗത്യം നടപ്പാക്കുക. ആദ്യ ഘട്ടമെന്നോണം 50 പേരടങ്ങുന്ന ഒരു ചെറുസംഘത്തെയാണ് ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കുക. അത് 2022 ഓടെ 25 ആക്കി ചുരുക്കും.

ഈ 25 പേരില്‍ നിന്നാണ് 2022ല്‍ ബഹിരാകാശ ദൗത്യത്തിനുള്ള യാത്രികനെ തെരഞ്ഞെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശ യാത്രികനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ പാക്കിസ്ഥാന്‍ എയര്‍ ഫോഴ്സ് ആയിരിക്കും മുഖ്യപങ്ക് വഹിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.