സിയോള്‍: കൊവിഡിനെ തുടര്‍ന്നു സാമൂഹ്യ വിദൂര നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരായിരിക്കുന്നു. അതു കൊണ്ടു തന്നെ ലോകമെമ്പാടും കോഫി ഷോപ്പുകളും ഭക്ഷണശാലകളിലും വിലക്ക് വന്നത്. ഒരു ചായ കുടിക്കാന്‍ പോലും മാര്‍ഗ്ഗമില്ലാത്ത അവസ്ഥ. എന്നാല്‍, ഈ കടയില്‍ അതിനുള്ള പരിഹാരമുണ്ട്. ഇവിടെ ചായ കൊടുക്കുന്നതും ഓര്‍ഡര്‍ സ്വീകരിക്കുന്നതുമെല്ലാം ഒരു റോബോട്ടാണ്. പേര്, ബാരിസ്റ്റ. സംഗതി അങ്ങ്, ദക്ഷിണ കൊറിയയിലാണ്. ഇവിടെയുള്ളയൊരു കഫേയില്‍ കോഫി വിതരണം ചെയ്യുന്നത് ഈ റോബോട്ട് ബാരിസ്റ്റയാണ്. ഇതുവരെ ബാരിസ്റ്റയുടെ പ്രകടനത്തില്‍ ഉടമസ്ഥനും ഉപയോക്താക്കളും ഒരു പോലെ ഹാപ്പി!

ഉപഭോക്താക്കളെ സേവിക്കുന്നതിനും സാമൂഹിക വിദൂര നടപടികള്‍ക്ക് അനുസൃതമായി സഹായിക്കുന്നതിനുമാണ് ഈ ദക്ഷിണ കൊറിയന്‍ കഫേ ഒരു കോഫി നിര്‍മ്മാണ റോബോട്ട് ഇന്‍സ്റ്റാള്‍ ചെയ്തത്. ഡീജിയോണ്‍ നഗരത്തിലെ കഫേയിലെ പുതിയ സ്പീക്കിംഗ് റോബോട്ടിക് ബാരിസ്റ്റ ഒരു തൊഴിലാളിയുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു. ഇത്തരത്തിലൊരാളെ നിയമിച്ചാല്‍ അത് കോവിഡ് 19 വൈറസ് പരത്തിയേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ റോബോട്ടാകുമ്പോള്‍ അത്തരം പേടിയുടെ ആവശ്യമില്ല.

ഓട്ടോമാറ്റിക്ക് ഡ്രൈവിംഗ് കാറുകളില്‍ ഉപയോഗിക്കുന്ന ഇന്‍ ബില്‍റ്റ് സെന്‍സര്‍ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഈ റോബോട്ടിക് മെഷീന്‍ 60 വ്യത്യസ്ത തരം ചൂടുള്ള പാനീയങ്ങള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, റസ്റ്ററന്റുകളിലേക്ക് എത്തുന്ന അതിഥികള്‍ക്ക് സ്വാഗതമോതുകയും നന്ദി പറയുകയും ചെയ്യുന്നു. വേഗതയാണ് മറ്റൊരു പ്രയോജനം. കിയോസ്‌കിലൂടെ പ്രോസസ്സ് ചെയ്ത ആറ് പാനീയങ്ങളുടെ ഓര്‍ഡര്‍ വെറും ഏഴ് മിനിറ്റിനുള്ളില്‍ സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞു. റോബോട്ട് വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ഫാക്ടറി സൊല്യൂഷന്‍ പ്രൊവൈഡറായ വിഷന്‍ സെമിക്കോണ്‍ പറയുന്നതനുസരിച്ച്, പൊതുവായി സാമൂഹിക അകലം പാലിക്കാന്‍ ആളുകളെ റോബോട്ടുകള്‍ സഹായിക്കും.

റോബോട്ടിക് സിസ്റ്റം രണ്ട് ഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യമായി, ഒരു കോഫി നിര്‍മ്മാണ കിയോസ്‌ക്കായി പ്രവര്‍ത്തിക്കുന്നു. അവിടെ ഉപഭോക്താവിന് ഒരു ഓര്‍ഡര്‍ ടച്ച്‌സ്‌ക്രീനിലൂടെ നല്‍കാനാവും. ഈ കിയോസ്‌കിലുള്ള പാനീയങ്ങള്‍ ഒരു പമ്പ് സിസ്റ്റത്തില്‍ നിന്ന് കാര്‍ഡ്‌ബോര്‍ഡ് കപ്പുകളിലേക്ക് വിതരണം ചെയ്യുന്നത്, അത് അതിന്റെ റോബോട്ടിക് കൈ ഉപയോഗിച്ച് സ്വീകരിക്കുന്നു. ഒരു ട്രേയിലേക്കു മാറ്റിയ ഗ്ലാസുകളുമായി, അത് ഉപഭോക്താവിന്റെ മേശയിലേക്ക് പോകുന്നു. പുറകില്‍ വെളുത്ത ക്യാപ്‌സ്യൂള്‍ ആകൃതിയിലുള്ള കസ്റ്റമര്‍ ഡിസ്‌പ്ലേയും മുന്‍വശത്തെ ഗ്ലാസ് ഡിസ്‌പ്ലേയില്‍ ഒരു കൂട്ടം വെര്‍ച്വല്‍ കണ്ണുകളും ബാരിസ്റ്റയില്‍ ഉള്‍പ്പെടുന്നു. അത് അതിന്റെ സെന്‍സറുകളെ ഉള്‍ക്കൊള്ളുന്നു. മറ്റ് ഉപകരണങ്ങളിലേക്ക് ആശയവിനിമയം നടത്താനും ഡാറ്റ കൈമാറാനും ഇതിന് കഴിയും ഒപ്പം കഫേയ്ക്ക് ചുറ്റുമുള്ള മികച്ച റൂട്ടുകള്‍ കണക്കാക്കാന്‍ സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യയും അടങ്ങിയിരിക്കുന്നു.

കസേരകളും മേശകളും തമ്മിലുള്ള അകലം നിയന്ത്രിച്ച് സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിനു കഴിയും. രണ്ട് നിലകളുള്ള കഫേയില്‍ ആകെയുള്ളത് ഒരേയൊരു ജീവനക്കാരന്‍ മാത്രമായിരുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കുറഞ്ഞത് 30 കഫേകളെങ്കിലും ബാരിസ്റ്റ റോബോട്ടിനൊപ്പം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് വിഷന്‍ സെമിക്കോണ്‍ പറഞ്ഞു.