ഭൂമിയിൽ പതിച്ച അതിശക്തമായ ഊർജ്ജകണമായ 'അമതെരാസു'വിൻ്റെ ഉത്ഭവം സംബന്ധിച്ച ദുരൂഹതയ്ക്ക് പുതിയ വിശദീകരണം. ഗാലക്സികളില്ലാത്ത 'ലോക്കൽ വോയിഡ്' എന്ന ശൂന്യമേഖലയിൽ നിന്നാണ് ഇത് വന്നതെന്നായിരുന്നു ആദ്യ നിഗമനം.
ഭൗമാന്തരീക്ഷത്തിലേക്ക് ബഹിരാകാശത്ത് നിന്ന് പതിച്ച അതിശക്തമായ ഊര്‍ജ കണങ്ങളിൽ ഒന്നിന്‍റെ ഉത്ഭവം കണ്ടെത്താൻ ഗവേഷകര്‍. ജപ്പാനിലെ സൂര്യദേവതയായ അമതെരാസുവിന്‍റെ പേരിൽ അറിയപ്പെടുന്ന 'അമതെരാസു'കണം 2021-ലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. ലോകത്തിലെ ഏറ്റവും ശക്തവും വലുതുമായ കണമായ ലാർജ് ഹാഡ്രോൺ കൊളൈഡർ (എൽഎച്ച്‍സി) കണങ്ങളേക്കാൾ നാൽപ്പത് ദശലക്ഷം മടങ്ങ് കൂടുതൽ ഊർജം ഈ കണത്തിൽ ഉണ്ടെന്നതാണ് അതിശയകരമായ കണ്ടെത്തൽ.
ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയ രണ്ടാമത്തെ കരുത്തുറ്റ കോസ്‌മിക് രശ്‌മി
ഒരു കോസ്‍മിക് റേ ആണ് അമതെരാസു. പ്രകാശത്തിന്‍റെ വേഗതയിൽ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന അത്യുജ്ജ്വലമായ ഊർജമുള്ള വൈദ്യുത കണങ്ങളെയാണ് കോസ്‍മിക് റേകൾ എന്ന് അറിയപ്പെടുന്നത്. 1991-ൽ കണ്ടെത്തിയ 'ഓ മൈ ഗോഡ്' കണത്തിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന ഊർജമുള്ള കോസ്‍മിക് റേയാണ് അമതെരാസു. ഇത്തരം കണങ്ങൾ വളരെ അപൂർവമായതിനാൽ അവയുടെ ഉത്ഭവം കണ്ടെത്തുന്നത് ഗവേഷകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. സാധാരണയായി സൂപ്പർനോവാ സ്ഫോടനങ്ങളുടെ അവശിഷ്‍ടങ്ങളിലോ അതിവിശാലമായ തമോഗർത്തങ്ങൾ നിറഞ്ഞിരിക്കുന്ന ആകാശഗംഗകളുടെ കേന്ദ്രങ്ങളിലോ നിന്നാകാം ഇവ ഉദ്ഭവിക്കുന്നതെന്നാണ് കരുതുന്നത്.
എന്നാൽ അമതെരാസുവിന്‍റെ ഉത്ഭവം കൂടുതൽ ദുരൂഹമാണ്. കാരണം അത് 'ലോകൽ വോയിഡ്' എന്നറിയപ്പെടുന്ന, ആകാശഗംഗകൾ കുറവുള്ള ഒരു ശൂന്യമേഖലയിലാണ് ഉൽഭവിച്ചത് എന്നാണ് ഗവേഷകർ സംശയിക്കുന്നത്. അതേസമയം അത്യന്തം ശക്തമായ കോസ്‍മിക് കണങ്ങൾ സൃഷ്‍ടിക്കപ്പെടുന്ന പരിസ്ഥിതികൾ അവിടെ ഇല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്‌സിലെ ഗവേഷകരായ ഫ്രാൻസെസ്‍ക കാപെൽ, നദീൻ ബൗറിഷ് എന്നിവർ നടത്തിയ പഠനം പുതിയ വഴിത്തിരിവ് സൃഷ്‍ടിച്ചത്. അവരുടെ കണ്ടെത്തലുകൾ പ്രകാരം അമതെരാസു ലോകൽ വോയിഡിൽ നിന്നല്ല, മറിച്ച് സമീപത്തെ നക്ഷത്ര രൂപീകരണ ആകാശഗംഗകളിൽ നിന്നാകാം വന്നിരിക്കുന്നത് എന്നാണ്. പ്രത്യേകിച്ച് M82 പോലുള്ള ഗാലക്സികളാണ് അമതെരാസുവിന്‍റെ ഉദ്ഭവത്തിന് സാധ്യതയുള്ള ഉറവിടങ്ങൾ എന്നാണ് പുതിയ നിഗമനം. "ലോക്കൽ വോയിഡ് പോലുള്ള കുറഞ്ഞ സാന്ദ്രതയുള്ള സ്ഥലത്ത് നിന്ന് ഉത്ഭവിക്കുന്നതിനുപകരം, അമതേരാസു കണിക എം82 പോലുള്ള അടുത്തുള്ള നക്ഷത്രരൂപീകരണ ഗാലക്‌സിയിൽ ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നു," നദീൻ ബൗറിഷ് ഒരു പ്രസ്‍താവനയിൽ പറഞ്ഞതായി സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
അമതെരാസുവിനെ കുറിച്ചുള്ള കണ്ടെത്തല്‍ ഉള്‍ത്തിരിഞ്ഞത് ഇങ്ങനെ
പ്രപഞ്ചത്തിലൂടെ അമതെരാസുവിന്‍റെ സാധ്യമായ പാത കണ്ടെത്താൻ ഒരു നൂതനമായ ഡാറ്റാധിഷ്ഠിത സമീപനത്തിൽ നിന്നാണ് ഫ്രാൻസെസ്‍ക കാപെൽ, നദീൻ ബൗറിഷ് എന്നിവരുടെ കണ്ടെത്തലുകൾ ഉരുത്തിരിഞ്ഞത്. 'അപ്രോക്‌സിമേറ്റ് ബേയ്സിയൻ കംപ്യൂട്ടേഷൻ' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാന്തികക്ഷേത്രങ്ങളുടെ സ്വാധീനത്തിൽ കണം സഞ്ചരിച്ച പാത ഗവേഷകർ വിശകലനം ചെയ്‌തു. യഥാർഥ നിരീക്ഷണ വിവരങ്ങളും സിമുലേഷൻ ഫലങ്ങളും താരതമ്യം ചെയ്‌ത് സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്താനായിരുന്നു ശ്രമം.
ഈ കണ്ടെത്തലുകൾ അമതെരാസുവിന്‍റെ ഉത്ഭവം മാത്രമല്ല, അത്യധികം ഊർജമുള്ള കോസ്‍മിക് കണങ്ങൾ സൃഷ്‍ടിക്കുന്ന ബഹിരാകാശ സംഭവങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത നൽകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. ഭാവിയിൽ ഇത്തരത്തിലുള്ള പഠനങ്ങൾ പ്രപഞ്ചത്തിലെ അത്യന്തം ശക്തവും നിഗൂഢവുമായ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതൽ വികസിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.



