അമിത ചൂടും പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ കാർബൺ ഡൈ ഓക്സൈഡ് ക്ഷാമവും കൂടിച്ചേർന്ന് 2 ബില്യൺ വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ ജൈവമണ്ഡലം അവസാനിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നു
ടോക്യോ: നാസയുടെ പ്ലീനറ്ററി മോഡലിങ് ഉപയോഗിച്ച് ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനിൽ (സങ്കീർണമായ വിഷയങ്ങൾ സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്ന രീതി) ഭൂമിയിൽ 100 കോടി വർഷത്തിനുള്ളിൽ ഓക്സിജൻ അപ്രത്യക്ഷമാകുമെന്ന് പ്രവചനം. ഏകദേശം ഒരു ബില്യൺ വർഷത്തിനുള്ളിൽ ഭൂമിയിലെ ഓക്സിജൻ അപ്രത്യക്ഷമാകുമെന്നും അതുവഴി മനുഷ്യനടക്കമുള്ള ജീവികൾക്ക് അതിജീവനം അസാധ്യമാകുമെന്നും പ്രവചിക്കുന്നു. 400,000 സിമുലേഷനുകൾ ഉപയോഗിച്ചാണ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ പരിണാമം ഗവേഷണത്തിന് വിധേയമാക്കിയത്. കൃത്യം 1,000,002,021 വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ജൈവാന്തരീക്ഷം ഇല്ലാതാകുമെന്നാണ് പറയുന്നത്.
സൂര്യന് പ്രായമാകുന്തോറും കൂടുതൽ ചൂടും തിളക്കമുള്ളതായി തീരും. ഇത് ഭൂമിയുടെ കാലാവസ്ഥയെ ബാധിക്കും. വെള്ളം ബാഷ്പീകരിക്കപ്പെടുകയും ഉപരിതല താപനില ഉയരുകയും കാർബൺ ചക്രം ദുർബലമാവുകയും സസ്യങ്ങൾ ഇല്ലാതാകുകയും ചെയ്യും. ക്രമേണ ഓക്സിജൻ ഇല്ലാതായി തീരും. ഈ മാറ്റം ഗ്രേറ്റ് ഓക്സിഡേഷൻ സംഭവത്തിന് മുമ്പുള്ള ഭൂമിയെ അനുസ്മരിപ്പിക്കുന്ന ഉയർന്ന മീഥേൻ അവസ്ഥയിലേക്ക് അന്തരീക്ഷത്തെ എത്തിക്കുമെന്നും ഗവേഷകർ പറയുന്നു. 'ഭൂമിയുടെ ഓക്സിജൻ അടങ്ങിയ അന്തരീക്ഷത്തിന്റെ ആയുസ്സ്' എന്ന തലക്കെട്ടിൽ നേച്ചർ ജിയോ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സൂര്യന്റെ സ്ഥിരമായ പ്രകാശത്തെയും ആഗോള കാർബണേറ്റ്-സിലിക്കേറ്റ് ജിയോകെമിക്കൽ സൈക്കിളിനെയും കുറിച്ചുള്ള ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിൽ, ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ ആയുസ്സ് വർഷങ്ങളായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജപ്പാനിലെ ടോക്കിയോയിലെ ടോഹോ സർവകലാശാലയിലെ അസി. പ്രൊഫസർ കസുമി ഒസാക്കി വാർത്താക്കുറിപ്പിൽ പറഞ്ഞു.
അമിത ചൂടും പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ കാർബൺ ഡൈ ഓക്സൈഡ് ക്ഷാമവും കൂടിച്ചേർന്ന് 2 ബില്യൺ വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ ജൈവമണ്ഡലം അവസാനിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദൂര ഭാവിയിൽ അന്തരീക്ഷത്തിലെ ഓക്സിജൻ അളവ് ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഇത് എപ്പോൾ, എങ്ങനെ സംഭവിക്കുമെന്ന് കൃത്യമായി വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ ഇല്ലാതായാൽ 1 ബില്ല്യൺ വർഷത്തിൽ തന്നെ ഭൂമിയിലെ ജൈവമണ്ഡലം ഇല്ലാതാകുമെന്നാണ് ഗവേഷകർ പറയുന്നു.