പാതി മലയാളിയായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ സൊയൂസ് എംഎസ്-29 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. എട്ട് മാസം നീളുന്ന ദൗത്യത്തിൽ, ഭാവിയിലെ ചാന്ദ്ര-ചൊവ്വ യാത്രകൾക്ക് നിർണായകമായ എഐ ഉപയോഗിച്ചുള്ള മെഡിക്കൽ പരിശോധനകൾ ഉൾപ്പെടെയുള്ള ഗവേഷണങ്ങൾ നടത്തും.

സൊയൂസ് എംഎസ്-29 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) പ്രവേശിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ അനിൽ മേനോൻ. അദ്ദേഹത്തിനൊപ്പം റോസ്കോസ്മോസിന്റെ കോസ്മോണോട്ടുകളായ പ്യോട്ടർ ദുബ്രോവും അന്ന കിക്കിനയും ഉൾപ്പെട്ട സംഘത്തെ വഹിച്ച സൊയൂസ് പേടകം കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. ഇന്ത്യൻ സമയം രാത്രി 11.26-ഓടെ പേടകം ഐഎസ്എസുമായി വിജയകരമായി ഡോക്ക് ചെയ്തു. പിന്നാലെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സംഘം ബഹിരാകാശ നിലയത്തിനുള്ളിൽ പ്രവേശിച്ചു.

എട്ട് മാസത്തെ ശാസ്ത്രീയ ദൗത്യം

ഇനി എട്ട് മാസത്തെ തിരക്കേറിയ ശാസ്ത്രദൗത്യമാണ് അനിൽ മേനോനും സംഘത്തിനും മുന്നിലുള്ളത്. സോയൂസ് എംഎസ്-29 സംഘത്തിന്റെ എട്ട് മാസത്തെ ദൗത്യത്തിൽ ജീവശാസ്ത്രം, മെഡിക്കൽ സാങ്കേതികവിദ്യ, മെറ്റീരിയൽ സയൻസ് തുടങ്ങി വിവിധ മേഖലകളിൽ പരീക്ഷണങ്ങൾ നടക്കും. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ മെഡിക്കൽ പരിശോധന നടത്താനാകുമോ എന്ന പരീക്ഷണം മുതൽ ഉയർന്ന നിലവാരമുള്ള സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ നിർമ്മാണം വരെയുള്ള ഭാവിയിലെ ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്ക് നിർണായകമായ ഗവേഷണങ്ങളാണ് സംഘം ഐഎസ്എസിൽ നടത്തുക. മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സുരക്ഷിതമായി എത്തിക്കാനുള്ള ഭാവി പദ്ധതികൾക്ക് ഈ ഗവേഷണങ്ങൾ നിർണായക വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഐ ഉപയോഗിച്ചുള്ള മെഡിക്കൽ പരിശോധന

ദൗത്യത്തിലെ പ്രധാന ആകർഷണം ബഹിരാകാശത്ത് കൃത്രിമ ബുദ്ധി (AI)യും ഓഗ്മെന്റഡ് റിയാലിറ്റിയും (AR) ഉപയോഗിച്ചുള്ള അൾട്രാസൗണ്ട് പരിശോധനയാണ്. ഭൂമിയിലെ ഡോക്ടർമാരുടെ തത്സമയ നിർദേശമില്ലാതെ തന്നെ ബഹിരാകാശ സഞ്ചാരികൾക്ക് ആരോഗ്യപരിശോധന നടത്താൻ കഴിയുന്ന സംവിധാനത്തിന്റെ സാധ്യതയാണ് നാസ പരിശോധിക്കുന്നത്. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ബഹിരാകാശ സഞ്ചാരികൾക്ക് ആരോഗ്യപരിശോധനയിലും രോഗനിർണയത്തിലും സഹായിക്കുന്ന ഒരു മെഡിക്കൽ അസിസ്റ്റന്റ് സംവിധാനമാണ് നാസ പരീക്ഷിക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോലുള്ള ദീർഘദൂര മനുഷ്യ ദൗത്യങ്ങളിൽ ഭൂമിയുമായുള്ള ആശയവിനിമയത്തിൽ സമയതാമസം ഉണ്ടാകുമെന്നതിനാൽ ഇത്തരം സാങ്കേതികവിദ്യകൾ ഭാവിയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഭൂമിയിൽ നിന്ന് ഏറെ അകലെയുള്ള ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ദൗത്യങ്ങളിൽ തത്സമയ മെഡിക്കൽ സഹായം ലഭ്യമാകാതെ വരുമ്പോൾ, അൾട്രാസൗണ്ട് ചിത്രങ്ങൾ വിശകലനം ചെയ്യാനും ആവശ്യമായ വിവരങ്ങൾ നൽകാനും കഴിയുന്ന എഐ സംവിധാനങ്ങൾ നിർണായകമാകും. ഓഗ്മെന്റഡ് റിയാലിറ്റിയുമായി (AR) സംയോജിപ്പിച്ച ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ബഹിരാകാശ സഞ്ചാരികൾക്ക് കൂടുതൽ സ്വയംപര്യാപ്‍തമായി ആരോഗ്യപരിശോധന നടത്താനാകുമോയെന്നാണ് നാസ പരിശോധിക്കുന്നത്.

സെമികണ്ടക്ടർ ഗവേഷണത്തിലും പങ്കാളിത്തം

വൈദ്യശാസ്ത്ര ഗവേഷണത്തിനൊപ്പം സൂക്ഷ്‍മ ഗുരുത്വാകർഷണ സാഹചര്യത്തിൽ സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലും അനിൽ മേനോൻ പങ്കെടുക്കും. ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ, നൂതന മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാവശ്യമായ ഘടകങ്ങളുടെ നിർമ്മാണം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ ഗവേഷണം സഹായിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

സ്പേസ് എക്സിൽ നിന്ന് നാസയിലേക്ക്

2021-ലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ സഞ്ചാരി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിന് മുമ്പ് സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബഹിരാകാശ യാത്രകളിലെ മെഡിക്കൽ പിന്തുണയിലും മനുഷ്യശരീരത്തിൽ ബഹിരാകാശത്തിന്റെ സ്വാധീനം പഠിക്കുന്നതിലും അദ്ദേഹത്തിന് ദീർഘകാല പരിചയമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും നാസയുടെ ബഹിരാകാശ സഞ്ചാരി സംഘത്തിലെ അംഗമാണ്. നാസയിൽ ചേരുന്നതിന് മുമ്പ് സ്പേസ് എക്സിൽ പ്രവർത്തിച്ചിരുന്ന അവർ 2024-ലെ പോളാരിസ് ഡോൺ ദൗത്യത്തിൽ പങ്കെടുത്തിരുന്നു.

പരിചയസമ്പന്നരായ റഷ്യൻ കോസ്മോണോട്ടുകൾ

അനിൽ മേനോനൊപ്പം യാത്ര ചെയ്ത പ്യോത്ര് ദുബ്രോവിനും അന്ന കികിനയ്ക്കും ഇത് രണ്ടാം ബഹിരാകാശ യാത്രയാണ്. കികിന മുമ്പ് സ്പേസ് എക്സിന്റെ ക്രൂ-5 ദൗത്യത്തിൽ ഐഎസ്എസിലെത്തിയ ആദ്യ റഷ്യൻ കോസ്മോണോട്ടായി ചരിത്രം സൃഷ്‍ടിച്ചിരുന്നു.

ഭാവി പ്രതീക്ഷകൾ

ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ സുരക്ഷിതമായി എത്തിക്കാനുള്ള പദ്ധതികളിൽ ബഹിരാകാശ ചികിത്സാ സംവിധാനങ്ങൾ നിർണായക ഘടകമായിരിക്കുമെന്ന് നാസ വിലയിരുത്തുന്നു. അതിനാൽ തന്നെ എഐയുടെ സഹായത്തോടെ ഡോക്ടറുടെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ ആരോഗ്യപരിശോധന നടത്താനാകുമോ എന്ന പരീക്ഷണഫലങ്ങൾ ആഗോള ബഹിരാകാശ ഗവേഷണ രംഗം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.