100 ദശലക്ഷം നക്ഷത്രങ്ങളുള്ള ഈ ചിത്രത്തിന് 1.5 ബില്യണ്‍ പിക്‌സലുണ്ട്, ചിത്രം പൂര്‍ണമായും പ്രദര്‍ശിപ്പിക്കണമെങ്കില്‍ 600 എച്ച്ഡി ടിവി സ്ക്രീനുകള്‍ വേണ്ടിവരും 

കാലിഫോര്‍ണിയ: നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ ഹബിള്‍ സ്പേസ് ടെലിസ്‌കോപ്പിന്‍റെ (Hubble Space Telescope) മറ്റൊരു അത്ഭുതം. ഭൂമി ഉള്‍പ്പെടുന്ന ആകാശഗംഗയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആന്‍ഡ്രോമീഡ ഗാലക്സിയുടെ (Andromeda Galaxy) ഇതുവരെ പകര്‍ത്തപ്പെട്ട ഏറ്റവും വിശദമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി. ഭൂമിയില്‍ നിന്ന് 25 ലക്ഷം പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രസമൂഹമാണ് ആൻഡ്രോമീഡ ഗാലക്സി. 

സൗരയൂഥത്തിന്‍റെ അയല്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആൻഡ്രോമീഡ താരാപഥത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഒരു പതിറ്റാണ്ട് നീണ്ട ശ്രമമാണ് ഫലം കണ്ടിരിക്കുന്നത്. 2015ലാണ് ആൻഡ്രോമീഡയുടെ ഉത്തരാര്‍ദ്ധത്തിലെ ചിത്രങ്ങള്‍ സംയോജിപ്പിക്കാന്‍ ഹബിള്‍ സ്പേസ് ടെലിസ്കോപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങിയത്. ഒടുവില്‍ ആൻഡ്രോമീഡ താരാപഥത്തിന്‍റെ നാളിതുവരെയുള്ള ഏറ്റവും വിശദമായ ചിത്രം നാസ പുറത്തുവിട്ടു. 10 കോടി നക്ഷത്രങ്ങളെയും 1.5 ബില്യണ്‍ പിക്‌സലുകളെയും ഉള്‍ക്കൊള്ളുന്ന പനോരമിക് ചിത്രമാണ് ഹബിള്‍ പുറത്തുവിട്ടത്.

Scroll to load tweet…

ആൻഡ്രോമീഡ ഗാലക്സിയുടെ ഉത്തരാര്‍ദ്ധത്തിലെ ചിത്രങ്ങള്‍ സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായതായി വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ സോവു സെന്നും സഹപ്രവര്‍ത്തകരും 245-ാം അമേരിക്കന്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പകര്‍ത്തുന്നത് പോലെ സൂക്ഷ്മമമായ ജോലിയാണിത് എന്നാണ് സോവുവിന്‍റെ വാക്കുകള്‍. ആന്‍ഡ്രോമീഡ ഗ്യാലക്സിയിലെ ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളുടെ തിളക്കം ഈ ചിത്രത്തില്‍ കാണാം. ഹബിള്‍ സ്പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ച് പകര്‍ത്തപ്പെട്ട ഏറ്റവും വിപുലമായ ചിത്രം കൂടിയാണിത്. 

ഒരു സർപ്പിളാകൃതിയിലുള്ള താരാപഥമാണ്‌ ആൻഡ്രോമീഡ എന്നറിയപ്പെടുന്നത്. ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങൾ ആൻഡ്രോമീഡയിലുണ്ട് എന്നാണ്‌ ശാസ്ത്രജ്ഞരുടെ അനുമാനം. ഇത് ക്ഷീരപഥത്തിലുള്ളതിനേക്കാൾ ഏറെയാണ് എന്ന് മനസിലാക്കാം. ആൻഡ്രോമീഡയെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്. 

Read more: ഒന്ന് പവിഴപ്പുറ്റ് പോലെ, മറ്റൊന്നിന് ചുഴലിക്കാറ്റിന്‍റെ ഛായ; ഇതാ അതിശയിപ്പിക്കുന്ന ഗ്യാലക്‌സി ചിത്രങ്ങള്‍