ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കം നാലുപേരാണ് ആക്സിയം 4 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്
ദില്ലി: പലകുറിമാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യ വിക്ഷേപണം ജൂണ്‍ 19ന് നടക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്സിയം 4. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി സഹകരിച്ചാണ് ഈ ദൗത്യം ഐഎസ്എസിലേക്ക് നടത്തുന്നത്. ബഹിരാകാശ രംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്‍റെ ഭാഗമായാണ് 39-കാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പോകാന്‍ കാത്തിരിക്കുന്നത്.
തിരിച്ചടിയായ പ്രതിസന്ധികള്‍
നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം 4. മുപ്പത്തിയൊമ്പതുകാരനായ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. പരിചയസമ്പന്നയായ നാസ മുന്‍ ആസ്ട്രോണറ്റും ഇപ്പോള്‍ ആക്സിയം സ്പേസിന്‍റെ മനുഷ്യ ബഹിരാകാശ യാത്രകളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ആക്സിയം 4 ദൗത്യത്തിന്‍റെ കമാന്‍ഡര്‍.
ആക്സിയം 4 ദൗത്യ സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ പേടകം സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് മെയ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിന് ശേഷം ജൂണ്‍ 8, 10, 11 തീയതികളും നിശ്ചയിച്ചെങ്കിലും ദൗത്യം നടന്നില്ല. ആദ്യം കാലവസ്ഥാ പ്രശ്നങ്ങളും, പിന്നീട് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ദ്രവീകൃത ഓക്സിജന്‍ ചോര്‍ച്ച കണ്ടെത്തിയതും ദൗത്യം വൈകിപ്പിച്ചു. ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിൽ (സ്വെസ്ദ) മര്‍ദ്ദ വ്യതിയാനം കണ്ടെത്തിയത് ദൗത്യം വൈകാന്‍ ഒടുവില്‍ കാരണമായി. വിക്ഷേപണം വൈകിയതോടെ നിലവിൽ ശുഭാംശു ശുക്ലയും സംഘവും ക്വാറന്‍റീനിൽ തുടരുകയാണ്.
ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല
ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്. 1984-ൽ രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അനവധി പരീക്ഷണങ്ങള്‍ നടത്തും.



