ഭൂമിയില്‍ തിരിച്ചെത്തിയ ആക്സിയം 4 ദൗത്യ സംഘത്തിന് ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്

കാലിഫോര്‍ണിയ: ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പലാണ് വീണ്ടെടുക്കുക. 

ജൂണ്‍ 25ന് ആരംഭിച്ച ദൗത്യം

പലതവണ മാറ്റിവച്ച വിക്ഷേപണത്തിന് ശേഷം ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകളടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്നു.

Scroll to load tweet…

ഇനി ഏഴ് ദിവസം പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍

ഭൂമിയില്‍ തിരിച്ചെത്തിയ ആക്സിയം 4 ദൗത്യ സംഘത്തിന് ഇനി ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്. അത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം. നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി മെഡിക്കൽ, മാനസിക വിലയിരുത്തലുകൾ നടത്തും. ജോൺസൺ സ്‌പേസ് സെന്‍ററില്‍ നാസയുടെ മെഡിക്കല്‍ സംഘത്തിന് പുറമെ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്‌ധരും ശുഭാംശുവിന്‍റെ ആരോഗ്യനില നിരീക്ഷിക്കാനുണ്ടാകും.

മടങ്ങിയെത്തുന്ന നാല് ആക്സിയം യാത്രികരും ഫിസിക്കല്‍ തെറാപ്പിയടക്കമുള്ള ആരോഗ്യ പരിശീലനങ്ങള്‍ക്ക് വിധേയരാകും. മസിലുകളുടെ കരുത്തും ചലനശേഷിയും എല്ലുകളുടെ ആരോഗ്യവും അടക്കം വീണ്ടെടുക്കുന്നതിനാണിത്. എന്നാല്‍ രണ്ടാഴ്‌ച മാത്രമാണ് ആക്സിയം 4 ദൗത്യത്തിന്‍റെ ദൈര്‍ഘ്യം എന്നതിനാല്‍ യാത്രികര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Axiom 4 mission