ശുഭാൻഷു ശുക്ല അടക്കം ദൗത്യ സംഘം ക്വറന്റീനിൽ തുടരുമെന്നും അവരെ ഈ പ്രശ്നങ്ങൾ അലട്ടുന്നില്ലെന്നും ഇസ്രോ വ്യക്തമാക്കി.

ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ യാത്രയിൽ അനിശ്ചിതത്വം തുടരുന്നു. പുതിയ അവലോകന യോഗം ഇന്ന് നടക്കും. ഫാൽക്കൺ റോക്കറ്റ് ലോഞ്ച് പാഡിൽ നിന്ന് മാറ്റണമോ ഇന്ന് തീരുമാനിക്കും. ശുഭാൻഷു ശുക്ല അടക്കം ദൗത്യ സംഘം ക്വറന്റീനിൽ തുടരുമെന്നും അവരെ ഈ പ്രശ്നങ്ങൾ അലട്ടുന്നില്ലെന്നും ഇസ്രോ വ്യക്തമാക്കി. ശുഭാൻഷു സുഖമായി ഇരിക്കുന്നു.

ദൗത്യസംഘത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഏറ്റവും പ്രധാനം. അത് വരെ കാത്തിരിക്കേണ്ടി വരുമെന്നും ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ ഫ്ലോറിഡയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിക്ഷേപണ തീയതിക്കല്ല പ്രാധാന്യം. ദൗത്യത്തിന്റെ വിജയമാണ് ലക്ഷ്യം. ഇപ്പോൾ പ്രശ്നം ഫാൽക്കൺ 9 റോക്കറ്റിലെ സാങ്കേതിക പ്രശ്നമാണ്. റോക്കറ്റിൽ ദ്രവീകൃത ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിയത്. ആക്സിയവും സ്പേസ് എക്സുമായി നിരന്തര സമ്പർക്കത്തിലാണെന്നും ഇസ്രൊ ചെയർമാൻ വിശദമാക്കി.

കഴിഞ്ഞ ദിവസം ചർച്ച നടന്നപ്പോൾ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് ഇസ്രൊയും നിലപാടെടുത്തു. ചോർച്ച പരിഹരിച്ച ശേഷം മതി വിക്ഷേപണമെന്നാണ് ഐഎസ്ആർഒയും സ്പേസ് എക്സ് സംഘത്തോട് പറഞ്ഞത്. അന്തിമ തീരുമാനം സ്പേസ് എക്സിന്റേതാണ്. ദൗത്യം എന്ന് നടത്താനാകുമെന്നതിൽ തീരുമാനം ആയിട്ടില്ലെന്നും ലോഞ്ച് പാഡിൽ വച്ച് തന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും ചെയർമാൻ വ്യക്തമാക്കി.

ആക്‌സിയം ദൗത്യസംഘത്തിന്റെ സുരക്ഷക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് ISRO ചെയര്‍മാന്‍ ഡോ. വി നാരായണന്‍