ശുഭാംശു ശുക്ലയുടെ യാത്രയിലൂടെ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുമെന്ന് എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്
ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് ആശംസകള്‍ നേർന്ന് വ്യോമസേന. ശുഭാംശു ശുക്ലയുമായി ആക്സിയം 4 ലോഞ്ചിന് മുന്നോടിയായി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് സംസാരിച്ചു. ആക്സിയം 4 ദൗത്യം സുരക്ഷിതവും വിജയകരവുമായ യാത്രയാകട്ടെ എന്ന് അമർ പ്രീത് സിങ് ആശംസിച്ചു. ശുഭാംശു ശുക്ലയുടെ യാത്രയിലൂടെ ഇന്ത്യൻ ബഹിരാകാശ യാത്രയില്‍ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുന്നു എന്നും അമർ പ്രീത് സിങ് പറഞ്ഞു.
നാളെയാണ് ശുഭാംശു ശുക്ലയടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്നത്. 39-കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ബഹിരാകാശ ദൗത്യങ്ങളില്‍ പരിചയസമ്പന്നയായ പെഗ്ഗിയാണ് ആക്സിയം 4 ദൗത്യം നയിക്കുക. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.30ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഈ നാല്‍വര്‍ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരും. സ്പേസ് എക്സിന്‍റെ തന്നെ ഡ്രാഗണ്‍ പേടകത്തിലാണ് ഇവരുടെ യാത്ര.
ആക്സിയം 4 ദൗത്യ വിക്ഷേപണം ചരിത്ര ദൗത്യത്തിനായി ഇസ്രൊ ചെയർമാൻ ഡോ. വി നാരായണൻ അടക്കം ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സംഘം ഫ്ലോറിഡയിലുണ്ട്. ആക്സിയം 4 ദൗത്യ വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്‌സ്യൂളും ഫാല്‍ക്കണ്‍ 9 റേക്കറ്റും കെന്നഡി സ്പേസ് സെന്‍ററിലെ 39എ ലോഞ്ച്‌പാഡില്‍ നേരത്തെതന്നെ എത്തിച്ചിരുന്നു.
നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്സിയം 4-ല്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്. രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍. 1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അനവധി പരീക്ഷണങ്ങള്‍ നടത്തും.