Asianet News MalayalamAsianet News Malayalam

ചന്ദ്രയാന്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യ ആഘോഷിച്ച ആ ചിത്രം; അതിന് പിന്നിലെ കഥയിതാണ്.!

ചന്ദ്രയാന്‍ 3യുടെ വലിയ വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ഒരു സൈക്കിളില്‍ ഒരു റോക്കറ്റ് ഭാഗവും വച്ച് പോകുന്ന രണ്ടുപേര്‍. 

Social media celebrated Iconic ISRO Photo identify these 2 individuals vvk
Author
First Published Aug 26, 2023, 6:18 PM IST

ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ 3 അതിന്‍റെ ചന്ദ്രനിലെ ലാന്‍റിംഗ് നടത്തിയത്. രാജ്യത്തിനാകെ അഭിമാനമായ നിമിഷമായിരുന്നു അത്. ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പുരോഗതിയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ആ ദിവസം. ഒപ്പം ഐഎസ്ആര്‍ഒ എന്ന ഇതിനെല്ലാം നേതൃത്വമായ സ്ഥാപനം ഒരോ ഇന്ത്യക്കാരന്‍റെയും അഭിമാനമായി മാറി. 

ചന്ദ്രയാന്‍ 3യുടെ വലിയ വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ഒരു സൈക്കിളില്‍ ഒരു റോക്കറ്റ് ഭാഗവും വച്ച് പോകുന്ന രണ്ടുപേര്‍. ഇന്ത്യന്‍ ബഹിരാകാശ പരിവേഷണത്തിന് തുടക്കമിട്ട് ആദ്യത്തെ റോക്കറ്റ് പരീക്ഷണത്തിന് റോക്കറ്റിന്‍റെ ഭാഗങ്ങള്‍ കൊണ്ടു പോകുന്ന ചിത്രമായിരുന്നു അത്. അതിനൊപ്പം ചന്ദ്രയാന്‍ 3യുടെ ചന്ദ്രനിലെ ദൃശ്യം വച്ച്. ഇങ്ങനെ തുടങ്ങി, ഇവിടെ എത്തി നില്‍ക്കുന്നു എന്ന രീതിയിലാണ് പല പോസ്റ്റുകളും വന്നത്. 

ഇന്ത്യന്‍ ബഹിരാകാശ ദൌത്യങ്ങളുടെ തുടക്കം കുറിച്ച വേളയിലെ ഐക്കോണിക് ചിത്രത്തില്‍ ആ സൈക്കിളില്‍ ആ റോക്കറ്റ് ഭാഗങ്ങള്‍ വച്ച് കൊണ്ടുപോകുന്ന രണ്ടുപേര്‍ ആരാണ്? ഈ ചോദ്യത്തിന് ഉത്തരം തേടുന്നുണ്ട് സോഷ്യല്‍ മീഡിയ. പലരും ഡോ.എപിജെ അബ്ദുള്‍ കലാമിന്‍റെ പേര് അടക്കം പറയുന്നുണ്ട്. എന്നാല്‍ അതൊന്നും ശരിയല്ല എന്നതാണ് നേര്.

ഐഎസ്ആര്‍ഒയുടെ ഐക്കോണിക് ചിത്രങ്ങള്‍ എന്ന ഹഫിംങ്ടണ്‍‌ പോസ്റ്റിന്‍റെ പഴയൊരു വാര്‍ത്തയില്‍. ഈ ചിത്രത്തിലുള്ളത് അന്നത്തെ തുമ്പ ഇക്വടോറിയല്‍ റോക്കറ്റ് ലോഞ്ച് സ്റ്റേഷനിലെ എഞ്ചിനീയര്‍ സിആര്‍ സത്യയും, അദ്ദേഹത്തിന്‍റെ സഹായി വേലപ്പന്‍ നായരുമാണ് എന്നാണ് പറയുന്നത്. 

അതേ സമയം  "ന്യൂക്ലിയസ് ആന്‍റ് നാഷണ്‍: സയന്‍റിസ്റ്റ്, ഇന്‍റര്‍നാഷണ്‍‌ നെറ്റ്വര്‍ക്ക്, ആന്‍‌റ് പവര്‍ ഇന്‍ ഇന്ത്യ" എന്ന പുസ്തകത്തില്‍‌ എങ്ങനെ ഈ ചിത്രം പിറവിയെടുത്തു എന്ന് വ്യക്തമാക്കുന്നുണ്ട്. റോബര്‍ട്ട് എസ് ആന്‍ഡേര്‍സണാണ് ഈ പുസ്തകം എഴുതിയത്.

അതില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ് -

"തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അവിടുത്തെ വിശിഷ്ട വ്യക്തികളുടെ ഒഴുക്കായിരുന്നു. അവര്‍ എല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വലിയ വ്യക്തികളായിരുന്നു. അതിനാല്‍ തന്നെ ഏജന്‍സിയുടെ ഏതാണ്ട് എല്ലാ വാഹനങ്ങളും ഇത്തരക്കാര്‍ക്ക് വേണ്ടി വിട്ടു കൊടുത്തു. അതിനാല്‍ ആറു മണിക്ക് നടക്കുന്ന വിക്ഷേപണത്തിന് മുന്‍പ് തന്നെ വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. "അഡ്മിനിസ്ട്രേഷന്‍ വിഐപികളുടെ വരവിനിടെ ഞങ്ങളെ പൂര്‍ണ്ണമായും മറന്നു" എഞ്ചിനീയര്‍ സിആര്‍ സത്യ ഓര്‍‌ത്തെടുത്തു.അതിന് ശേഷമാണ് റോക്കറ്റിന്‍റെ മുകള്‍ ഭാഗം അത് സോഡിയം വെപ്പര്‍‌ പേ ലോഡ് നിറച്ചതായിരുന്നു. അത് ഒരു സൈക്കിളില്‍ കയറ്റി സിആര്‍ സത്യയും വേലപ്പന്‍ നായരും ഇരുട്ടി കൊണ്ട് പോയത്. വഴിയില്‍ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെൻറി കാർട്ടിയർ-ബ്രസ്സൺ ആണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. റോക്കറ്റ് ഭാഗം പിടിച്ചു നില്‍ക്കുന്നത് വേലപ്പന്‍ നായരാണ്. ഒപ്പം നടക്കുന്ന സിആര്‍‌ സത്യയും. ഈ റോക്കറ്റ് വിക്ഷേപിച്ചതിന് പിന്നാലെ 145 കിലോ മീറ്റര്‍ ഉയരത്തില്‍ പോയി"

2020 ഒക്ടോബറില്‍ വേലപ്പന്‍ നായര്‍ അന്തരിച്ചത്. 33 വര്‍ഷത്തോളം അദ്ദേഹം ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്തിരുന്നു. ഈ ചിത്രത്തെക്കുറിച്ച് വേലപ്പന്‍ നായരുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിച്ചു. തന്‍റെ ചെറുപ്പകാലം മുതല്‍ തന്നെ ഈ ചിത്രവും അതിന്‍റെ ചരിത്രവും പരിചിതമാണെന്നും. ചെറുപ്പകാലത്ത് പലപ്പോഴും തുമ്പയിലെ റോക്കറ്റ് വിക്ഷേപണം നേരിട്ട് കണ്ടിട്ടുണ്ടെന്നും വേലപ്പന്‍ നായരുടെ മകന്‍ വി ചന്ദ്രശേഖര്‍ പറഞ്ഞു. ചെറുപ്പകാലം മുതല്‍ വിവിധ എക്സിബിഷനുകളിലും മറ്റും ഈ ചിത്രം പ്രദര്‍‌ശിപ്പിക്കാറുണ്ട്. പലപ്പോഴായി പിതാവ് ഇതിന്‍റെ ചരിത്രം പറയാറുണ്ട്. ചന്ദ്രയാന്‍ 3 വിജയ സമയത്താണ് പുതിയ തലമുറ ഈ ചിത്രം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആ ചരിത്രത്തിന്‍റെ ഭാഗമായി പിതാവ് ഓര്‍മ്മിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട് -ചന്ദ്രശേഖര്‍ പറഞ്ഞു. 

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

Asianet News Live
 

Follow Us:
Download App:
  • android
  • ios