മാര്‍ച്ച് ആറിന് നടന്ന എട്ടാം സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം അവസാനിച്ചത് ആകാശത്തെ പൊട്ടിത്തെറിയില്‍, റോക്കറ്റ് അവശിഷ്ടങ്ങള്‍ വ്യോമഗതാഗതം താറുമാറാക്കുകയും ചില കഷണങ്ങള്‍ മണ്ണില്‍ പതിക്കുകയും ചെയ്തു. 

ടെക്സസ്: ചൊവ്വയിൽ കോളനിവൽക്കരണം നടത്തുക എന്ന ഇലോൺ മസ്‌കിന്‍റെ ദീർഘകാല സ്വപ്‌നത്തിന്‍റെ എഞ്ചിനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂപ്പര്‍-ഹെവി ലിഫ്റ്റ് സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ 9-ാം പരീക്ഷണ വിക്ഷേപണം മെയ് 27ന് നടക്കും. ഈ വർഷം ആദ്യം നടന്ന സ്റ്റാര്‍ഷിപ്പ് ഏഴ്, എട്ട് പരീക്ഷണങ്ങള്‍ പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ സ്പേസ് എക്സ് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ (എഫ്‌എ‌എ) അധികൃതരില്‍ നിന്ന് പ്രത്യേക അനുമതി നേടിയെടുത്ത ശേഷമാണ് ഒമ്പതാം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്. വിക്ഷേപണത്തിനായി ബൂസ്റ്റര്‍ ലോഞ്ച് പാഡില്‍ എത്തിച്ചുകഴിഞ്ഞു.

സ്റ്റാർഷിപ്പിന്‍റെ ഒമ്പതാമത്തെ ഫ്ലൈറ്റ് ടെസ്റ്റ് മെയ് 27 ചൊവ്വാഴ്ച നടക്കുമെന്ന് സ്പേസ് എക്സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ പ്രാദേശിക സമയം വൈകുന്നേരം 6:30ന് (2330 GMT) വിക്ഷേപണ വിൻഡോ തുറക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ ഈ റോക്കറ്റിന്‍റെ രണ്ട് മുൻ പരീക്ഷണ പറക്കലുകൾ തിരിച്ചടികളിൽ കലാശിച്ചിരുന്നു. ഉയരത്തിൽ വച്ചുള്ള സ്ഫോടനങ്ങളും, കരീബിയൻ കടലിന് മുകളിലൂടെ അവശിഷ്‍ടങ്ങളുടെ പെരുമഴയും ഈ പരീക്ഷണ പറക്കലുകളിൽ സംഭവിച്ചു. രണ്ട് തവണയും റോക്കറ്റിന്‍റെ മുകളിലെ ഘട്ടത്തിന്‍റെ നിയന്ത്രണം വിക്ഷേണപണത്തിന് മിനിറ്റുകള്‍ ശേഷം ഗ്രൗണ്ട് സ്റ്റേഷന് നഷ്ടപ്പെടുകയായിരുന്നു. 

ഏറ്റവുമൊടുവില്‍ മാര്‍ച്ച് ആറിന് നടന്ന എട്ടാം സ്റ്റാര്‍ഷിപ്പ് പരീക്ഷണം പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) സ്പേസ് എക്സിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ റോക്കറ്റില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയതോടെയാണ് സ്റ്റാര്‍ഷിപ്പ് ഒന്‍പതാം വിക്ഷേപണത്തിന് സ്പേസ് എക്സിന് അനുമതി ലഭിച്ചത് എന്നാണ് വിവരം. ഒന്‍പതാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തില്‍, സ്‌പേസ് എക്‌സ് ആദ്യമായി വീണ്ടെടുക്കപ്പെട്ട സൂപ്പർ ഹെവി ബൂസ്റ്ററുകളിൽ ഒന്ന് വീണ്ടും ഉപയോഗിക്കാനാണ് തീരുമാനം. വിക്ഷേപണത്തിന് ശേഷം ഈ ബൂസ്റ്റര്‍ മെക്സിക്കോ ഉൾക്കടലിൽ "ഹാർഡ് സ്പ്ലാഷ്‌ഡൗണ്‍" നടത്തും.

403 അടി (123 മീറ്റർ) ഉയരം അതായത്, സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ ഏകദേശം 100 അടി ഉയരക്കൂടുതലുള്ള ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാർഷിപ്പ്. ഇരുവരെ നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലുതും ഭാരമുള്ളതും ഭാരം വഹിക്കാനാവുന്നതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണിത്. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കുക ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ഈ ഭീമന്‍ റോക്കറ്റിന് ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് ബൂസ്റ്ററിന്‍റെ കരുത്ത്. ഈ കൂറ്റന്‍ ബൂസ്റ്ററിനെ വിക്ഷേപണത്തിന് ശേഷം ഭീമന്‍ യന്ത്രക്കൈയിലേക്ക് തിരികെ വിജയകരമായി ലാന്‍ഡ് ചെയ്യിക്കാന്‍ സ്പേസ് എക്സിന് ഇതിനകമായിട്ടുണ്ട്. 52 മീറ്ററാണ് ഏറ്റവും മുകളിലെ സ്പേസ്‌ക്രാഫ്റ്റ് ഭാഗത്തിന്‍റെ ഉയരം.

ഈ രണ്ട് ഭാഗങ്ങളും വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കാനാവുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്യുന്നത് എന്നാണ് സ്പേസ് എക്സിന്‍റെ അവകാശവാദം. 

2023-ൽ, സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണ പറക്കലുകളുടെ പാരിസ്ഥിതിക ആഘാതം പൂർണ്ണമായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നിരവധി പരിസ്ഥിതി ഗ്രൂപ്പുകൾ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് (എഫ്എഎ) പരാതി നല്‍കിയിരുന്നു. വിമർശനങ്ങൾക്കിടയിലും ഈ വര്‍ഷം മെയ് മാസം ആദ്യം എഫ്‌എ‌എ സ്‌പേസ് എക്‌സിന്‍റെ ടെക്‌സസ് ബേസിൽ വാർഷിക സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് 25 ആയി ഉയർത്താൻ അംഗീകാരം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം