Asianet News MalayalamAsianet News Malayalam

വീടിനുള്ളിലെ അജ്ഞാതശബ്ദത്തിന് കാരണം! പരിശോധനയിൽ കണ്ടെത്തിയത്

പോലൂരിലെ വീട്ടിൽ അജ്ഞാതശബ്ദം കേൾക്കുന്നതിന് കാരണം സോയിൽ പൈപ്പിങ്(കുഴലീകൃത മണ്ണൊലിപ്പ്) ആണെന്ന് വിലയിരുത്തൽ. 

The reason for the unknown noise inside the house Found in the test kozhikode
Author
Kozhikode, First Published Oct 1, 2021, 11:31 PM IST

കോഴിക്കോട്: പോലൂരിലെ വീട്ടിൽ അജ്ഞാതശബ്ദം കേൾക്കുന്നതിന് കാരണം സോയിൽ പൈപ്പിങ്(Soil piping)(കുഴലീകൃത മണ്ണൊലിപ്പ്) ആണെന്ന് വിലയിരുത്തൽ. സ്ഥലത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ(National Center for Earth Science Studies) സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. വീട് നിൽക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.

ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകൾ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചു.

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിർമ്മാണം എന്നും പരിശോധിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ഥലം എംഎൽഎയും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നാണ് റവന്യൂ മന്ത്രി വിദഗ്ദ സംഘത്തെ അയച്ചത്.

സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് & റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്, ജിയോളജി ഹസാര്‍ഡ് അനലിസ്റ്റ് അജിന്‍ ആര്‍.എസ്. എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുഴക്കത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണ്. വീട് നിൽക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്നും പുറത്ത്  വിടുന്ന മർദ്ദം, ഖനനം തുടങ്ങിയവയാണ് ശബ്ദം കേൾക്കാനുള്ള മറ്റ് കാരണങ്ങളായി കണക്കാക്കുന്നത്. എന്നാൽ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. ഫയര്‍ഫോഴ്സും ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവും കുടുംബവും. രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍  കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും  അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.

താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലെ നിലയില്‍ നിന്നും മുകളിലെ നിലയിലെത്തുമ്പോള്‍ താഴെ നിലയില്‍ നിന്നുമാണ് അജ്ഞാത ശബ്ദം കേള്‍ക്കുന്നത്.  ഹാളില്‍ പാത്രത്തിനുള്ളില്‍ വെള്ളം നിറച്ചുവച്ചപ്പോള്‍ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു. അഞ്ച് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന് ആറുമാസം മുന്‍പാണ് മേല്‍നില പണിതത്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥരും മണ്ണ്  സംരക്ഷണ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും പരിശോധിച്ചെങ്കിലും ശബ്ദം കേട്ടതല്ലാതെ പ്രശ്നം എന്താണെന്ന് കൃത്യമായി കണ്ടെത്തിയിരുന്നില്ല.

ഒരു വീട്ടില്‍ മാത്രമായി അനുഭവപ്പെടുന്നതിനാല്‍ ഭൂകമ്പ സാധ്യതകള്‍ വിദഗ്ധര്‍ തള്ളിക്കളയുകയാണ്. മണ്ണോ പാറയോ നീക്കം ചെയ്ത ശേഷം പിന്നീട് മണ്ണ് നിറച്ച പ്രദേശത്താണെങ്കില്‍ ചെളിയില്‍ നിന്ന് വായുവിനെ പുറം തള്ളുമ്പോള്‍ ഇത്തരം ശബ്ദം കേള്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജിയോളജി വിഭാഗം വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios