24,000 വര്‍ഷമായി ആര്‍ട്ടിക് പെര്‍മാഫ്രോസ്റ്റില്‍ ഉറങ്ങി കിടന്ന ഒരു മൈക്രോസ്‌കോപ്പിക് ജീവനെ ശാസ്ത്രലോകം പുനരുജ്ജീവിപ്പിച്ചു. റെട്ടിഫറുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ജലമയമായ അന്തരീക്ഷത്തിലാണ് ഇത് സാധാരണയായി ജീവിക്കുന്നത്. കൊടുംതണുപ്പിനെ അതിജീവിക്കാന്‍ അവിശ്വസനീയമായ കഴിവുണ്ട്. റഷ്യന്‍ ശാസ്ത്രജ്ഞര്‍ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഇതില്‍ നിന്നും സൃഷ്ടികളെ പുനര്‍ നിര്‍മ്മിക്കാമെന്ന് കണ്ടെത്തി. പുഷ്ചിനോ സയന്റിഫിക് സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സോയില്‍ ക്രയോളജി ലബോറട്ടറിയിലെ ഗവേഷകന്‍ സ്റ്റാസ് മലവിനാണ് ഇക്കാര്യം ഗവേഷണം ചെയ്തത്.

കഠിനമായ ചുറ്റുപാടുകളെ അതിജീവിക്കാന്‍ റോട്ടിഫറുകള്‍ക്ക് അവിശ്വസനീയമായ കഴിവുണ്ട്. നേരത്തെ നടത്തിയ ഗവേഷണങ്ങളില്‍, ഫ്രോസണ്‍ ചെയ്യുമ്പോള്‍ റൊട്ടിഫറുകള്‍ 10 വര്‍ഷം വരെ നിലനില്‍ക്കുമെന്ന് തെളിയിച്ചിരുന്നു. ഒരു പുതിയ പഠനത്തില്‍, റഷ്യന്‍ ഗവേഷകര്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിച്ചു കണ്ടെത്തിയത്, ഇതിന് ഏകദേശം 24,000 വര്‍ഷം പഴക്കമുണ്ടെന്നാണ്. ശാശ്വതമായി മരവിച്ച ആവാസവ്യവസ്ഥയില്‍ നിന്ന് പുരാതന ജീവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഇതാദ്യമല്ല. അന്റാര്‍ട്ടിക്ക് മോസിന്റെ തണ്ടുകള്‍ ആയിരം വര്‍ഷം പഴക്കമുള്ള സാമ്പിളില്‍ നിന്ന് വിജയകരമായി പുനരുജ്ജീവിപ്പിച്ചു. 

ഏകദേശം 400 വര്‍ഷമായി ഐസ് കൊണ്ട് മൂടിയിരുന്ന ഒരു ജീവനുള്ള ക്യാമ്പിയന്‍ പുഷ്പം പുനരുജ്ജീവിപ്പിച്ചു. ഇത് ഏകദേശം 32,000 വര്‍ഷം പഴക്കമുള്ള പെര്‍മാഫ്രോസ്റ്റില്‍ സൂക്ഷിച്ചിരുന്ന വിത്ത് ടിഷ്യുവില്‍ നിന്നാണ് ഉത്പാദിപ്പിച്ചത്. വടക്കുകിഴക്കന്‍ സൈബീരിയയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് 30,000 വര്‍ഷത്തിലേറെ പഴക്കമുള്ള അവശിഷ്ടങ്ങളില്‍ നെമറ്റോഡുകള്‍ എന്നറിയപ്പെടുന്ന ലളിതമായ പുഴുക്കളെ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് പുനരുജ്ജീവിപ്പിച്ചിട്ടുണ്ട് റഷ്യന്‍ ശാസ്ത്രലോകം.

വംശനാശം സംഭവിച്ച ഗുഹ കരടികളും മാമോത്തുകളും ഉള്‍പ്പെടെയുള്ള ദീര്‍ഘനാളായി ചത്തതും എന്നാല്‍ നന്നായി സംരക്ഷിക്കപ്പെടുന്നതുമായ സസ്തനികളും കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി ചില സ്ഥലങ്ങളില്‍ ഉരുകുന്ന പെര്‍മാഫ്രോസ്റ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.