ജോഹന്നസ്ബര്‍ഗ്: സെന്‍ട്രല്‍ നമീബിയയില്‍ 7,000ത്തോളം നീര്‍നായ്ക്കള്‍ കൂട്ടത്തോടെ ചത്തതായി ശാസ്ത്രജ്ഞര്‍.  നീര്‍നായ്ക്കള്‍ പ്രജനനം നടത്തുന്ന പ്രദേശത്താണ് ഇവ കൂട്ടത്തോടെ ചത്തത്. നമീബിയയിലെ ഓഷ്യന്‍ കണ്‍സര്‍ ചാരിറ്റിയിലെ നോഡ് ഡ്രെയറാണ് വാള്‍വിസ് ബേ തീരത്ത് നീര്‍നായകള്‍ തീരത്തടിയുന്നത് ശ്രദ്ധിച്ചത്.  

ഒക്ടോബറിലെ ആദ്യ രണ്ട് ആഴ്ചകളില്‍ നീര്‍നായകള്‍ കൂട്ടത്തോടെ ചത്ത് തീരത്തടിഞ്ഞു. ഏകദേശം 5000മുതല്‍ 7000വരെ നീര്‍നായകള്‍ ചത്ത് തീരത്തടിഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, ഇവ ചത്തതിനുള്ള കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. മലീകരണമോ ബാക്ടീരിയല്‍ രോഗമോ പോഷകക്കുറവോ ആയിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു. മരണകാരണം സ്ഥിരീകരിക്കാന്‍ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഡിസംബര്‍ മധ്യത്തോടെയാണ് നീര്‍നായകളുടെ പ്രജനനം നടക്കുക. 
1994ല്‍ 10000 നീര്‍നായ്ക്കള്‍ ചാകുകയും 15000 നീര്‍നായ്ക്കുട്ടികള്‍ ജനിക്കുന്നതിന് മുന്നേ മരിക്കുകയും ചെയ്തിരുന്നു.

രോഗവും ഭക്ഷണക്കുറവുമായിരുന്നു അന്ന് നീര്‍നായ്ക്കള്‍ കൂട്ടത്തോടെ ചാകാനുള്ള കാരണം. മതിയായ ഭക്ഷണമില്ലാത്തതാണ് നീര്‍നായ്ക്കളുടെ കൂട്ടത്തോടെയുള്ള മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫിഷറീസ്, തുറമുഖ മന്ത്രാലയം ഡയറക്ടര്‍ ആന്‍ലി ഹൈഫെന്‍ ന്യൂസ് ഏജന്സി എഎഫ്പിയോട് പറഞ്ഞു. പരിശോധന ഫലം പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.