ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റൻ, 'ക്രിസാലിസ്' എന്നൊരു മഞ്ഞുപഗ്രഹവുമായുള്ള കൂട്ടിയിടിയുടെ ഫലമാകാമെന്ന് പുതിയ പഠനം. ഈ സംഭവം ടൈറ്റന്റെ ഇന്നത്തെ രൂപത്തിനും കനത്ത അന്തരീക്ഷത്തിനും കാരണമായി.
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റൻ ഒരു വൻ കൂട്ടിയിടിയുടെ ഫലമായിരിക്കാമെന്നും ആ കൂട്ടിയിടി വഴിയായിരിക്കാം ശനിയുടെ പ്രസിദ്ധമായ വളയങ്ങൾ രൂപപ്പെട്ടിരിക്കാൻ സാധ്യത ഉള്ളതെന്നുമുള്ള സൂചനകളുമായി പുതിയ ശാസ്ത്രീയ പഠനം. എസ്‍ഇടിഐ ഇൻസ്റ്റിറ്റ്യൂട്ടിലെ മതിജ ക്യൂക്കിന്‍റെ നേതൃത്വത്തിലുള്ള ജ്യോതിശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘമാണ് ഈ സിദ്ധാന്തം മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ട് ഉപഗ്രഹങ്ങളുടെ കൂട്ടിയിടിയും ലയനവും വഴിയുള്ള ടൈറ്റന്‍റെ സൃഷ്‍ടിയും തുടർ സംഭവങ്ങളും ഇന്ന് നാം കാണുന്ന ശനിയുടെ മറ്റ് എല്ലാ പ്രത്യേകതകൾക്കും കാരണമായിരിക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞർ സംശയിക്കുന്നു.
ശനിയുടെ മനോഹര വളയങ്ങള്‍ എങ്ങനെയുണ്ടായി?
2004-ൽ കാസിനി ദൗത്യം ശനി ഗ്രഹ വ്യൂഹത്തിൽ എത്തിയപ്പോൾ നിരവധി വിചിത്ര ഉപഗ്രഹങ്ങളാണ് ശാസ്ത്ര ലോകത്തെ വരവേറ്റത്. അവയിൽ പ്രധാനപ്പെട്ടത് ടൈറ്റൻ ആണ്. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹമായ ശനിയില്‍ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം. ഇതിന് പുറമെ അസാധാരണ ആകൃതിയിലുള്ള ഹൈപ്പീരിയോണും ഇരട്ട നിറത്തിലുള്ള ഉപരിതലമുള്ള ഇയാപെട്ടസുമൊക്കെ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി.
ഏകദേശം 100 മുതൽ 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് 'ക്രിസാലിസ്' എന്ന പേരിൽ അറിയപ്പെടുന്ന മഞ്ഞുനിറഞ്ഞ ഒരു ഉപഗ്രഹം ടൈറ്റനുമായി കൂട്ടിയിടിച്ചിരിക്കാം എന്ന് പുതിയ പഠനം പറയുന്നു. ഈ മഹാഘട്ടം ടൈറ്റന്‍റെ ഉപരിതലം പൂർണമായും മാറ്റിമറിക്കുകയും അതിന്‍റെ കനത്ത അന്തരീക്ഷം രൂപപ്പെടാൻ കാരണമാവുകയും ചെയ്തിരിക്കാം. കൂടാതെ, ഈ സംഭവത്തെ തുടർന്ന് ടൈറ്റന്‍റെ ഭ്രമണപഥം വ്യാപിക്കുകയും കൂടുതൽ നീളമുള്ളതാവുകയും ചെയ്‌തതായി കരുതുന്നു.
ടൈറ്റന്‍ ഉപഗ്രഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
ഇത് മാത്രമല്ല, ടൈറ്റന്‍റെ ഭ്രമണപഥത്തിലെ ഈ മാറ്റങ്ങൾ ശനിയുടെ മറ്റ് ഉപഗ്രഹങ്ങളെയും ബാധിച്ചു. അവ തമ്മിൽ ഇടിച്ചുതെറിച്ചതിന്‍റെ അവശിഷ്‌ടങ്ങൾ ശനിയുടെ ചുറ്റും പരന്ന് ഇന്ന് കാണുന്ന അതിന്‍റെ പ്രശസ്‍ത വളയങ്ങളായി രൂപപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. കൂടാതെ, ഈ സംഭവം ശനിയുടെ ഭ്രമണ അച്ചുതണ്ടിന്‍റെ ചരിവിലും മാറ്റം വരുത്തിയിരിക്കാമെന്ന് ഗവേഷകർ കരുതുന്നു. നെപ്റ്റ്യൂൺ ഗ്രഹവുമായി ഉണ്ടായിരുന്ന ഗുരുത്വാകർഷണ ബലത്തിൽ നിന്നുള്ള വ്യത്യാസം ഇതിലൂടെ വിശദീകരിക്കാനാവുമെന്ന് ഗവേഷകർ പറയുന്നു. അതേസമയം ഇപ്പോൾ ഈ സിദ്ധാന്തത്തിന് നേരിട്ടുള്ള തെളിവുകളില്ല. എങ്കിലും 2028-ൽ വിക്ഷേപിക്കാനിരിക്കുന്ന ഡ്രാഗൺഫ്ലൈ ദൗത്യം ടൈറ്റന്‍റെ ഉപരിതലത്തെ വിശദമായി പഠിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



