2026 മാർച്ച് മൂന്നിന് അമേരിക്കയിൽ സമ്പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. 2029 വരെ പിന്നീട് കാണാനാകില്ലെന്നതാണ് ഈ അപൂർവ്വ ആകാശവിസ്മയത്തിന്റെ പ്രധാന പ്രത്യേകത. ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിലായി ചുവപ്പുനിറം കൈവരിക്കുന്ന 'ബ്ലഡ് മൂൺ' എന്ന പ്രതിഭാസമാണിത്.

കാലിഫോര്‍ണിയ: 2026 മാർച്ച് മൂന്നിന് സംഭവിക്കാനിരിക്കുന്ന സമ്പൂർണ ചന്ദ്രഗ്രഹണത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് അമേരിക്കയിൽ ഉടനീളമുള്ള ആകാശനിരീക്ഷകർ. ചൊവ്വാഴ്ച പുലർച്ചെയോടെ ദൃശ്യമാകുന്ന ഈ അപൂർവ ആകാശ വിസ്‍മയം 2029 വരെ യുഎസില്‍ എവിടെയും വീണ്ടും കാണാനാകില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് മുന്നോടിയായി നാസയുടെ സയന്‍റിഫിക് വിഷ്വലൈസേഷൻ സ്റ്റുഡിയോ യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ ഗ്രഹണം കാണാനാകുന്ന സമയക്രമങ്ങളും വിശദമായ മാപ്പുകളും പുറത്തുവിട്ടിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വിസ്‌മയ സമ്പൂര്‍ണ ചന്ദ്രഗ്രഹണം വരുന്നു 

മാർച്ച് മാസത്തിലെ പൗർണമി 'വേം മൂൺ' എന്ന പേരിലാണ് പരമ്പരാഗതമായി അറിയപ്പെടുന്നത്. മണ്ണ് ഉരുകി മണൽകിളികൾ വീണ്ടും മണ്ണിൽ നിന്ന് പുറത്തെത്തുന്ന വസന്തകാലത്തിന്‍റെ തുടക്കത്തെ സൂചിപ്പിക്കുന്നതാണ് ഈ പേര്. വടക്കൻ അർധഗോളത്തിലെ ശീതകാലത്തിലെ മൂന്നാമത്തെയും അവസാനത്തെയും പൗർണമിയുമാണിത്. മാർച്ച് രണ്ടിന് സന്ധ്യാസമയത്ത് ചന്ദ്രോദയം നടക്കും. എന്നാൽ യഥാർഥ വിസ്‍മയം തുടങ്ങുന്നത് മാർച്ച് മൂന്നിന് പുലർച്ചയോടെയാണ്. ചന്ദ്രൻ ഭൂമിയുടെ ഇരുണ്ടകുട പോലെയുള്ള നിഴലിലേക്ക് പൂർണമായി പ്രവേശിക്കുമ്പോൾ സമ്പൂർണ ചന്ദ്രഗ്രഹണം സംഭവിക്കും. ഈ ഘട്ടത്തിൽ ചന്ദ്രൻ തീവ്രമായ ചുവപ്പുനിറം കൈക്കൊള്ളും. ഇതെയാണ് സാധാരണയായി “ബ്ലഡ് മൂൺ” എന്ന് വിളിക്കുന്നത്.

മൊത്തം ഗ്രഹണം അഞ്ച് മണിക്കൂറിൽ അധികം നീണ്ടുനിൽക്കും. എന്നാൽ ഏറ്റവും ശ്രദ്ധേയമായ സമ്പൂർണ ഘട്ടം 58 മിനിറ്റ് 15 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. ഈ ഗ്രഹണത്തിന്‍റെ എല്ലാ ഘട്ടങ്ങളും നഗ്നനേത്രങ്ങളാൽ സുരക്ഷിതമായി നിരീക്ഷിക്കാം. ദൂരദർശിനിയുടെയോ ടെലിസ്കോപ്പിന്‍റെയോ സഹായത്തോടെ കാണുമ്പോൾ അനുഭവം കൂടുതൽ വ്യക്തമായിരിക്കും.

ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സമയം

അമേരിക്കയിലെ വിവിധ സമയം മേഖലകളിൽ സമ്പൂർണ ഘട്ടം വ്യത്യസ്‍ത സമയങ്ങളിൽ ദൃശ്യമാകും. കിഴക്കൻ സമയം രാവിലെ 6:04 മുതൽ 7:02 വരെ, സെൻട്രൽ സമയം 5:04 മുതൽ 6:02 വരെ, മൗണ്ടൻ സമയം 4:04 മുതൽ 5:02 വരെ, പസഫിക് സമയം 3:04 മുതൽ 4:02, അലാസ്‍ക സമയം 2:04 സമയം 3:02 വരെ, ഹവായ് സ്റ്റാൻഡേർഡ് സമയം 1:04 മുതൽ 2:02 വരെ ഗ്രഹണം ദൃശ്യമാകും. കിഴക്കൻ സംസ്ഥാനങ്ങളിൽ ചന്ദ്രൻ അസ്തമിക്കുമ്പോഴും ഗ്രഹണം തുടരാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഉയർന്ന നിലയിൽ ചന്ദ്രനെ കൂടുതൽ വ്യക്തമായി കാണാൻ കഴിയും.

ഈ മാർച്ച് ഗ്രഹണത്തിന് ശേഷം അടുത്ത സമ്പൂർണ ചന്ദ്രഗ്രഹണം 2028 ഡിസംബർ 31-നാണ് ലോകത്ത് ദൃശ്യമാകുക. വടക്കേ അമേരിക്കയിൽ 2029 ജൂൺ 26-നാണ് വീണ്ടും പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാകുക. 2026 ഓഗസ്റ്റ് 27–28 തീയതികളിൽ 93 ശതമാനം ഭാഗം മറയുന്ന ഭാഗിക ഗ്രഹണം ഉണ്ടാകുമെങ്കിലും മാർച്ചിലെ സമ്പൂർണ ഗ്രഹണത്തിന്‍റെ ഭംഗി അതിന് ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming