തിരുവനന്തപുരം: കൊവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ നിന്നും വൈറസിനെതിരായ ആന്‍റിബോഡി വേര്‍തിരിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിന് അനുമതി. ഇത് സംബന്ധിച്ച് കേരളം സമര്‍പ്പിച്ച പ്രോട്ടോകോള്‍ അംഗീകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചാണ് അനുമതി നല്‍കിയത്.   'കോണ്‍വലസെന്‍റ് സെറ' എന്ന് അറിയപ്പെടുന്ന ചികില്‍സ രീതിക്ക് അമേരിക്കന്‍ ഫുഡ‍് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കും മുന്‍പാണ് കേരളം പ്രോട്ടോകോള്‍ സമയര്‍പ്പിച്ച് ഐസിഎംആര്‍ അനുവാദം വാങ്ങിയിരിക്കുന്നത്. 

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം  'കോണ്‍വലസെന്‍റ് സെറ' ചികില്‍സ രീതിക്ക് അനുമതി തേടിയത് എന്നാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗദ്ധ സമതി പറയുന്നത്. ചികില്‍സ ആരംഭിക്കുന്നതിനായി കൊവിഡ് ഭേദമായവരുടെ സന്നദ്ധത പ്രകാരം പ്ലാസ്മ ശേഖരിക്കും. ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ട്, രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തിയാണ് സംസ്ഥാനം ഈ രീതി നടപ്പിലാക്കുക.

ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ടിട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ട്രാന്‍സ്ഫ്യൂഷന്‍സ് മെഡ‍ിക്കല്‍ വിഭാഗം മേധാവി ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലായിരിക്കും ചികില്‍സ രീതി നടപ്പിലാക്കുക. ആന്‍റിബോര്‍ഡി പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ നടക്കും. 

 'കോണ്‍വലസെന്‍റ് സെറ' ചികില്‍സയ്ക്ക് അനുമതി നല്‍കിയ ഐസിഎംആര്‍ കേരളത്തിന് ക്യൂബയില്‍ നിന്നുള്ള ഇന്‍റര്‍ഫെറോണ്‍ ആല്‍ഫ-2 ബി എന്ന മരുന്നുപയോഗിച്ചുള്ള കൊവിഡ് പ്രതിരോധിക്കാനുള്ള പഠനത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇതിനകം പരീക്ഷിച്ചിട്ടുള്ള ചികില്‍സ രീതിയാണ്  'കോണ്‍വലസെന്‍റ് സെറ'  മുൻപ്, പോളിയോ, വസൂരി, മുണ്ടിനീര്, ഫ്‌ളൂ തുടങ്ങിയവയ്ക്ക് എതിരെയും ഈ രീതി പരീക്ഷിച്ചിട്ടുണ്ടെന്നാണ് വൈദ്യശാസ്ത്ര ചരിത്രം പറയുന്നത്. മറ്റു പല ചികിത്സകളെക്കാളും ഇത് ചിലര്‍ക്ക് ഗുണകരമാകുന്നു എന്നാണ് വിലയിരുത്തല്‍. 

കൊവിഡ‍ിന് ചൈനയില്‍ ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. ചൈനയിലെ മൂന്ന് ആശുപത്രികളിലാണ് ഈ പ്രാരംഭ പഠനം നടത്തിയത്. ഇവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാഡമീസ് ഓഫ് സയന്‍സസിലാണ്. രോഗബാധിതരായ 10 പേരില്‍ കുത്തിവച്ചു നടത്തിയ പരീക്ഷണമാണ് വിജയകരമായെന്നാണ് റിപ്പോര്‍ട്ടുകള്‍  പറയുന്നത്. 10 രോഗികള്‍ക്കും രക്ഷ നല്‍കിയിരിക്കുന്നത് എന്ന് തങ്ങള്‍ കരുതുന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.