ഭൂമിയില്‍ നിന്ന് 36000 കിലോമീറ്റര്‍ അകലെയായുള്ള ജിയോ സ്റ്റേഷനറി ഭ്രമണ പഥത്തിലായിരുന്നു 2002 മുതല്‍ ഇക്കോ സ്റ്റാര്‍ 7 നിന്നിരുന്നത്.

ന്യൂയോര്‍ക്ക്: ബഹിരാകാശ മാലിന്യത്തിന്റെ പേരിൽ ചരിത്രത്തിലാദ്യമായി ഒരു കമ്പനിക്ക് പിഴയിട്ട് അമേരിക്കൻ സർക്കാർ. ഡിഷ് നെറ്റ്വർക്ക് എന്ന അമേരിക്കൻ സാറ്റലൈറ്റ് ടെലിവിഷൻ കമ്പനിക്കാണ് ഒരു ലക്ഷത്തി അമ്പതിനായിരം ഡോളർ പിഴ ചുമത്തിയിരിക്കുന്നത്. ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ നിന്ന് മാറ്റുന്നതിൽ വീഴ്ചയെന്ന കണ്ടെത്തലിനേ തുടര്‍ന്നാണ് നടപടി. ഇക്കോസ്റ്റാര്‍ 7 എന്ന സാറ്റലൈറ്റിന്റെ അവശിഷ്ടങ്ങളുടെ പേരിലാണ് ടിവി കമ്പനിക്ക് വന്‍ പിഴ ലഭിച്ചിരിക്കുന്നത്.

2002 മുതല്‍ ബഹിരാകാശത്ത് തുടരുകയാണ് ഇക്കോ സ്റ്റാര്‍ 7 എന്നാണ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ വിശദമാക്കുന്നത്. സാറ്റലൈറ്റ് പോളിസികള്‍ പാലിക്കാത്തതിനേ തുടര്‍ന്നുള്ള ആദ്യ ശിക്ഷാ നടപടിയായാണ് നീക്കത്തെ കമ്മീഷന്‍ വിലയിരുത്തുന്നത്. ഭ്രമണ പഥത്തില്‍ നിന്ന് താഴ്ത്തിയ ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു കമ്പനി നല്‍കിയിരുന്ന ധാരണ. ഇത് പാലിക്കാത്തത് മൂലം ഭ്രമണപഥത്തില്‍ സാറ്റലൈറ്റിന്റെ അവശിഷ്ടങ്ങള്‍ അടിയുന്നുവെന്ന നിരീക്ഷണമാണ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന് ഉള്ളത്. ഭൂമിയില്‍ നിന്ന് 36000 കിലോമീറ്റര്‍ അകലെയായുള്ള ജിയോ സ്റ്റേഷനറി ഭ്രമണ പഥത്തിലായിരുന്നു 2002 മുതല്‍ ഇക്കോ സ്റ്റാര്‍ 7 നിന്നിരുന്നത്.

2012ലാണ് ഇതിന്റെ പ്രവര്‍ത്തന കാലം അവസാനിച്ചത്. ഇതോടെ സാറ്റലൈറ്റ് ഭ്രമണ പഥത്തില്‍ നിന്ന് 300 കിലോമീറ്റര്‍ മാറ്റി സ്ഥാപിക്കേണ്ടതായിരുന്നു. മറ്റ് സാറ്റലൈറ്റുകള്‍ക്ക് അപകടമുണ്ടാകാത്ത നിലയില്‍ സാറ്റലൈറ്റുകളുടെ ശ്മശാന സ്ഥലമായി കാണുന്ന മറ്റൊരു ഭ്രമണ പഥത്തിലേക്ക് എത്തിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ധനം കുറഞ്ഞതോടെ 120 കിലോമീറ്റര്‍ മാത്രമാണ് ഇക്കോ സ്റ്റാർ 7 നെ മാറ്റാനായത്. ഇതാകട്ടെ ഭൂസ്ഥിര ഭ്രമണ പഥത്തില്‍ നിന്ന് വെറും 178 കിലോമീറ്റര്‍ അകലെയായിരുന്നു.

യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സ് ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ 1000000ത്തോളം ബഹിരാകാശ മാലിന്യങ്ങളാണ് ഭൂസ്ഥിര ഭ്രമണ പഥത്തിലുള്ളത്. ഇതില്‍ ഏറിയ പങ്കിനും ഒരു സെന്റിമീറ്ററിലധികം വലുപ്പമുള്ളതാണ്. ഇത്ര വലിപ്പമുള്ള ബഹിരാകാശ മാലിന്യങ്ങള്‍ക്ക് ബഹിരാകാശ പേടകത്തിന്റെ യാത്ര അവതാളത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. നിലവില്‍ തന്നെ ഭൂസ്ഥിര ഭ്രമണ പഥത്തിലുള്ള മാലിന്യങ്ങള്‍ പ്രശ്നക്കാരായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ഇത്തരമൊരു അപകടം തലനാരിഴയ്ക്കാണ് മാറിപ്പോയത്. ചൈനീസ് സാറ്റലൈറ്റാണ് റഷ്യയുടെ സാറ്റലൈറ്റ് അവശിഷ്ടങ്ങളില്‍ തട്ടി തകരുന്നതായ സാഹചര്യമുണ്ടായത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു യന്ത്ര കൈയ്ക്ക് അഞ്ച് മില്ലിമീറ്റര്‍ വലുപ്പമുള്ള ദ്വാരം സൃഷ്ടിക്കാന്‍ ബഹിരാകാശ മാലിന്യത്തിന് സാധിച്ചിരുന്നു. ഇതോടെയാണ് എഫ്സിസി സാറ്റലൈറ്റ് കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം