Asianet News MalayalamAsianet News Malayalam

കുതിച്ചത് ചന്ദ്രനിലേക്ക്, ഇന്ധനം ചോർന്ന് തിരികെ ഭൂമിയിലേക്ക്; 4 ദിവസമായി ബഹിരാകാശത്ത് നിയന്ത്രണംവിട്ട് പേടകം!

മറ്റ് പരാജയപ്പെട്ട ലാൻഡറുകൾക്ക് സംഭവിച്ചത് പോലെ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങാനും സാധ്യതയില്ല. പദ്ധതി പൂർണ പരാജയമാണെന്നാണ് കമ്പനി വിലയിരുത്തൽ.

US Private Moon Lander Now Headed For Earth prm
Author
First Published Jan 14, 2024, 8:56 AM IST

വാഷിങ്ടൺ: ഇന്ധനച്ചോർച്ച കാരണം യുഎസ് സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഇപ്പോൾ ഭൂമിയിലേക്ക് നീങ്ങുകയാണെന്നും അന്തരീക്ഷത്തിൽ കത്തിത്തീരാൻ സാധ്യതയുണ്ടെന്നും കമ്പനി വക്താക്കൾ പറഞ്ഞു. ജനുവരി 8 ന് യുണൈറ്റഡ് ലോഞ്ച് അലയൻസ് നിർമ്മിച്ച വൾക്കൻ റോക്കറ്റിൽ ദൗത്യം വിക്ഷേപിച്ചത്. തുടക്കത്തിൽ തന്നെ പ്രശ്നങ്ങളുണ്ടായി. പേടകം റോക്കറ്റിൽ നിന്ന് വേർപെടുത്തിയതിന് തൊട്ടുപിന്നാലെ, പേടകത്തിൽ പൊട്ടിത്തെറി ഉണ്ടാകുകയും കൂടുതൽ അളവിൽ പ്രൊപ്പല്ലന്റ് നഷ്ടപ്പെടുകയും ചെയ്തു. ദൗത്യം പരാജയപ്പെടുമെന്നും ചന്ദ്രനിൽ ഇറങ്ങാനാകില്ലെന്നും കമ്പനി പറഞ്ഞു. നാസയടക്കമുള്ള ഏജൻസികളുടെ ഉപകരണങ്ങൾ വഹിച്ചായിരുന്നു യാത്ര. 

ഏറ്റവും പുതിയ വിവരത്തിൽ ബഹിരാകാശ പേടകം ഭൂമിയിലേക്ക് തിരിക്കുകയാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിത്തീരാൻ സാധ്യതയുണ്ട്- പിറ്റ്സ്ബർഗ് ആസ്ഥാനമായുള്ള കമ്പനി എക്സിൽ പോസ്റ്റ് ചെയ്തു. സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും കഴിയുന്നത്ര വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചു. പെട്ടി ആകൃതിയിലുള്ള പേടകം ഇപ്പോൾ അഞ്ച് ദിവസത്തിലേറെയായി ബഹിരാകാശത്ത് തുടരുകയാണ്. നിലവിൽ നമ്മുടെ ഗ്രഹത്തിൽ നിന്ന് 242,000 മൈൽ (390,000 കിലോമീറ്റർ) അകലെയാണ് പേടകമെന്നും ആസ്ട്രോബോട്ടിക് കൂട്ടിച്ചേർത്തു.

മറ്റ് പരാജയപ്പെട്ട ലാൻഡറുകൾക്ക് സംഭവിച്ചത് പോലെ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങാനും സാധ്യതയില്ല. പദ്ധതി പൂർണ പരാജയമാണെന്നാണ് കമ്പനി വിലയിരുത്തൽ. സയൻസ് ഹാർഡ്‌വെയറിന് പുറമേ, സ്‌പോർട്‌സ് ഡ്രിങ്ക് ക്യാൻ, ഫിസിക്കൽ ബിറ്റ്‌കോയിൻ, മനുഷ്യരുടെയും മൃഗങ്ങളുടെയും ചാരം, ഡിഎൻഎ എന്നിവയുൾപ്പെടെയാണ് പേടകം വഹിച്ചിരുന്നത്. ഇസ്രയേലി സ്ഥാപനത്തിനും ജാപ്പനീസ് കമ്പനിക്കും പിന്നാലെ സോഫ്റ്റ് ലാൻഡിംഗിൽ പരാജയപ്പെട്ട ഏറ്റവും പുതിയ സ്വകാര്യ സ്ഥാപനമാണ് ആസ്ട്രോബോട്ടിക്. നാസയുടെ ഉപകരണങ്ങൾ വഹിക്കുന്നതിന് 100 മില്യൺ ഡോളറിലധികം ആസ്‌ട്രോബോട്ടിക് കമ്പനിക്ക് നൽകിയിരുന്നു. പദ്ധതി പരാജയപ്പെട്ടെങ്കിലും ഇനിയും തുടരുമെന്നും കമ്പനി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios