Asianet News MalayalamAsianet News Malayalam

ഗഗൻയാനും, ചന്ദ്രയാനും, ആദിത്യയും പിന്നെ എസ്എസ്എൽവിയും; ഭാവി ദൗത്യങ്ങളെ പറ്റി വിഎസ്എസ്‍സി മേധാവി

2022 ഐഎസ്ആർഒയ്ക്ക് തിരക്ക് പിടിച്ച വർഷമായിരിക്കുമെന്ന് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിന്റെയും വിഎസ്‍എസ്‍സിയുടെയും മേധാവി ഡോ എസ് ഉണ്ണിക്കൃഷ്ണൻ. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഈ വർഷം ആദ്യ പകുതിയിൽ തന്നെ നടക്കും, ഗഗൻയാൻ ജോലികൾ പുരോഗമിക്കുകയാണ്, ഈ വർഷം രണ്ട് പരീക്ഷണ ദൗത്യങ്ങൾ ഉണ്ടാകുമെന്നും ഡോ ഉണ്ണിക്കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

vssc director S unnikrishnan talks about Gaganyaan chandrayaan 3 and sslv missions
Author
Trivandrum, First Published Feb 19, 2022, 8:26 PM IST

തിരുവനന്തപുരം: വലിയ പ്രതിസന്ധികാലത്തിന് ശേഷം വീണ്ടും കുതിക്കാൻ തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ഗഗൻയാന്‍റെ രണ്ട് പരീക്ഷണ ദൗത്യങ്ങൾ ഈ വർഷം നടക്കും, ചന്ദ്രയാൻ 3 ഉടൻ സംഭവിക്കും, എസ്എസ്എൽവി എന്ന പുതിയ വിക്ഷേപണ വാഹനത്തിന്റെ ആദ്യ വിക്ഷേപണം വൈകാതെ നടക്കും, സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യവും ഈ വർഷം തന്നെ വിക്ഷേപിക്കും. അങ്ങനെ 2022 തിരക്കേറിയ വർഷമായിരിക്കുമെന്ന് പറയുന്നു ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിന്റെയും വിഎസ്‍എസ്‍സിയുടെയും മേധാവി ഡോ എസ് ഉണ്ണിക്കൃഷ്ണൻ.  ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗഗൻയാൻ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന മുതിർന്ന ശാസ്ത്രജ്ഞൻ്റെ പ്രതികരണം. 

പ്രതിസന്ധികാലത്തിൽ നിന്ന് പുറത്ത് കടക്കുകയാണ്. ഈ വർഷം ചെയ്തു തീ‌ർക്കാൻ ഒരുപാട് ജോലിയുണ്ട് ഐഎസ്ആർഒയ്ക്ക്. എസ്എസ്എൽവി എന്ന പുതിയ വിക്ഷേപണ വാഹനത്തിന്റെ ആദ്യ പരീക്ഷണ ദൗത്യം ഉടനുണ്ടാകും, പിഎസ്എൽവിയുടെ അടുത്ത ദൗത്യവും വൈകില്ല. പിഎസ്എൽവി സി 53 വിക്ഷേപണം അടുത്ത മൂന്ന് മാസത്തിനകം ഉണ്ടാവും. വിക്ഷേപണ തീയതി വൈകാതെ അറിയിക്കും. 

അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഇവിടെ കാണാം

 

എസ്എസ്എൽവി വിക്ഷേപണം ഉടൻ

അഞ്ഞൂറ് കിലോഗ്രാം വരെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങൾ ചിലവ് കുറച്ച് വിക്ഷേപിക്കാനാണ് എസ്എസ്എൽവി എന്ന പുതിയ വിക്ഷേപണ വാഹനം വരുന്നത്. ഒത്തിരി വാണിജ്യ സാധ്യതകളുള്ള വിക്ഷേപണവാഹനമാണ് ഇത്. മൂന്ന് ഘട്ടവും ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. അവസാനത്തെ ഘട്ടത്തിൽ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഒരു വേഗത നിയന്ത്രണ എഞ്ചിനുമാണ് ഉള്ളത്. പ്രധാനപ്പെട്ട പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു. റോക്കറ്റിന്‍റെ ആദ്യ പരീക്ഷണ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന് ഈ വർഷം ആദ്യ പകുതിയിൽ തന്നെ നടക്കും. 

ഗഗൻയാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 

​ഗ​ഗൻയാൻ പദ്ധതിയും മുന്നോട്ട്, ബഹിരാകാശ യാത്രികരുടെ പരിശീലനം ബെം​ഗളൂരുവിൽ പുരോ​ഗമിക്കുന്നു. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ പണിപ്പുരയിലാണ്. ക്രൂ എസ്കേപ്പ് മൊഡ്യൂൾ പരീക്ഷണം വൈകാതെ നടക്കും. ഇതിനായി ഒരു പുതിയ പരീക്ഷണ വിക്ഷേപണ വാഹനവും തയ്യാറാക്കുന്നുണ്ട്. വികാസ് എഞ്ചിൻ ഉപയോഗിച്ചാണ് ഈ പുതിയ ചെറു റോക്കറ്റ് പ്രവർത്തിക്കുക. ഇതേ പരീക്ഷണ വാഹനം ഉപയോഗിച്ച് മറ്റ് ചില പദ്ധതികൾ കൂടി ഇസ്രൊ തയ്യാറാക്കുന്നുണ്ട്. 

എന്തെങ്കിലും കാരണവശാൽ ലോഞ്ചിനിടെ ഒരു അപകടമുണ്ടായാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതരായി എങ്ങനെ മാറ്റാം എന്നതിന്റെ പരീക്ഷണമാണ് ആദ്യം നടക്കുക. ലോഞ്ച് പാ‍ഡിൽ നിന്ന് അപകടമുണ്ടായാൽ എങ്ങനെ രക്ഷപ്പെടാം, വിക്ഷേപിച്ച് കഴിഞ്ഞ് കുറച്ച് നേരം കഴിഞ്ഞ് അപകടമുണ്ടായാൽ എങ്ങനെ രക്ഷപ്പെടാം എന്നീ പരീക്ഷണങ്ങളാണ് ഈ വ‌‌ർഷം തന്നെ നടക്കാൻ പോകുന്നത്. 

പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ

പുനരുപയോ​ഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളെന്ന വലിയ സ്വപ്നം യാഥാ‌ത്ഥ്യമാക്കാനുള്ള ജോലികളും പുരോ​ഗമിക്കുകയാണ്. ഗഗൻയാൻ പരീക്ഷണങ്ങൾക്കായി തയ്യാറാക്കുന്ന ചെറിയ റോക്കറ്റ് ഉപയോഗിച്ച് തന്നെയായിരിക്കും ഇതിന്റെ പരീക്ഷണങ്ങളും നടത്തുക. വിക്ഷേപിച്ച ശേഷം റോക്കറ്റ് ഭാഗം ഒരു നിശ്ചിത സ്ഥലത്ത് കുത്തനെ വന്നിറങ്ങുന്നത് അടക്കമുള്ള പരീക്ഷണങ്ങളാണ് പദ്ധതിയിടുന്നത്. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം യാഥാർത്ഥ്യമായാൽ അത് ഉപഗ്രഹ വിക്ഷേപണ ചെലവ് കാര്യമായി കുറയ്ക്കും.

ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ, ജോലി പുരോഗമിക്കുന്നു

ഗഗൻയാൻ ദൗത്യത്തിനായി ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. റോക്കറ്റിന്റെ മുകളിൽ ക്രൂ മൊഡ്യൂൾ സ്ഥാപിക്കും. റോക്കറ്റിന്റെ മറ്റ് ഭാഗങ്ങളും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. മനുഷ്യ ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ റോക്കറ്റ് കൂടുതൽ സുരക്ഷിതമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഏത് പ്രതിസന്ധിയുണ്ടായാലും നേരിടാൻ പറ്റണം. ജീവന് ആപത്തുണ്ടാവരുത്. ലോഞ്ച് ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരമപ്രധാനമാണ്. 
എന്തെങ്കിലും കുഴപ്പമുണ്ടായാൽ രക്ഷപ്പെടാൻ പറ്റണം. ഇതിന് വേണ്ട മാറ്റങ്ങളാണ് വിക്ഷേപണ വാഹനത്തിൽ വരുത്തുന്നത്. 

ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡും ഗഗൻയാൻ ദൗത്യത്തിനായി ഒരുങ്ങുകയാണ്. മനുഷ്യനെ അയക്കുമ്പോൾ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ലോഞ്ച് പാഡിലും വേണം. അപകട സാഹചര്യത്തിൽ പെട്ടന്ന് അവിടെ നിന്ന് മാറാൻ വേണ്ട സംവിധാനം ഒരുക്കുന്നുണ്ട്. 

ഗഗൻയാൻ സഞ്ചാരികളുടെ പരിശീലനം പുരോഗമിക്കുന്നു

നാല് ബഹിരാകാശ സഞ്ചാരികളും ഇപ്പോൾ ബെംഗളൂരുവിലാണ് ഉള്ളത്. റഷ്യയിലെ പ്രാഥമിക പരിശീലനം പൂ‌ർത്തിയായി, ഇപ്പോൾ ഇന്ത്യയിലെ പരിശീലനം തുടരുന്നു. ഗഗൻയാൻ പേടകത്തെ യാത്രികർ പരിയപ്പെടേണ്ടതുണ്ട്. അതിന്റെ പ്രവർത്തനവും നിയന്ത്രണവും ഇവർ പഠിച്ചെടുക്കണം. പല തരം സിമുലേഷനുകൾ തയ്യാറാക്കുന്നുണ്ട്.  ബെംഗളൂരുവിൽ പ്രത്യേക പരിശീലന കേന്ദ്രം ഇതിനായി ഒരുങ്ങുകയാണ് അതിന്‍റെ ഉദ്ഘാടനം ഉടനുണ്ടാകും.

ഗഗൻയാൻ ദേശീയ പദ്ധതി

ഗഗൻയാൻ എല്ലാ അർത്ഥത്തിലും ഒരു ദേശീയ പദ്ധതിയാണെന്ന് പറയുന്നു ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിന്റെ തലവൻ കൂടിയായ എസ് ഉണ്ണിക്കൃഷ്ണൻ. സ്വകാര്യ മേഖലയും ഗവേഷണ സ്ഥാപനങ്ങളും പദ്ധതിൽ സഹകരിക്കുന്നുണ്ട്. രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങൾ ഇസ്രൊയുമായി കൈകോർക്കുന്നു. ദൗത്യത്തിന് ആവശ്യമായ പ്രത്യേക പാരച്യൂട്ട് നി‌ർമ്മിക്കുന്നത് ഡിആ‌ർ‍ഡിഒ ആണ്. ബഹിരാകാശത്ത് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്ന മൈസൂരിലെ ഡിആ‌‌‍ർഡിഒ ലാബും. ഗഗൻയാനായി വികസിപ്പിക്കുന്ന പല സാങ്കേതിക വിദ്യയും വൈകാതെ പൊതു ജനങ്ങൾക്ക് കൂടി ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. 

ചന്ദ്രയാൻ മൂന്ന് ഈ വർഷം തന്നെ

അഭിമാന ദൗത്യമായ ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഈ വർഷം തന്നെ നടക്കുമെന്ന് ഡോ എസ് ഉണ്ണിക്കൃഷ്ണൻ പറയുന്നു. ജിഎസ്എൽവി മാർക്ക് ത്രീ തന്നെയായിരിക്കും വിക്ഷേപണം വാഹനം. റോക്കറ്റ് തയ്യാറാക്കി നിർത്തുകയാണ് വിഎസ്‍എസ്‍സിയുടെ ഉത്തരവാദിത്വം. നിശ്ചയിച്ച സമയത്തിൽ തന്നെ ദൗത്യം നടക്കും. ജോലികൾ പുരോഗമിക്കുകയാണ്. 

വീണ്ടും വരും ജിഎസ്എൽവി മാർക്ക് 2

ജിഎസ്എൽവി മാ‌‌ർക്ക് 2 വൈകാതെ വീണ്ടും ലോഞ്ച് പാ‍ഡിലെത്തും. നാവിക് പദ്ധതിയുടെ ഭാഗമായ ഐആർഎൻഎസ്എസ് ഉപഗ്രഹമാണ് ജിഎസ്എൽവിയിൽ വിക്ഷേപിക്കുക. ആറ് മാസം മുമ്പുണ്ടായ പ്രശ്നമെന്താണ് തിരിച്ചറിയുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.  നാസ - ഇസ്രൊ സംയുക്ത ദൗത്യം നിസാറും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യവും ഈ വർഷം അവസാനമുണ്ടാകും. ഈ ദൗത്യത്തിനും ജിഎസ്എൽവി മാർക്ക് 2 ആണ് ഉപയോഗിക്കേണ്ടത്. 

തിരക്ക് കൂടും

വരും കാലത്ത്  വിക്ഷേപണങ്ങൾ കൂടാൻ പോവുകയാണ്. അതിനൊപ്പം നിൽക്കാൻ വേണ്ട വികസനപ്രവർത്തനങ്ങൾ ശ്രീഹരിക്കോട്ടയിൽ നടക്കുന്നുണ്ട്. കൂടുതൽ പിഎസ്എൽവികൾ വിക്ഷേപിക്കാൻ സംവിധാനമൊരുങ്ങുന്നു. ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ കൈകാര്യം ചെയ്യാനുള്ള ഭൗതിക സാഹചര്യം ഒരുക്കുകയാണ്.  ഒരേ സമയം ഒന്നിൽ കൂടുതൽ റോക്കറ്റുകളെ തയ്യാറാക്കി നിർത്താനും, തുടരെ തുടരെ ദൗത്യങ്ങൾ നടത്താനുമുള്ള സൗകര്യമാണ് തയ്യാറാവുന്നത്

സെമിക്രയോജനിക്ക് എഞ്ചിൻ

സെമിക്രയോജനിക് എഞ്ചിൻ വികസനം നടക്കുന്നുണ്ട്. ജിഎസ്എൽവി മാർക്ക് ത്രീയുടെ ശേഷി കൂട്ടാനാണ് സെമിക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്നത്. തിരുവനന്തപുരം എൽപിഎസ്‍സിയിൽ ഗവേഷണം പുരോഗമിക്കുകയാണ്. ഈ എഞ്ചിൻ ഭാവി ദൗത്യങ്ങളുടെ ഭാഗമാകും. 

 

Follow Us:
Download App:
  • android
  • ios