ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഐഎസ്എസ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള (ഐഎസ്എസ്) ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ആക്സിയം സ്‌പേസ്. ശുഭാംശു ശുക്ലയും സഹപ്രവര്‍ത്തകരും നിലയത്തില്‍ നിന്ന് പകര്‍ത്തിയ പുറംകാഴ്‌ചകളാണ് ആക്സിയം സ്പേസ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.

സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്പേസ് സംഘടിപ്പിച്ചിരിക്കുന്ന നാലാം ദൗത്യത്തിലാണ് ശുഭാംശു ശുക്ല അടക്കം നാലുപേര്‍ ഐഎസ്എസില്‍ എത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 10 ദിവസം പിന്നിട്ട ഇവര്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും തുടരുകയാണ്. ആക്സിയം 4 ദൗത്യത്തില്‍ ശുഭാംശുവിനൊപ്പം മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരുണ്ട്. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം 4 ദൗത്യസംഘം ഭൂമിയില്‍ നിന്ന് തിരിച്ചത്. ആക്സിയം ദൗത്യ സംഘാംഗങ്ങളായ നാല് പേരടക്കം 11 സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.

Scroll to load tweet…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിന്‍റെയും ആക്സിയം 4 സംഘത്തിന്‍റെയും ദൗത്യം പതിനൊന്നാം ദിവസവും തുടരുന്നു. പേശീകോശങ്ങൾക്ക് ബഹിരാകാശത്ത് വച്ചുണ്ടാകുന്ന ബലക്ഷയത്തെക്കുറിച്ചുള്ള പഠനത്തിലാണ് ശുഭാംശു ഇന്നലെയും കൂടുതൽ സമയവും ചെലവഴിച്ചത്. കേരളത്തിൽ നിന്ന് കൊണ്ടുപോയ വിത്തുകളുടെ മാറ്റം രേഖപ്പെടുത്താനും ശുഭാംശു ഇന്നലെ സമയമെടുത്തു.

ആക്‌സിയം 4 മുന്നോട്ട്; ബഹിരാകാശ നിലയം ഇന്ന് ഇന്ത്യയ്ക്ക് മുകളിലൂടെ കടന്ന് പോകും

ആക്സിയം 4 ദൗത്യത്തില്‍ കേരളത്തില്‍ നിന്ന് ആറ് വിത്തിനങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. 'ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ്' എന്നാണ് ഈ പരീക്ഷണത്തിന്‍റെ പേര്. വെള്ളായണി കാർഷിക സർവകലാശാലയില്‍ നിന്നുള്ള ആറിനം വിത്തിനങ്ങളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. നെല്‍ വിത്തുകള്‍, പയര്‍ വിത്തുകള്‍, തക്കാളി വിത്തുകള്‍, വഴുതന വിത്തുകള്‍ എന്നിവ ഇതില്‍ അടങ്ങുന്നു. ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ ഈ വിത്തുകള്‍ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് ഇവ അയച്ചത്. ശുഭാംശു ശുക്ലയാണ് ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്