ബ്ലഡ് മൂണിന്‍റെ പല ചിത്രങ്ങളും വീഡിയോകളും നമ്മള്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും അന്നേ ദിനം ചന്ദ്രോപരിതലത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ആദ്യം, ദൃശ്യങ്ങളില്‍ ഭൂമിക്കും ഇടം
ടെക്സസ്: ലോകം ബ്ലഡ് മൂണിന് (രക്ത ചന്ദ്രന്‍) സാക്ഷ്യംവഹിച്ച ദിനം ചന്ദ്രനില്‍ എങ്ങനെയായിരിക്കും അത് അനുഭവപ്പെട്ടിട്ടുണ്ടാവുക? ആ കൗതുകത്തിന്‍റെ ചുരുളഴിക്കുന്ന വിസ്മയ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുകയാണ് ഫയര്‍ഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. പൂര്‍ണ ചന്ദ്രഗ്രഹണ ദിവസം സൂര്യനെ മറച്ച ഭൂമി ഇരുള്‍ പരത്തിയതാണ് ബ്ലൂ ഗോസ്റ്റിലെ ക്യാമറക്കണ്ണ് ചന്ദ്രോപരിതലത്തില്‍ നിന്ന് ഒപ്പിയെടുത്തത്.
മേര്‍ ക്രിസിയം തടത്തില്‍ നിന്ന് പൂര്‍ണ ചന്ദ്രഗ്രഹണത്തിന്‍റെ ചിത്രവും വീഡിയോയും ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ് ഫയര്‍ഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. ഗ്രഹണ സമയത്ത് സൂര്യനെ മറയ്ച്ചിരിക്കുന്ന ഭൂമിയുടെ മനോഹര ചിത്രം ബ്ലൂ ഗോസ്റ്റിലെ ക്യാമറ പകര്‍ത്തി. സെന്‍ട്രല്‍ ഡേലൈറ്റ് ടൈം രാവിലെ 3.30നാണ് ഈ ഫോട്ടോ പേടകത്തിലെ ക്യാമറ പകര്‍ത്തിയത്. ഭൂമിക്ക് പിന്നില്‍ നിന്ന് ഉദിച്ചുയരുന്ന സൂര്യന്‍ ഭൂമിക്ക് 'ഡയമണ്ട് വളയം' സമ്മാനിച്ചിരിക്കുന്നത് ചിത്രത്തെ ആകര്‍ഷകമാകുന്നു.
ഇത് കൂടാതെ ബ്ലൂ ഗോസ്റ്റ് പകര്‍ത്തിയ ബ്ലഡ് മൂണ്‍ ദിനത്തിന്‍റെ വീഡിയോയും ഫയര്‍ഫ്ലൈ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്ലൂ ഗോസ്റ്റ് ചുവപ്പണിഞ്ഞു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഫയര്‍ഫ്ലൈ പങ്കുവെച്ചത്.
ബ്ലൂ ഗോസ്റ്റ് ലാൻഡർ
സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ അയച്ചിരിക്കുന്നത്. 2025 മാര്‍ച്ച് രണ്ടിന് ചന്ദ്രന്‍റെ വടക്കുകിഴക്കൻ മേഖലയിലെ വിശാലമായ തടമായ മേര്‍ ക്രിസിയത്തിലെ കൊടുമുടിയായ മോൺസ് ലാട്രെയ്‌ലിന് സമീപം ബ്ലൂ ഗോസ്റ്റ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. വിക്ഷേപിച്ച ശേഷം 45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. നാസയുടെ പത്ത് പേലോഡുകള്‍ ദൗത്യത്തിന്‍റെ ഭാഗമാണ്. ചന്ദ്രനില്‍ നിന്ന് ആദ്യ സൂര്യോദയത്തിന്‍റെ ഫോട്ടോ ദിവസങ്ങള്‍ മുമ്പ് ബ്ലൂ ഗോസ്റ്റ് ഭൂമിയിലേക്ക് അയച്ചിരുന്നു.
2025 ജനുവരി 15ന് നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സ് അയച്ച ഇരട്ട ചാന്ദ്ര പര്യവേഷണ ആളില്ലാ പേടകങ്ങളിലൊന്നാണ് ബ്ലൂ ഗോസ്റ്റ്. ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
