ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിലാണ് ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 ദൗത്യ സംഘത്തിന്‍റെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍

ഹൂസ്റ്റണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) 18 ദിവസം ചെലവഴിച്ച് ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 സഞ്ചാരികളെ കാത്തിരിക്കുന്നത് ഏഴ് ദിവസത്തെ നിരീക്ഷണ കാലയളവ്. ആക്സിയം 4 ദൗത്യ സംഘം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കാലിഫോർണിയക്കടുത്ത് കടലിൽ ഇറങ്ങിയാൽ തുടർന്ന് സ്പേസ്എക്‌സിന്‍റെ റിക്കവറി കപ്പല്‍ അവരെ തീരത്തേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഒരാഴ്‌ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന് ഇവര്‍ വിധേയരാകും.

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്.

ആക്‌സിയം 4 സംഘാംഗങ്ങളുടെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിലാണ്. അവിടെ യാത്രികർ ഒരാഴ്ച വിശ്രമിക്കും. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം. നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി മെഡിക്കൽ, മാനസിക വിലയിരുത്തലുകൾ നടത്തും.

ജോൺസൺ സ്‌പേസ് സെന്‍ററില്‍ നാസയുടെ മെഡിക്കല്‍ സംഘത്തിന് പുറമെ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്‌ധരും ശുഭാംശുവിന്‍റെ ആരോഗ്യനില നിരീക്ഷിക്കാനുണ്ടാകും. മടങ്ങിയെത്തുന്ന നാല് ആക്സിയം യാത്രികരും ഫിസിക്കല്‍ തെറാപ്പിയടക്കമുള്ള ആരോഗ്യ പരിശീലനങ്ങള്‍ക്ക് വിധേയരാകും. മസിലുകളുടെ കരുത്തും ചലനശേഷിയും എല്ലുകളുടെ ആരോഗ്യവും അടക്കം വീണ്ടെടുക്കുന്നതിനാണിത്.

ഏഴ് ദിവസത്തെ റീഹാബിലിറ്റേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ശുഭാംശു അടക്കമുള്ളവര്‍ക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി ലഭിക്കും. ഏഴ് ദിവസത്തെ നിരീക്ഷണ കാലയളവിൽ തന്നെ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യാനുഭവത്തെക്കുറിച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചും വിശദീകരിക്കും എന്നാണ് പ്രതീക്ഷ. ഭാവി ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ആക്‌സിയത്തിനും ഐഎസ്ആർഒയ്ക്കും ഈ വിവരങ്ങള്‍ സഹായകമാകും.

ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണം കുറവാണ് എന്നതിനാല്‍ ബഹിരാകാശ സഞ്ചാരികളുടെ ചർമ്മം, അസ്ഥി, പേശി, രോഗപ്രതിരോധ സംവിധാനം, സന്തുലിതാവസ്ഥ, ഹൃദയ സംവിധാനം എന്നിങ്ങനെ ഒട്ടനവധി ശാരീരിക വ്യവസ്ഥകളെ സ്പേസ് ദൗത്യം ബാധിക്കാറുണ്ട്. ബഹിരാകാശത്ത് രണ്ടാഴ്‌ച ചിലവഴിച്ച ശേഷമാണ് മടങ്ങിവരവെങ്കിലും ശുഭാംശു ശുക്ലയുടെ കാര്യത്തിൽ 'പ്രത്യേക മുൻകരുതലുകൾ' ഒന്നും ആവശ്യമില്ലെന്ന് നാസയിലെ വിദഗ്ധര്‍ പറയുന്നു. തിരിച്ചുവരുന്ന ഏതൊരു ബഹിരാകാശ യാത്രികരെയും പോലെ, ഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള നിശ്ചിത കാലയളവ് അദേഹത്തിന് വേണ്ടിവരുമെന്ന് മാത്രം. ബഹിരാകാശ യാത്രികരുടെ ആരോഗ്യാവസ്ഥയും പുനരധിവാസവും ഓരോ യാത്രികരെയും സംബന്ധിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നാണ് നാസയിലെ വിദഗ്‌ധരുടെ വാക്കുകള്‍.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News