താല്‍ക്കാലിക നിയമനമെങ്കിലും 1958ല്‍ സ്ഥാപിതമായ നാസയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ജാനെറ്റ് പെട്രോ  

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റയുടന്‍ നാസയ്ക്ക് പുതിയ ഇടക്കാല അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. 'ജാനെറ്റ് ഇ പെട്രോ'യാണ് നാസയില്‍ ബില്‍ നെല്‍സണിന്‍റെ പിന്‍ഗാമി. ഏഴ് പതിറ്റാണ്ടോളം നീണ്ട നാസയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയെ നയിക്കാന്‍ ചുമതലയേല്‍ക്കുന്നത്. 

ആരാണ് ജാനെറ്റ് പെട്രോ?

ഇപ്പോഴത്തേത് താല്‍ക്കാലിക നിയമനാണെങ്കിലും 1958ല്‍ സ്ഥാപിതമായ നാസയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ജാനെറ്റ് പെട്രോ. നാസയുടെ 14-ാം തലവനായിരുന്ന ബില്‍ നെല്‍സണിന്‍റെ പിന്‍ഗാമിയായാണ് ഡോണള്‍ഡ് ട്രംപ് രണ്ടാംവട്ടം അധികാരമേറ്റയുടന്‍ ജാനെറ്റ് പെട്രോയുടെ നിയമനം. നാസയുടെ എല്ലാ പരിപാടികളും ബജറ്റും നിയന്ത്രിക്കുക ഇനി ജാനെറ്റായിരിക്കും. 

അമേരിക്കന്‍ എഞ്ചിനീയറും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമാണ് ജാനെറ്റ് ഇ പെട്രോ. നാസയുടെ ഫ്ലോറിഡയിലെ ജോണ്‍ എഫ് കെന്നഡി സ്പേസ് സെന്‍ററിന്‍റെ 11-ാം ഡയറക്ടറായി സേവനം ചെയ്തു വരികയായിരുന്നു ജാനെറ്റ് പെട്രോ. സ്ഥാനമൊഴിയുന്ന ബില്‍ നെല്‍സണ്‍ 2021 ജൂണ്‍ 30നാണ് ജാനെറ്റിനെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന്‍റെ തലവയാക്കിയത്. അതിനും മുമ്പ് കെന്നഡി സ്പേസ് സെന്‍ററിന്‍റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. 

Read more: ചരിത്രമെഴുതി സ്പേസ് എക്‌സ്; ചന്ദ്രനിലേക്ക് രണ്ട് ലാന്‍ഡറുകള്‍ ഒരുമിച്ച് വിക്ഷേപിച്ചു

അമേരിക്കയിലെ മിലിട്ടറി അക്കാഡമിയില്‍ നിന്നായിരുന്നു ജാനെറ്റ് പെട്രോ എഞ്ചിനീയറിംഗ് ബിരുദം നേടിയത്. ഇതിന് ശേഷം യുഎസ് ആര്‍മിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി സേവനം തുടങ്ങി. യുഎസ് ആര്‍മിയുടെ ഏവിയേഷന്‍ ബ്രാഞ്ചിന്‍റെ ചുമതലയിലിരിക്കേ ഹെലികോപ്റ്ററുകള്‍ പറത്തിയിട്ടുള്ള ജാനെറ്റ് ട്രൂപ്പുകളെ ജര്‍മന്‍ ദൗത്യത്തില്‍ നയിക്കുകയും ചെയ്തു. മിലിട്ടറി സേവനത്തിന് ശേഷം വിവിധ മാനേജ്‌മെന്‍റ് സ്ഥാനങ്ങള്‍ വഹിച്ചു. നാസയില്‍ ചേരും മുമ്പ് മക്‌ഡോണല്‍ ഡഗ്ലസ് എയ്റോസ്പേസ് കോര്‍പ്പറേഷനില്‍ മെക്കാനിക്കല്‍ എഞ്ചിനീയറും പേലോഡ് സ്പെഷ്യലിസ്റ്റുമായി പ്രവര്‍ത്തിച്ചു. 

2018ല്‍ ജാനെറ്റ് ഇ പെട്രോയെ ഫ്ലോറിഡ ഗവര്‍ണര്‍, ഫ്ലോറിഡ വിമണ്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. നാസ ബഹിരാകാശ, ഗ്രഹാന്തര പര്യവേഷണങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന കാലയളവിലാണ് ജാനെറ്റ് പെട്രോ നാസയുടെ തലപ്പത്തേക്ക് എത്തുന്നത്. രണ്ടാം ട്രംപ് സര്‍ക്കാരിന് കീഴില്‍ നാസയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും എന്നത് വലിയ ആകാംക്ഷയാണ്. 

Read more: 10 കോടി നക്ഷത്രങ്ങള്‍; ആന്‍ഡ്രോമീഡ ഗാലക്സിയുടെ ഏറ്റവും വിശദമായ ചിത്രം പകര്‍ത്തി ഹബിള്‍ ടെലിസ്കോപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം