സുഖകരമായി മെത്തയില്‍ ഉറങ്ങാന്‍ മനുഷ്യന്‍ എക്കാലത്തും കൊതിച്ചിരുന്നു. ആധുനിക യുഗത്തില്‍ മാത്രമല്ല ശിലായുഗത്തില്‍ വരെ അങ്ങനെയായിരുന്നെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. അത്തരത്തിലൊരു കിടക്കയ്ക്ക് രണ്ടു ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നത് അമ്പരപ്പിക്കുന്നു. കാലനിര്‍ണയത്തിനു വേണ്ടി നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഈ കട്ടില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. പുല്ലും ചാരവും ചേര്‍ന്ന രൂപത്തിലാണ് ഇതു കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കും സ്വാസിലാന്‍ഡിനുമിടയിലുള്ള അതിര്‍ത്തിക്കടുത്തുള്ള ഗുഹയില്‍ 230,000 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാപിച്ചുകിടക്കുന്ന മനുഷ്യ അധിനിവേശത്തിന്റെ രേഖകള്‍ അടങ്ങിയിരിക്കുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. ഇവിടെയുള്ള അധിനിവേശ വംശജര്‍ കിടക്കകള്‍ക്കായി പലതരം ഇലകളുള്ള പുല്ലുകള്‍ ഉപയോഗിച്ചതായി അവര്‍ കണ്ടെത്തി. ഇത്തരം പുല്ലുകള്‍ ഗുഹയുടെ മുന്‍പില്‍ ഇപ്പോഴും വളരുകയാണ്. കിഴക്കന്‍ ആഫ്രിക്കയില്‍ ഇഴജന്തുക്കളെ അകറ്റാന്‍ ഉപയോഗിക്കുന്ന സുഗന്ധമുള്ള ചെടിയായ കര്‍പ്പൂര്‍ ബുഷിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും ഗുഹയ്ക്കുള്ളില്‍ ഗവേഷകര്‍ കണ്ടെത്തി. 

ജോഹന്നാസ്ബര്‍ഗിലെ വിറ്റ്സ് യൂണിവേഴ്സിറ്റിയുടെ എവല്യൂഷണറി സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുരാവസ്തു ഗവേഷകനായ ഡോ. ലിന്‍ വാഡ്ലി പറഞ്ഞു, ശിലായുഗത്തിലെ മനുഷ്യന്റെ കിടക്കയ്ക്കൊപ്പം, അവര്‍ ശിലായുധങ്ങളും ഒരുപക്ഷേ, ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള നിറങ്ങളിലുള്ള വസ്തുക്കളും ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടക്കുന്നു, അദ്ദേഹം പറഞ്ഞു.

ബോര്‍ഡര്‍ കേവ് സൈറ്റില്‍ നിന്നുള്ള ഫോസിലൈസ് ചെയ്ത പുല്ലിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ ശാസ്ത്രജ്ഞര്‍ മൈക്രോസ്‌കോപ്പിക്, കെമിക്കല്‍ വിശകലനം എന്നിവ ഉള്‍പ്പെടുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു. ഏകദേശം 100,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശിലായുഗ മനുഷ്യരുടെ വൈജ്ഞാനിക, പെരുമാറ്റ, സാമൂഹിക സങ്കീര്‍ണ്ണതയ്ക്കുള്ള ആദ്യകാല സാധ്യതകള്‍ ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. അതിര്‍ത്തി ഗുഹയില്‍ കണ്ട ലളിതമായതും ആഴത്തിലുള്ള തന്ത്രങ്ങളും ഭൂതകാലത്തിലെ ആളുകളുടെ ജീവിത രീതികളെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു.