ഈ അപൂര്‍വ ഛിന്നഗ്രഹത്തിന്‍റെ മൂല്യം 10,026,000,000,000,000,000 ഡോളറായാണ് കണക്കാക്കുന്നത്, കൂടുതലായി അറിയാനുള്ള ശ്രമങ്ങളില്‍ നാസ 

ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ കഴിവുള്ള ഒരു നിധി ബഹിരാകാശത്തുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ? സയന്‍സ് ഫിക്ഷന്‍ സിനിമയുടെ കഥയോ നോവലോ അല്ല ഇത്. ബഹിരാകാശത്ത് കണ്ടെത്തിയിട്ടുള്ള '16 സൈക്കി' (16 Psyche) എന്ന ഛിന്നഗ്രഹത്തിനാണ് ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ കഴിവുള്ളത്. 

സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഭീമന്‍ ഛിന്നഗ്രഹമാണ് 16 സൈക്കി. ഇതുവരെ കണ്ടെത്തിയിട്ടുള്ള നൂറുകണക്കിന് ഛിന്നഗ്രഹങ്ങളേക്കാള്‍ സമ്പത്ത് 16 സൈക്കിയിലുണ്ട് എന്നാണ് അനുമാനം. പൂര്‍ണമായും ലോഹകവചമുള്ള ഈ ഛിന്നഗ്രഹത്തിന്‍റെ അകക്കാമ്പ് നിക്കല്‍, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ്. 225 കിലോമീറ്റര്‍ അഥവാ 140 മൈല്‍ വ്യാസമാണ് 16 സൈക്കിക്ക് കണക്കാക്കുന്നത്. ഇത്രയും വിശാലമായ പ്രദേശത്തിന്‍റെ അന്തര്‍ഭാഗത്ത് അളക്കാനാവാത്ത അളവില്‍ സ്വര്‍ണവും പ്ലാറ്റിനവും ഭൂമിയിലേതിന് സമാനമായ മറ്റനേകം അപൂര്‍വ ലോഹങ്ങളുമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതാണ് സൗരയൂഥത്തിലെ തുറക്കാത്ത നിലവറയായി 16 സൈക്കിയെ ശാസ്ത്രലോകം കണക്കാക്കാനുള്ള കാരണം. ഏകദേശം 10,000 ക്വാഡ്രില്ല്യൺ ഡോളര്‍ (ഒരു ക്വാഡ്രില്ല്യൺ എന്നാൽ ആയിരം ട്രില്ല്യണ് തുല്യം) ആണ് ഈ ഛിന്നഗ്രഹത്തിന്‍റെ മൂല്യം കണക്കാക്കുന്നത്. ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ ഈ സമ്പത്ത് ധാരാളം. 

1852ല്‍ ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ആനിബേല്‍ ഡി ഗാസ്‌പാരീസാണ് അസാധാരണമായ ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് പുരാണങ്ങളിലെ സൈക്കി എന്ന കഥാപാത്രത്തിന്‍റെ ഓര്‍മ്മയ്ക്കാണ് ഛിന്നഗ്രഹത്തിന് ആനിബേല്‍ സൈക്കി എന്ന പേര് നല്‍കിയത്. 

സ്വര്‍ണമടക്കമുള്ള ലോഹങ്ങളുടെ അപൂര്‍വ ശേഖരമാണ് 16 സൈക്കി ഛിന്നഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നത് എങ്കിലും അതിനെ ബഹിരാകാശത്ത് വച്ച് കുഴിച്ചെടുക്കുന്നതും ഭൂമിയില്‍ എത്തിക്കുന്നതും എളുപ്പമല്ല എന്ന് നമുക്കറിയാം. എങ്കിലും 16 സൈക്കി ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതലായി പഠിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനായി സൈക്കി എന്ന ബഹിരാകാശ പേടകത്തെ നാസ 2023 ഒക്ടോബറില്‍ അയച്ചിരുന്നു. 3.5 ബില്യണ്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് 2029 ഓഗസ്റ്റില്‍ സൈക്കി പേടകം ഛിന്നഗ്രഹത്തിലെത്തും എന്നാണ് പ്രതീക്ഷ. 

Read more: ഭൂമിയുടെ അച്ചുതണ്ട് 17 വര്‍ഷം കൊണ്ട് 31.5 ഇഞ്ച് ചരിഞ്ഞു! കാരണം ഇന്ത്യക്കാരും, ഭൂഗർഭജല ഉപയോഗം ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം