ത്രില്ലര്‍ സിനിമകളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളികള്‍. സമീപകാലത്ത് ത്രില്ലര്‍ ജോണറിലിറങ്ങിയ ചില ചിത്രങ്ങള്‍ വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുകയാണ്. 'ഡോ. സ്വീറ്റ്ഹാര്‍ട്ട്' എന്ന പേരിലെത്തിയിരിക്കുന്ന ചിത്രം മനോരോഗാശുപത്രിയില്‍ നിന്നുള്ള ഒരു പരമ്പര കൊലയാളിയുടെ രക്ഷപെടലില്‍നിന്ന് ആരംഭിക്കുന്നു. തീര്‍ത്തും അപരിചിതനായ ഹര്‍ഷന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ ഈ സംഭവം എങ്ങനെ ബാധിക്കുന്നുവെന്നാണ് ചിത്രം പരിശോധിക്കുന്നത്.

ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയ സാങ്കേതിക മേഖലകളിലൊക്കെ മികവ് പുലര്‍ത്തിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും അനന്ദു അജന്തകുമാര്‍ ആണ്. സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം ഉപയോഗപ്പെടുത്തിയാണ് രാത്രിയിലെ ഔട്ട്‌ഡോര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അച്യുത് കൃഷ്ണന്‍ ആണ് ഛായാഗ്രഹണം. നോണ്‍ ലീനിയര്‍ രീതിയില്‍ നരേഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ലിനോയ് വര്‍ഗീസ് പാറിടയില്‍ ആണ്. കിരണ്‍ എസ് വിശ്വ, ശരത് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം. അരവിന്ദ് ദീപു, ശ്രീകുമാര്‍ രാമകൃഷ്ണന്‍ , ജെറി മാത്യൂ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സഹസംവിധാനം അരുണ്‍ ചന്ദ്രകുമാര്‍. എ സ്‌ക്വയര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രഞ്ജിത് രാഘവന്‍, അനന്ദു അജന്തകുമാര്‍, അബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.